വാഹനം ഓടുമ്പോഴും ജംഗ്ഷനിൽ നേരെ പോകാനും ഹസാർഡ് ലൈറ്റ് ഉപയോഗിക്കാമോ? നിയമം പറയുന്നത് ഇതാണ്

വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ചയമില്ല. വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്.

വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച്‌ (Triangle symbol) ആണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍, നമ്മുടെ പൊതുനിരത്തുകളിൽ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം.

യാത്രയ്ക്കിടെ റോഡിൽ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം പുറകെ വരുന്ന വാഹനങ്ങൾക്ക് സൂചന നൽകാനാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈൻ മാറ്റം, തിരിവുകൾ തുടങ്ങിയ മറ്റ് അവസരങ്ങളിൽ ഈ സിഗ്നൽ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കും.

റോഡുകൾ ചേരുന്ന ജംഗ്‌ഷനുകളിൽ നേരെ പോകാൻ ഹസാർഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കരുത്. അതുപോലെ നിരത്തുകളിൽ ഹസാർഡ് വാർണിംഗ് ലൈറ്റ് പ്രവർത്തിപ്പിച്ച വാഹനത്തെ കണ്ടാൽ അത് നിർത്തിയിട്ടിരിക്കുകയാണെന്ന് മനസ്സിലാക്കി വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.

തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന്‌ പതിയെ പോകേണ്ട സാഹചര്യമുണ്ടായാൽ (ഭാരം കയറ്റിയ വാഹനങ്ങൾ, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങൾ) ഹസാഡ് വാർണിംഗ് പ്രവർത്തിപ്പിക്കാം. മോട്ടോർ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോൾ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവർത്തിപ്പിക്കരുത്, അല്ലെങ്കിൽ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ട് പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പോഴും, മൂടൽ മഞ്ഞുള്ളപ്പോഴും ഹസാഡ് പ്രവർത്തിപ്പിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്: കേരള പൊലീസ്

Tags:    
News Summary - use the hazard light while driving and going straight to the junction? This is what the law says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.