ലോകത്തെ ആദ്യത്തെ കാർ; മനുഷ്യ സഞ്ചാരത്തിന്‍റെ തലവര മാറ്റിമറിച്ച 135 വർഷങ്ങൾ

മനുഷ്യന്‍റെ അതിജീവനത്തിന്​ അവന്‍റെ സഞ്ചാരവുമായി അഭേദ്യമായ ബന്ധമുണ്ട്​. പ്രതിസന്ധികളിൽനിന്ന്​ മനുഷ്യരാശി എന്നും കരകയറിയിട്ടുള്ളത്​ നീണ്ട സഞ്ചാരപഥങ്ങൾ വെട്ടിത്തെളിച്ചാണ്​. യുദ്ധവും ക്ഷാമവും പകർച്ചവ്യാധിയും മുതൽ മഞ്ഞും കാറ്റും ചൂടുമെല്ലാം മനുഷ്യരെ സഞ്ചാരികളാക്കിയിട്ടുണ്ട്​. ഹോമോസാപ്പിയൻസിന്‍റെ യന്ത്രവത്​കൃത യാത്രകൾ തുടങ്ങിയിട്ട്​ ഒന്നേകാൽ നൂറ്റാണ്ട് പിന്നിടുകയാണ്​. മനുഷ്യ യാത്രകളെ ഇത്രമേൽ മാറ്റിമറിച്ച മറ്റൊരു കണ്ടുപിടിത്തവും പിന്നീട്​ ഉണ്ടായിട്ടില്ല.


തുടക്കം 1880കളിൽ

എല്ലാത്തി​െന്‍റയും തുടക്കം 1880കളിലായിരുന്നു. കാൾ ബെൻസ്​ എന്ന ദീർഘദർശിയായ ജർമൻകാരൻ യന്ത്രത്തിലോടുന്ന വാഹനം നിർമിക്കാനുള്ള ശ്രമത്തിലായിരുന്നു അക്കാലത്ത്​. 1979ൽതന്നെ അദ്ദേഹം ആദ്യത്തെ ഗ്യാസോലിൻ എഞ്ചിൻ കണ്ടുപിടിച്ചിരുന്നു. ഒറ്റ സിലിണ്ടർ രണ്ട്​-സ്ട്രോക്ക് എഞ്ചിനായിരുന്നു അത്​. കുറച്ച് വർഷങ്ങൾക്ക് ശേഷം 1885ൽ കാൾ ബെൻസ് ട്യൂബുലാർ സ്റ്റീൽ ഫ്രെയിം, സിംഗിൾ സിലിണ്ടർ നാല് സ്ട്രോക്ക് എഞ്ചിൻ, ഡിഫറൻഷ്യൽ, മൂന്ന് വയർ-സ്‌പോക്ക്​ വീലുകൾ എന്നിവ ചേർത്ത്​ ഒരു വാഹനം നിർമിച്ചു.


എഞ്ചിന് 58 ക്യുബിക് ഇഞ്ച് മാത്രമായിരുന്നു വലുപ്പം. 0.73 ബിഎച്ച്പി കരുത്തായിരുന്നു വാഹനത്തിന്​. പരമാവധി എഞ്ചിൻ വേഗത 400 ആർപിഎം ആയിരുന്നു. ബെൻസ് മോട്ടോർ കാറിന്‍റെ ഉയർന്ന വേഗത 10 മൈൽ അല്ലെങ്കിൽ 16 കിലോമീറ്ററും ആയിരുന്നു. ഒരു ഓട്ടോമാറ്റിക് ഇൻ‌ടേക്ക് സ്ലൈഡ്, നിയന്ത്രിത എക്‌സ്‌ഹോസ്റ്റ് വാൽവ്, സ്പാർക്ക് പ്ലഗിനൊപ്പം ഉയർന്ന വോൾട്ടേജ് ഇലക്ട്രിക്കൽ വൈബ്രേറ്റർ ഇഗ്നിഷൻ, വാട്ടർ/തെർമോസ് കൂളിംഗ് സംവിധാനം എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിരുന്നു.


ആദ്യ പേറ്റന്‍റ്​

1886 ജനുവരി 29നാണ് കാൾ ബെൻസ് തന്‍റെ കണ്ടുപിടിത്തത്തിന്‍റെ പേറ്റന്‍റിനായി അപേക്ഷിച്ചത്. 'ഗ്യാസ് എഞ്ചിൻ കരുത്തുനൽകുന്ന വാഹനം' എന്ന്​ പറഞ്ഞായിരുന്നു​ പേറ്റന്‍റിനായി അ​േപക്ഷിച്ചത്​. പേറ്റന്‍റ നമ്പർ 37435 ആയിരുന്നു. ലോകത്ത് ആദ്യമായി സൃഷ്ടിക്കപ്പെട്ട ഓട്ടോമൊബൈലിനുള്ള പേറ്റന്‍റ്​ ഇതാണ്. അന്നവിടെ സൃഷ്​ടിക്കപ്പെട്ടത്​ ചരിത്രമാണ്​. 1886 ജൂലൈയിൽ പത്രങ്ങൾ ത്രിചക്ര ബെൻസ് മോട്ടോർ കാറിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. അതിനുശേഷം 135 വർഷങ്ങൾ കടന്നുപോയി. വാഹനമേഖലയിൽ എണ്ണമറ്റ സാങ്കേതിക മുന്നേറ്റങ്ങൾ മനുഷ്യന്​ സാധ്യമായി. ആദ്യത്തെ ഓട്ടോമൊബൈൽ പേറ്റന്‍റ്​ സമർപ്പിച്ച ദിവസത്തിന്‍റെ ഓർമയ്ക്കായി ജനുവരി 29 ഇപ്പോൾ ലോക ഓട്ടോമൊബൈൽ ദിനമായി ആഘോഷിക്കുകയും ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.