കാറ് കഴുകുന്ന ജോലിയിൽനിന്ന് പുറത്താക്കി; പ്രതികാരമായി വാഹനങ്ങളിൽ ആസിഡ് ഒഴിച്ച് തൊഴിലാളി -വിഡിയോ

കാറ് കഴുകുന്ന ജോലിയിൽനിന്ന് ഒഴിവാക്കിയതിന് പ്രതികാരമായി വാഹനങ്ങളിൽ ആസിഡ് ഒഴിച്ച് യുവാവ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ നോയിഡ സെക്ടര്‍ 75-ല്‍ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം. യുവാവ് അപാര്‍ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്ത കാറുകളും എസ്‌.യു.വികളും ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വൈറലായ സി.സി.ടി.വി വിഡിയോയില്‍ ഒരാള്‍ അപ്പാര്‍ട്ട്മെന്റിൽ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ആസിഡ് ഒഴിക്കുന്നതായി കാണാം. കുപ്പിയിൽ ആസിഡ് നിറച്ചാണ് ഇയാൾ കാറുകളിൽ ഒഴിച്ചത്. നോയിഡ, മാക്‌സ്ബ്ലിസ് വൈറ്റ് ഹൗസ് സൈാസൈറ്റിയില കാര്‍ ക്ലീനറായിരുന്ന രാംരാജ് (25) ആണ് പ്രതി. ഇയാളായിരുന്നു ഇവിടെയുള്ള അപ്പാർട്ട്മെന്റുകളിലെ താമസക്കാരുടെ വാഹനങ്ങൾ പതിവായി കഴുകിയിരുന്നത്. ഇയാളുടെ സേവനത്തില്‍ ചിലര്‍ അസംതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. രാംരാജിന് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അരിശം മൂത്ത് പ്രതികാരം ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാര്‍ ക്ലീനറായി ജോലി ചെയ്തിരുന്ന രാംരാജ് ആണ് കൃത്യം നിര്‍വഹിച്ചതെന്ന് കാർ ഉടമകൾക്ക് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ രാംരാജിനെ അറസ്റ്റ് ചെയ്തു.

‘പ്രതി രാംരാജ് സൊസൈറ്റിയില്‍ കാര്‍ ക്ലീനറായി ജോലി ചെയ്തിരുന്നു. അവന്റെ സേവനത്തിലും ജോലിയുടെ ജോലിയുടെ ഗുണനിലവാരത്തിലും സൊസൈറ്റിയിലെ ചില താമസക്കാര്‍ തൃപ്തരല്ലാത്തതിനാല്‍ അവര്‍ അവനെ ഒഴിവാക്കാന്‍ തീരുമാനിച്ചു. ബുധനാഴ്ച സൊസൈറ്റിയിലെത്തിയ ഇയാൾ പത്തോളം കാറുകള്‍ ആസിഡ് ഒഴിച്ച് കേടുവരുത്തി’-നോയിഡ സെക്ടര്‍ 113 പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ജിതേന്ദ്ര സിങ് പറഞ്ഞു.

സംഭവത്തിന് ശേഷം ഇയാള്‍ പ്രദേശത്ത് നിന്ന് മുങ്ങിയിരുന്നു. അപാര്‍ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാംരാജിനെ പിന്നീട് അനുനയിപ്പിച്ച് കൊണ്ടുവന്നത്. ഇയാള്‍ക്ക് ആരാണ് ആസിഡ് നല്‍കിയതെന്നതടക്കമുള്ള വിഷയങ്ങള്‍ പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാംരാജ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

Tags:    
News Summary - Video: Angry at being fired, car washer pours acid on 14 cars at Noida high-rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.