ലോക പരിസ്ഥിതി ദിനത്തിൽ രാജ്യത്തെ ഇന്ധനവിൽപ്പനയിൽ കാര്യമായ മാറ്റംവരുത്താനൊരുങ്ങി കേന്ദ്രം. ഇന്ത്യയിൽ വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ അഥവാ ആൾക്കഹോൾ ചേർക്കാനാണ് കേന്ദ്ര വാഹനഗതാഗത ഹൈവേ മന്ത്രാലയത്തിെൻറ നീക്കം. നേരത്തേതന്നെ വിവിധ അളവുകളിൽ പെട്രോളിൽ എഥനോൾ ചേർക്കുന്നുണ്ട്. അത് അതിെൻറ പരമാവധിയായ 20 ശതമാനത്തിൽ എത്തിക്കാനാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം. വരുന്ന 2023 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തുടനീളം ഇത്തരത്തിലുള്ള ഇന്ധനം വിൽക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള എണ്ണക്കമ്പനികൾക്കുള്ള സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നും സൂചനയുണ്ട്.
പെട്രോളുമായി എഥനോൾ ലയിപ്പിക്കുന്നത് വാഹന മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധന ഇറക്കുമതി ലാഭിക്കുന്നതിനും സഹായിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറയുന്നു. പെട്രോളിൽ എഥനോൾ മിശ്രിതത്തിെൻറ അളവ് വർധിപ്പിക്കുന്നതിന് സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. '2020-2025 ഇന്ത്യയിൽ എഥനോൾ ഇന്ധനത്തിനായുള്ള റോഡ് മാപ്പ്' സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. പരമ്പരാഗത ഇന്ധനവില രാജ്യത്ത് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് സർക്കാരിെൻറ പുതിയ നീക്കം. കഴിഞ്ഞ ഏതാനും ആഴ്ചകളായി മുംബൈ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പെട്രോൾ വില 100 രൂപ പിന്നിട്ടിരുന്നു.
നിലവിൽ എഥനോൾ അധിഷ്ഠിത ഇന്ധനം ഉപയോഗിക്കുന്ന പ്രധാനപ്പെട്ട രാജ്യങ്ങളാണ് അമേരിക്കയും, ബ്രസീലും. എഥനോൾ അടിസ്ഥാനമാക്കിയുള്ള പെട്രോൾ കൂടുതൽ മുഖ്യധാരയാക്കാൻ ഇന്ത്യയിലെ കാർ നിർമാതാക്കളോട് ഫ്ലെക്സ് എഞ്ചിനുകൾ ഉത്പാദിപ്പിക്കാൻ നിതിൻ ഗഡ്കരി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഈ എഞ്ചിനുകൾ എഥനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനവുമായി കുടുതൽ പൊരുത്തപ്പെടുമെന്നാണ് വിലയിരുത്തൽ. എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനും വില കുറയ്ക്കുന്നതിനും ഫ്ലെക്സ് ഇന്ധന വാഹനങ്ങൾ സഹായിക്കുമെന്ന് ഗഡ്കരി പറഞ്ഞിരുന്നു. 'ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങിയ വിദേശ കമ്പനികൾ ബ്രസീലിലും അമേരിക്കയിലും ഫ്ലെക്സ് എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. ദില്ലിയിലെ മലിനീകരണം കുറയ്ക്കുന്നതിന്, ഇലക്ട്രിക് വാഹനങ്ങളും ഫ്ലെക്സ് എഞ്ചിൻ ഓപ്ഷൻ ഉള്ള വാഹനങ്ങളും പ്രോത്സാഹിപ്പിക്കും'-മന്ത്രി ഗഡ്കരി പറഞ്ഞു. ഫ്ലെക്സ് ഇന്ധന വാഹനങ്ങൾക്ക് തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രം ഇരുചക്രവാഹനങ്ങൾ 70 ശതമാനത്തിലധികം പെട്രോൾ ഉപയോഗിക്കുന്നുണ്ട്.
എഥനോൾ എന്ന കുരുക്ക്
10 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോൾ ഉപയോഗിക്കുന്നതുതന്നെ വാഹനങ്ങൾക്ക് ദോഷകരമാണെന്ന ആരോപണം ഇതിനകംതന്നെ ഉയർന്നിട്ടുണ്ട്. 10 ശതമാനം എന്ന അനുപാതത്തെപറ്റി ഇന്ധന കമ്പനികൾ പമ്പുടമകളെപോലും മുൻകൂട്ടി അറിയിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബോധവത്കരിക്കാനും നടപടി ഉണ്ടായിരുന്നില്ലയില്ല. എഥനോൾ േചർത്ത പെട്രോളിലും ഡീസലിലും അൽപം വെള്ളം കലർന്നാൽ വാഹനം തകരാറിലാവും. സാധാരണ നിലയിൽ പെട്രോളിലും ഡീസലിലും വെള്ളം കലരാതെ വേറിട്ടു നിൽക്കും. എന്നാൽ, എഥനോൾ േചർന്നാൽ വെള്ളം അതിൽ ലയിക്കും. ഓട്ടോറിക്ഷകളടക്കം വാഹനങ്ങൾ ഇങ്ങനെ തകരാറിലായതായി വ്യാപകമായ പരാതി ഉയർന്നിരുന്നു.
വില കുറയുന്നില്ല
എഥനോൾ ചേർത്ത പെട്രോൾ വിറ്റിട്ടും ഇന്ധനത്തിന് വില കുറയാത്തതും നമ്മുടെ അനുഭവമാണ്. പത്ത് ശതമാനം എഥനോൾ ചേർത്ത പെട്രോൾ സംസ്ഥാനത്ത് വിറ്റിട്ടും നൂറ്ശതമാനം പെട്രോൾ എന്ന നിലയിലാണ് വില ഉയർത്തുന്നത്. പ്രകൃതി സൗഹൃദ ബയോ ഇന്ധനം എന്ന കാഴ്ചപ്പാടോടെയാണ് സംസ്ഥാനത്ത് പത്ത് ശതമാനം എഥനോൾ ചേർത്ത് പെട്രോൾ വിൽപന തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് നേരത്തേ നിലവിൽവന്നിരുന്നു. ടാങ്കറുകളിലും വാഹനങ്ങളിലും ഇന്ധന ടാങ്കുകളിൽ പല കാരണങ്ങളാൽ കാണപ്പെടുന്ന ജലാംശം എഥനോളുമായി കലരുന്നത് പെട്രോളിൻെറ ഗുണനിലവാരത്തെ ബാധിക്കും.
വാഹനങ്ങളുടെ എൻജിൻ തകരാറിന് വരെ ഇത് കാരണമാകുന്നതിനാൽ പലയിടങ്ങളിലും ഉപഭോക്താക്കളും പമ്പുടകളും തമ്മിൽ ഇതേചൊല്ലി തർക്കമുണ്ട്. ദിവസവും പലതവണ പരിശോധിച്ച് പെട്രോളിൽ ജലാംശമില്ലെന്ന് ഉറപ്പാക്കാനാണ് പമ്പുകൾക്ക് എണ്ണക്കമ്പനികളുടെ നിർദേശം. ഇത് പലപ്പോഴും പ്രായോഗികമല്ലെന്ന് പമ്പ് ഉടമകൾ പറയുന്നു. പത്ത് ശതമാനം എഥനോൾ ചേർത്ത പെട്രോൾ ലിറ്ററിന് ഏഴ് രൂപ വരെ കുറച്ചുനൽകാനാകുമെന്നാണ് പമ്പുടമകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.