യുവ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലിന്റെ ഡ്രൈവിങ്ങിനെ കളിയാക്കി യുവരാജ് സിങ്. ഗില്ലിന്റെ ജന്മദിനത്തോടനുബന്ധിച്ച് പങ്കുവച്ച് വിഡിയോയിലാണ് യുവി, സുഹൃത്തുകൂടിയായ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗത്തെ ട്രോളിയത്. ശുഭ്മാൻ ഗില്ലിന്റെ ജന്മദിനത്തിൽ നിരവധി ക്രിക്കറ്റ് താരങ്ങളും ആരാധകരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു. ഇതോടൊപ്പമാണ് യുവരാജ് സിങ് തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ വിഡിയോ പങ്കുവച്ചത്.
മൊഹാലിയിലെ തന്റെ വീടിന് പുറത്തുനിൽക്കുന്ന യുവരാജ് സിങ്ങിനെയാണ് വിഡിയോയിൽ കാണുന്നത്. ശുഭ്മാൻ ഗിൽ തന്റെ റേഞ്ച് റോവർ വെലാർ ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗില്ലിന് തന്റെ പുതിയ എസ്.യു.വി അങ്ങോട്ടും ഇങ്ങോട്ടും തിരിക്കാനറിയില്ലെന്നും അങ്ങ് ദൂരെ പോയി യു-ടേൺ എടുത്ത് അടുത്തേക്ക് മടങ്ങുകയാണെന്ന് യുവരാജ് വിശദീകരിക്കുന്നുണ്ട്. 'ജന്മദിൻ മുബാറക് ശുഭ്മൻ ഗിൽ. നിന്റെ റോഡിലെ ഡ്രൈവിങ് സ്കില്ലിനേക്കാൾ മികച്ചത് പിച്ചിലേതാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്'-യുവരാജ് വിഡിയോക്കൊപ്പം കുറിച്ചു.
അടുത്തിടെയാണ് ശുഭ്മൻ ഗിൽ റേഞ്ച് റോവർ വെലാർ സ്വന്തമാക്കിയത്. ഏകദേശം ഒരു കോടി രൂപയാണ് വെലാറിന്റെ ഓൺറോഡ് വില. 2.0 ലിറ്റർ ഫോർ സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് ഡീസൽ എഞ്ചിനാണ് വെലാറിന് കരുത്തേകുന്നത്. ഇത് പരമാവധി 204 പിഎസ് കരുത്തും 430 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. പെട്രോൾ വേരിയന്റുകളിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് യൂനിറ്റും ലഭിക്കും. പരമാവധി 250 പിഎസ് പവർ ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നു.ജാഗ്വാർ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ആക്റ്റീവ് റോഡ് നോയ്സ് ക്യാൻസലേഷൻ സിസ്റ്റം എന്നിവയുള്ള ഒരു ആഡംബര എസ്‌യുവിയാണിത്. ക്രിക്കറ്റിൽ അണ്ടർ 19 കളിക്കാരനായി കരിയർ ആരംഭിച്ച ശുഭ്മാൻ ഗിൽ ആഭ്യന്തര സർക്യൂട്ടുകളും ഐപിഎല്ലും വഴിയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.