ട്രയംഫ്​ 400ന്​ 3.38 ലക്ഷം രൂപ എക്സ്​ ഷോറൂം വില; പ്രചരിക്കുന്ന വാർത്തയിലെ സത്യം വെളിപ്പെടുത്തി ബജാജ്​

ട്രയംഫ് ബജാജ്​ കൂട്ടുകെട്ടിൽ കഴിഞ്ഞ ദിവസം പുതിയ രണ്ട്​ മോട്ടോർ സൈക്കിളുകൾ പുറത്തിറക്കിയിരുന്നു. സ്പീഡ് 400, സ്ക്രാംബ്ലർ 400 എക്സ്​ എന്നീ ബൈക്കുകളിൽ സ്പീഡ്​ 400ന്‍റെ വില മാത്രമാണ്​ ട്രയംഫ്​ പ്രഖ്യാപിച്ചത്​. 2.23 ലക്ഷം എക്സ്​ഷോറും വിലയിട്ട ബൈക്ക്​ വിലക്കുറവിന്‍റെ കാര്യത്തിൽ ഏവരേയും ആകർഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനുപിന്നാലെ പ്രചരിച്ച്​ ഒരു സ്ക്രീൻഷോട്ടിൽ ട്രയംഫിന്‍റെ ഓൺറോഡ്​ വില 3,38,598 എന്നാണ്​ കാണിച്ചിരുന്നത്​. സ്ക്രീൻഷോട്ട്​ വൈറലായതോടെ വിശദീകരണവുമായി ബജാജ്​ തന്നെ രംഗത്തുവന്നിരിക്കുകയാണ്​.

ദക്ഷിണേന്ത്യയിലെ ട്രയംഫ് ഇന്ത്യ ഡീലര്‍ഷിപ്പുകളിലൊന്നില്‍ നിന്നുള്ള സ്പീഡ് 400-ന്റെ ഓണ്‍ റോഡ് വില എന്ന്​ സൂചിപ്പിക്കുന്ന സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്​. ആകര്‍ഷകമായ വിലയില്‍ മോട്ടോര്‍സൈക്കിള്‍ വീട്ടിലെത്തിക്കാന്‍ കൊതിച്ച ഉപഭോക്താക്കള്‍ ഇത് കണ്ട് നെറ്റി ചുളിച്ചു. എന്നാല്‍ വൈറല്‍ ചിത്രത്തില്‍ ട്രയംഫ് ഡീലര്‍ഷിപ്പ് 46,553 രൂപ റോഡ് ടാക്‌സ് ഇനത്തിലും 3,937 രജിസ്‌ട്രേഷന്‍ ഇനത്തിലും കാണിച്ചിട്ടുണ്ട്. ഇതിന് പുറമെ ഡെലിവറി ചാര്‍ജായി 17,000 രൂപയും ഇന്‍ട്രോ കിറ്റിനായി 8500 രൂപയുമാണ് ആവശ്യപ്പെടുന്നത്. ഇതെല്ലാം കൂടി ചേര്‍ക്കുന്നതോടെ ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിള്‍ നിരത്തിലെത്തിക്കാന്‍ 3,38,598 രൂപ മുടക്കേണ്ടി വരുമെന്നാണ് പ്രചരണം നടന്നത്​.

ബജാജിന്‍റെ വിശദീകരണം

ട്രയംഫ് സ്പീഡ് 400 മോട്ടോര്‍ സൈക്കിളിന്റെ ഔദ്യോഗിക ഓണ്‍ റോഡ് പ്രൈസ് മാര്‍ഗനിര്‍ദേശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നുമാണ് ബജാജ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. ഓരോ സംസ്ഥാനത്തിനും അനുസൃതമായ ഓണ്‍ റോഡ് വില ഡെലിവറിയോട് അടുത്ത് പ്രഖ്യാപിക്കുമെന്നും ബജാജ് അറിയിച്ചു.സ്‌ക്രീന്‍ഷോട്ടില്‍ കാണിച്ച ഇന്‍ട്രോ കിറ്റില്‍ എന്തെല്ലാം ഉണ്ടെന്നും ഡെലിവറി ചാര്‍ജ് എത്ര വരുമെന്ന കാര്യത്തിലുമെല്ലാം ജൂലൈ 10 ആകുന്നതോടെ ട്രയംഫ് വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷ. അന്ന് അവര്‍ ഔദ്യോഗികമായ സംസ്ഥാനം തിരിച്ച് ഓണ്‍റോഡ് വില പങ്കുവെക്കുമെന്ന് കരുതുന്നു.

ട്രയംഫിന്‍റെ രണ്ട് 400 സിസി ബൈക്കുകളും പുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്. ഇതിലെ ലിക്വിഡ് കൂള്‍ഡ്, DOHC, 4-വാല്‍വ്, 400 സിസി എഞ്ചിന്‍ 39.45 bhp പവറും 37.5 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ച് അസിസ്‌റ്റോടുകൂടിയ ആറ്​ സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ട്രാക്ഷന്‍ കണ്‍ട്രോളും ഡ്യുവല്‍ ചാനല്‍ എബിഎസും ഓഫറിലുണ്ട്. എന്നാല്‍ ഇരുബൈക്കുകളുടെയും ട്യൂണിങും പവര്‍ ഡെലിവറിയും വ്യത്യസ്തമായിരിക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - What? Triumph Speed 400 Costs Rs 3.38 Lakh On-road? Exorbitant Delivery and Insurance Charges Stir Debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.