ബ്രിട്ടണിൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന 2030 മുതൽ നിരോധിക്കുന്നത് സംബന്ധിച്ച നിർണായക പ്രഖ്യാപനം അടുത്തയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തുമെന്ന് ഫിനാൻഷ്യൽ ടൈംസും ബി.ബി.സിയും റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ പദ്ധതിയിട്ടതിനേക്കാൾ അഞ്ച് വർഷം മുമ്പ്തന്നെ നിരോധനം കൊണ്ടുവരാനാണ് തീരുമാനം. അന്തരീക്ഷ മലിനീകരണം കുറക്കലും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കലുമാണ് തീരുമാനത്തിന് പിന്നിൽ.
പ്രകൃതിക്ക് ദോഷം വരുത്തുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പുതിയ പെട്രോൾ^ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കാൻ 2040 മുതലാണ് ബ്രിട്ടൺ ആദ്യം പദ്ധതിയിട്ടത്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി അത് 2035 ആയി മാറ്റി.
അടുത്തയാഴ്ച പാരിസ്ഥിതിക നയത്തെക്കുറിച്ചുള്ള പ്രസംഗത്തിൽ 2030ൽ നിരോധനം വരുന്നത് സംബന്ധിച്ച പ്രഖ്യാപനം ജോൺസൺ നടത്തുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 2035ൽ മാത്രമേ നിരോധിക്കുകയുള്ളൂ. ഫോസിൽ ഇന്ധനത്തിനൊപ്പം ഇലക്ട്രിക് പവർ കൂടി ഉൾപ്പെടുത്തിയാണ് ഇൗ വാഹനങ്ങളുടെ പ്രവർത്തനം.
പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന അവസാനിപ്പിക്കുന്നത് ബ്രിട്ടെൻറ വാഹന വിപണിയിൽ വലിയ മാറ്റമാണുണ്ടാക്കുക. നിലവിൽ രാജ്യത്ത് കാർ വിൽപ്പനയുടെ 73.6 ശതമാനം പെട്രോൾ^ഡീസൽ വാഹനങ്ങളാണെന്ന് കണക്കുകൾ പറയുന്നു. 5.5 ശതമാനം മാത്രമാണ് ഇലക്ട്രിക് കാറുകളുള്ളത്. ബാക്കി ഹൈബ്രിഡ് വാഹനങ്ങളാണ്.
ബ്രിട്ടണ് പുറമെ ലോകത്തിലെ പലരാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ അതിവേഗം മുന്നേറുകയാണ്. ഇതിെൻറ പ്രതിധ്വനിയെന്നോണം ഇന്ത്യൻ റോഡുകളിലും ധാരാളം ഇലക്ട്രിക് കാറുകളും സ്കൂട്ടറുകളും ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.