ഡ്രൈവർമാരുടെ എന്നത്തേയും വലിയ വെല്ലുവിളികളിൽ ഒന്നാണ് ചെറിയ ഇടങ്ങളിൽ പാർക്ക് ചെയ്യുകയെന്നത്. റോഡിൽ ഓടിച്ചുപോകുന്നതിനേക്കാൾ വൈദഗ്ധ്യം വേണ്ട കലയാണിത്, പ്രത്യേകിച്ചും രണ്ട് വാഹനങ്ങൾക്ക് ഇടയിൽ പാർക്ക് ചെയ്യേണ്ടിവരുമ്പോൾ. മുന്നിലും പിന്നിലുമുള്ള വാഹനങ്ങളില്‍ നിന്ന് പരമാവധി കുറഞ്ഞ അകലത്തില്‍ പാര്‍ക്കു ചെയ്യാനാകുമെന്ന കഴിവിന് ഗിന്നസ് വേള്‍ഡ് റെക്കോർഡിന്റെ അംഗീകാരം പോലുമുണ്ട്. ഏറ്റവും കുറഞ്ഞ അകലത്തില്‍ ഇലക്ട്രിക് കാര്‍ പാര്‍ക്ക് ചെയ്തതിന്റെ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്റ്റണ്ട് ഡ്രൈവറും പ്രിസിഷൻ ഡ്രൈവിങ് വിദഗ്ധനുമായ പോൾ സ്വിഫ്റ്റ്.
ബ്രിട്ടീഷ് കാര്‍ ഷോയുടെ ആദ്യ ദിനത്തിലാണ് പോള്‍ സ്വിഫ്റ്റിന്റെ പ്രകടനം നടന്നത്. പാര്‍ക്കു ചെയ്ത കാറും മറ്റു കാറുകള്‍ക്കുമിടയില്‍ ആകെ 13.8 ഇഞ്ച് മാത്രമായിരുന്നു അകലം. ഈ റെക്കോർഡുകൊണ്ടു മാത്രം തൃപ്തിപ്പെട്ടില്ല പോള്‍ സ്വിഫ്റ്റ്. ഷോയുടെ നാലാം ദിനത്തില്‍ വീണ്ടുമൊരു റെക്കോർഡു ശ്രമം കൂടി പോള്‍ നടത്തി. ഇത്തവണ 11.8 ഇഞ്ച് മാത്രമായിരുന്നു പാര്‍ക്കു ചെയ്ത കാറും മറ്റു കാറുകളും തമ്മിലുള്ള അകലം. 'ഞാനൊരു ഇലപോലെ വിറക്കുകയായിരുന്നു' രണ്ടാം റെക്കോഡ് ശ്രമത്തിനു ശേഷമുള്ള തന്റെ അവസ്ഥയെ പോള്‍ സ്വിഫ്റ്റ് അങ്ങനെയാണ് വിശേഷിപ്പിച്ചത്.
ഈ റെക്കോർഡ് തന്റെ പേരില്‍ ഉറപ്പിച്ച ശേഷം പോള്‍ സ്വിഫ്റ്റ് മറ്റൊരു റെക്കോർഡിനു കൂടി ശ്രമിച്ചു. ഇക്കുറി ഒറ്റ ചക്രത്തില്‍ വട്ടം കറങ്ങുന്ന ബൈക്കിനു ചുറ്റും എത്ര തവണ അതിവേഗം കറങ്ങുമെന്നതായിരുന്നു റെക്കോർഡ് ശ്രമം. എട്ട് തവണയാണ് പോള്‍ സ്വിഫ്റ്റിന്റെ ഫോര്‍ഡ് മഷ്താഗ് ബൈക്കിന് ചുറ്റും വേഗത്തില്‍ കറങ്ങിയത്. ഈ ലോക റെക്കോർഡ് പിന്നീട് പത്തു തവണയാക്കി പോള്‍ തിരുത്തുകയും ചെയ്തു.
പാര്‍ക്കിങ്ങിലുള്ള കഴിവ് തെളിയിക്കുകയെന്നാല്‍ അത്ര എളുപ്പമൊന്നുമല്ല. മുന്നോട്ടും പിന്നോട്ടുമൊക്കെ എടുത്ത് സാവകാശം പാര്‍ക്ക് ചെയ്യാനൊന്നും ഗിന്നസ് അധികൃതര്‍ അനുമതി നല്‍കുന്നില്ല. വേഗത്തില്‍ വന്ന് ഒരൊറ്റ ബ്രേക്കില്‍ രണ്ടു കാറുകള്‍ക്കിടയിലേക്ക് നമ്മുടെ കാര്‍ കയറിയിരിക്കണം. ഇതിനൊക്കെയായി മൂന്നേ മൂന്ന് സെക്കന്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മാത്രമല്ല മുന്നിലേയും പിന്നിലേയും കാറുകളുടെ വരിയില്‍ നിന്നും മാറിപ്പോവുന്നില്ലെന്ന് അളന്ന് ഉറപ്പിക്കേണ്ടതുണ്ട്.
'രണ്ട് കാറുകള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ അകലത്തില്‍ പാര്‍ക്കു ചെയ്യുകയെന്നതാണ് വെല്ലുവിളി. ഒരേ നിരയില്‍ ഇങ്ങനെ കാര്‍ പാര്‍ക്കു ചെയ്യുന്നതിന് അസാമാന്യ ഡ്രൈവിങ് വൈദഗ്ധ്യം വേണം' ഗിന്നസ് വേള്‍ഡ് റെക്കോർഡ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മിനി കൂപ്പര്‍കാറുകള്‍ക്കിടയിലേക്കാണ് ഇലക്ട്രിക് കാര്‍ പോള്‍ സ്വിഫ്റ്റ് ഡ്രിഫ്റ്റു ചെയ്തു കയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.