രാജ്യത്ത് വൈദ്യുത വാഹനങ്ങൾക്ക് തീപിടിക്കുന്നത് പതിവ് വാർത്തയാണ്. ഓരോ ആഴ്ച്ചയിലും ഒന്നോ അതിലധികമോ സംഭവങ്ങൾ ഇങ്ങിനെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ച തീപിടിച്ച ടാറ്റ നെക്‌സൺ ഇലക്ട്രിക് എസ്‌യുവി മുതൽ ഒകിനാവ, ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾവരെ ഇതൊരു പ്രതിവാര പ്രതിഭാസമായി മാറിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഇലക്‌ട്രിക് വാഹന ഡീലർഷിപ്പുകൾ പോലും അഗ്നിക്കിരയായതായി വാർത്തകൾ വന്നിരുന്നു.
തുടർന്നാണ് അധികൃതർ കാര്യങ്ങൾ ഗൗരവമായെടുത്തതും വൈദ്യുത വാഹനങ്ങളുടെ തീപിടിത്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതും. ഡിഫൻസ് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്ത്യയെ (ഡിആർഡിഒ) ആണ് അന്വേഷണ ചുമതല ഏൽപ്പിച്ചത്. നിലവിൽ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ പുറത്തുവന്നിട്ടുണ്ട്. ശരിയായ പരീക്ഷണങ്ങളുടെ അഭാവവും കെടുകാര്യസ്ഥതയും മുതൽ മനപ്പൂർവ്വമുള്ള അശ്രദ്ധവരെയാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഡി.ആർ.ഡി.ഒ സംഘം എടുത്തുപറയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.
1.തീപിടിച്ച ഇ.വികളുടെ ബാറ്ററി മാനേജുമെന്റ് സിസ്റ്റം തകരാറിലായിരുന്നു. ബാറ്ററി ഓവർഹീറ്റാകുന്നത് കണ്ടെത്തി പവർ കട്ട് ഓഫ് ചെയ്യാൻ ബി.എം.എസിനാവുന്നില്ല. പ്രധാനമായും ഇവയുടെ സോഫ്റ്റ്വെയറുകൾ തന്നെ കൃത്യമായി പ്രവർത്തിച്ചിരുന്നില്ല. തീപിടിച്ച മിക്ക വാഹനങ്ങളിലും ഇക്കാര്യം പൊതുവായും കണ്ടെത്തിയിട്ടുണ്ട്.
2. ജ്വലന എഞ്ചിനുകളുടേതുപോലുള്ള കൃത്യമായ കൂളിങ് സിസ്റ്റമോ എക്സ്ഹോസ്റ്റ് സംവിധാനമോ ഇ.വികൾക്കില്ല. ഓട്ടത്തിനിടെ ചൂടാകുന്ന ബാറ്ററി സെല്ലുകളെ തണുപ്പിക്കാൻ കഴിയാത്തത് തീപിടിത്തത്തിന് കാരണമായിട്ടുണ്ട്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിലവാരമില്ലാത്ത ബാറ്ററി ഉപയോഗിക്കുന്നതും തീപിടിക്കാൻ കാരണമാണ്.
3. ഇ.വികൾ കൃത്യമായ പരിശോധനകൾക്ക് വിധേയമാകുന്നില്ല. പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ നിർമാണ കമ്പനികൾ പല കുറുക്കുവഴികളും സ്വീകരിക്കുന്നു. തീപിടിത്ത പരിശോധനയിൽ പരാജയപ്പെട്ട ബാറ്ററികൾ തുടർന്നും ഉപയോഗിക്കുന്ന കമ്പനികൾവരെ കൂട്ടത്തിലുണ്ട്. പല വാഹനങ്ങൾക്കും വായുസഞ്ചാര മാർഗങ്ങളൊന്നുംതെന്നയില്ല. ഇന്ത്യൻ സാഹചര്യങ്ങൾക്ക് ചേരാത്ത, നിർമാണ നിലവാരം കുറഞ്ഞ വിദേശ ബാറ്ററികൾ വ്യാപകമായി ഉപയോഗിക്കുന്നു.
റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സർക്കാർ നിർമാണ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിട്ടുണ്ട്. ഒല, ഒകിനാവ ഓട്ടോടെക്, പ്യുര്‍ ഇ.വി തുടങ്ങി പ്രമുഖ കമ്പനികള്‍ക്കെല്ലാം കേന്ദ്രത്തിന്റെ നോട്ടീസ് ലഭിച്ചു. സ്‌കൂട്ടറുകള്‍ കത്തിയ സംഭവത്തില്‍ പിഴ വിധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ അവസാനം വരെ മറുപടി നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്ക് തീപിടിച്ച സംഭവങ്ങളില്‍ കമ്പനികളുടെ ഭാഗത്തു നിന്നു പിഴവുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പിഴയ്ക്ക് പുറമേ സമാനമായ വിഭാഗത്തില്‍ പെട്ട വൈദ്യുതി വാഹനങ്ങള്‍ തിരിച്ചുവിളിച്ച് പിഴവ് പരിഹരിക്കേണ്ടി വരും.
ചൈനീസ് ഇലക്ട്രിക് വാഹന കിറ്റുകളുടെ സുലഭമായ ലഭ്യതയാണ് രാജ്യത്ത് ഇ.വി സ്കൂട്ടർ നിർമാണം വ്യാപകമാകാൻ കാരണം. മേഖലയിൽ കൃത്യമായ മാനദണ്ഡങ്ങളും കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും ഇനിയും വികസിച്ചിട്ടില്ല. 2021 ഡിസംബർ മുതൽ പ്രാബല്യത്തിൽ വന്ന AIS156 സ്റ്റാൻഡേർഡിലൂടെ വൈദ്യുത വാഹനങ്ങൾ സുരക്ഷിതവും കൂടുതൽ വിശ്വസനീയവുമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് തന്നെ രാജ്യത്തെ ലിഥിയം അയൺ ബാറ്ററികള്‍ക്കായി പുതിയ സ്റ്റാന്‍ഡേഡ് പുറത്തിറക്കിയിട്ടുണ്ട്.നീതി ആയോഗ് ഒരു ഓപ്പൺ സോഴ്‌സ് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും (ബിഎംഎസ്) വികസിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളിൽ ഒരാളായ ഒകിനാവ ഇലക്ട്രിക്, ഇൗ സിസ്റ്റം പ്രവർത്തനക്ഷമമാകുന്ന മുറയ്ക്ക് സർക്കാരിന്റെ ബിഎംഎസ് സ്വീകരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.