ക്യാപ്റ്റൻ കൂൾ എം.എസ്. ധോണിയുടെ വാഹനകമ്പം പ്രസിദ്ധമാണ്. ആധുനിക വാഹനങ്ങൾക്കൊപ്പം വിേൻറജ് മോഡലുകളും ധോണിയുടെ ഗാരേജിൽ ഇടംപിടിച്ചിട്ടുണ്ട്. കാറുകൾക്കൊപ്പം മോട്ടോർസൈക്കിളുകളുടെയും ശേഖരം അദ്ദേഹത്തിനുണ്ട്. ഹെൽക്യാറ്റ് പോലെ അപൂർവ്വമായ ബൈക്കുകൾ ധോണിക്ക് സ്വന്തമാണ്. ധോണിക്കായി മാറ്റംവരുത്തിയ നിസാൻ ജോങ്കവൺ ടൺ പിക് അപ്പ് ട്രക്ക് നേരത്തേ തന്നെ സൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മെറ്റാലിക് ഗ്രീൻ നിറത്തിൽ തിളങ്ങുന്ന വാഹനം ധോണി സ്വയം ഡ്രൈവ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 2019ലാണ് വീഡിയോ അപ്ലോഡ് ചെയ്തതെങ്കിലും ഇപ്പോഴാണ് ശ്രദ്ധപിടിച്ചുപറ്റിയത്.
വീഡിയോയിൽ, വാഹനം ഒാടിക്കുന്ന ധോണിയെ കാണാനാകും. മറ്റ് വാഹനങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന റോഡ് പ്രസൻസാണ് ജോങ്കയുടെ പ്രത്യേകത. പഞ്ചാബിലെ നകോദർ ആസ്ഥാനമായുള്ള എസ്.ഡി കാർ ആണ് ധോണിക്കായി വാഹനം പുതുക്കി നിർമിച്ചത്. ജോങ്ക ട്രക്കുകൾ പുനർനിർമിക്കുന്നതിൽ വിദഗ്ദ്ധരാണ് എസ്.ഡി കാർ.
17 ഇഞ്ച് ഒാഫ് റോഡ് ടയറുകളാണ് വാഹനത്തിന് ഉപയോഗിച്ചിരിക്കുന്നത്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, ഇൻഡിപെൻഡൻറ് സസ്‌പെൻഷൻ, ഇലക്ട്രോണിക് വിഞ്ച് തുടങ്ങിയവ എസ്‌യുവിക്ക് ലഭിക്കുന്നു. ഒറിജിനൽ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. പുറത്തുനിന്ന് നോക്കിയാൽ, എസ്‌യുവി അല്ലെങ്കിൽ പിക്കപ്പ് ട്രക്കിന് റെട്രോ ലുക്ക് ഉണ്ട്, പക്ഷേ, അകത്ത് കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്.ഇൻറീരിയറുകൾ പൂർണമായും പുനർ നിർമിച്ചിട്ടുണ്ട്.
ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, എസി, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻറ് സ്ക്രീൻ, പവർ വിൻഡോകൾ, പവർ സ്റ്റിയറിംഗ് എന്നിവയും വാഹനത്തിലുണ്ട്. ഹമ്മർ എച്ച് 2, ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്ക്, പോണ്ടിയാക് ഫയർബേർഡ് ട്രാൻസ്ആം, 1969 ഫോർഡ് മസ്റ്റാങ്, റോൾ റോയ്സ് സിൽവർ റെയ്ത്ത് II, ഹെൽകാറ്റ് എക്സ് 132, യമഹ ആർഡി 350, ബിഎസ്എ ഗോൾഡ്സ്റ്റാർ, കവാസാക്കി നിൻജ എച്ച് 2 തുടങ്ങിയവ അദ്ദേഹത്തിെൻറ ഗാരേജിലെ ചില വാഹനങ്ങളാണ്.
ഇന്ത്യൻ സൈന്യത്തിനായി നിർമിച്ച ജോംഗ ട്രക്കുകൾ നിസാെൻറ പട്രോൾ 60 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്യം ജാപ്പനീസ് സൈന്യമാണ് ഇവ ഉപയോഗിച്ചിരുന്നത്. 1951 ആയപ്പോഴേക്കും നിസ്സാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് പട്രോൾ കയറ്റുമതി ചെയ്യാൻ തുടങ്ങി.1960 കളോടെ ഇന്ത്യൻ കരസേന സൈനിക ആവശ്യങ്ങൾക്കായി വാഹനം മാറ്റിപ്പണിയാൻ തീരുമാനിച്ചു.
നിസ്സാന്റെ 1 ടൺ കാരിയർ (ധോണി വാങ്ങിയത്), 3 ടൺ ശക്തിമാൻ ട്രക്ക് എന്നിവയ്‌ക്കൊപ്പം ജോംഗയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതവുമായി നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. നിർമാണ പ്ലാൻറായ ജബൽപൂർ ഓർഡനൻസ് എഎൻഡി ഗൺകാരേജ് അസംബ്ലിയിൽ നിന്നാണ് ജോംഗ എന്ന പേര് വാഹനത്തിന് ലഭിച്ചത്. സൈനിക സേവനത്തിന് ശേഷം ലേലംചെയ്ത് വിറ്റ വാഹനമാണ് ധോണിക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.