'ലോകത്തിലെ ഏറ്റവും വലിയ വിഡ്ഡി; ഇന്ന് രണ്ടുപേരെക്കൂടി കൊന്നു'; ഇലോൺ മസ്കിനെതിരേ രൂക്ഷ വിമർശനം

ടെസ്‍ല കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ ചൈനയിൽ കൊല്ലപ്പെട്ട സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. ടെസ്‍ലയുടെ മോഡൽ വൈ കാറാണ് അപകടത്തിൽ​െപ്പട്ടത്. 'ലോകത്തിലെ ഏറ്റവും വിഡ്ഡി; ഇന്ന് രണ്ടുപേരെക്കൂടി കൊന്നു'എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ഒരാൾ ട്വിറ്ററിൽ കുറിച്ചത്. ഓട്ടോ പൈലറ്റിലെ തകരാറാണ് അപകട കാരണം എന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ചൈനയിലെ ചാവോസോ മേഖലയിലാണ് നിയന്ത്രണം വിട്ട് അമിതവേഗത്തിലോടിയ ടെസ്‌ല മോഡല്‍ വൈ കാര്‍ ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെടുന്നതും അമിതവേഗത്തില്‍ മുന്നോട്ട് കുതിക്കുകയും ചെയ്യുന്നത്. വിവിധ സ്ഥലങ്ങളിലൂടെ വാഹനം അമിതവേഗത്തില്‍ പായുന്നതിന്റെയും മറ്റ് വാഹനങ്ങളില്‍ ഇടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

150 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാര്‍ പാഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. രണ്ട് സൈക്കിളുകളിലും മൂന്ന് മോട്ടോര്‍ സൈക്കിളുകളിലും ഇടിച്ച ശേഷം ഒരു ലോറിയില്‍ ഇടിച്ചാണ് കാര്‍ നില്‍ക്കുന്നതെന്നും വീഡിയോയില്‍ കാണാം. റോഡരികിൽ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും മൂന്നോട്ട് കുതിക്കാന്‍ തുടങ്ങുകയുമായിരുന്നു. കാര്‍ നിര്‍ത്തുന്നതിനായി ബ്രേക്ക് ചെയ്‌തെങ്കിലും പെഡല്‍ സ്റ്റക്ക് ആയി എന്നാണ് സൂചന.

നിയന്ത്രണം നഷ്ടമായി രണ്ട് കിലോമീറ്ററാണ് കാര്‍ ഓടിയത് ഈ സമയമത്രയും ഡ്രൈവര്‍ ബ്രേക്ക് പെഡലില്‍ അമര്‍ത്തി വാഹനം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. അപകട സമയത്ത് ഡ്രൈവര്‍ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലായിരുന്നെന്ന് പൊലീസും അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നതിനായി മറ്റൊരു ഏജന്‍സിയുടെ സഹായം തേടാനൊരുങ്ങുകയാണ് ​പൊലീസ്.

എന്നാല്‍, അപകടമുണ്ടായ സമയത്ത് ഡ്രൈവര്‍ വാഹനം ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കാറിന്റെ ഡ്രൈവിങ്ങ് ലോഗ് നല്‍കുന്ന സൂചനയെന്നാണ് ടെസ്‌ലയുടെ വിശദീകരണം. വാഹനങ്ങളിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യ എന്ന് വിശേഷിപ്പിക്കാമെങ്കിലും ടെസ്‌ലയ്ക്ക് ഏറ്റവുമധികം തലവേദനയുണ്ടാക്കിയിട്ടുള്ള സംവിധാനമാണ് ഓട്ടോ പൈലറ്റ്. സ്വന്തം നാടായ അമേരിക്കയില്‍ മുമ്പും ഓട്ടോ പൈലറ്റില്‍ വാഹനമോടിച്ച് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയിലെ അപകടവും ഓട്ടോ പൈലറ്റിന്റെ പിഴവിനെ തുടര്‍ന്നാണോയെന്നാണ് അന്വേഷിക്കുന്നത്.

Tags:    
News Summary - Video Shows Tesla Ploughing Through Road In China, Crashing Into Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.