സൗദി ക്രൂഡ് ഓയിൽ വില വർധിപ്പിക്കുമെന്ന് ആശങ്കപ്പെട്ട് ലോകം; കാത്തിരിക്കുന്നത് വൻ ഇന്ധന വില വർധന?

ലോകത്തി​ലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉത്പാദകരായ സൗദി അറേബ്യ ക്രൂഡ് ഓയിൽ വിലവർധിപ്പിക്കുമെന്ന് സൂചന. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് രാജ്യങ്ങളിൽ (ഒപെക്) പ്രധാനിയാണ് സൗദി അറേബ്യ. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡിന്റെ വില ബാരലിന് 10.80 ഡോളർ വർധിപ്പിക്കുമെന്നാണ് സൂചനയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.


സെപ്റ്റംബറിൽ എണ്ണവില റെക്കോർഡ് നിലവാരത്തിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. സൗദി അറേബ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയെ ഈ വർധനവ് ഏറെ പ്രതികൂലമായി ബാധിച്ചേക്കാം. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഇനിയും കൂടാൻ ഇത് കാരണമായേക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. ഇറക്കുമതിയുടെ കാര്യത്തിലും രാജ്യം മുന്നിലാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ചൈനയ്ക്ക് പിന്നിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിന്റെ 85 ശതമാനത്തിനും വിദേശ എണ്ണ ഇറക്കുമതിയെ ആണ് ആശ്രയിച്ചത്. ഈ ഇറക്കുമതിയുടെ സിംഹഭാഗവും സൗദി അറേബ്യയിൽ നിന്നാണ്.

ഔദ്യോഗിക കണക്കുകൾ പ്രകാരം സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി മൊത്തം എണ്ണ ഇറക്കുമതിയുടെ 63 ശതമാനമാണ്. ഈ കാലയളവിൽ സൗദി അറേബ്യ മാത്രം 23 ബില്യൺ ഡോളറിന്റെ ക്രൂഡ് ഓയിൽ ഇന്ത്യക്ക് വിറ്റു.

2021 മുതൽ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ അഭൂതപൂർവമായ വർധനവാണുണ്ടായത്. കോവിഡ് 19 ലോക്ഡൗണിലും അതിനുശേഷവും രണ്ട് ഇന്ധനങ്ങളുടെയും വില റെക്കോർഡ് ഉയരത്തിലെത്തി. ഇന്ത്യയിലുടനീളമുള്ള പല നഗരങ്ങളിലും രണ്ട് ഇന്ധനങ്ങൾക്കും ലിറ്ററിന് 100 രൂപയിൽ കൂടുതൽ വില ഉയർന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടെ 70 തവണയിലേറെയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്.

രണ്ട് ഇന്ധനങ്ങളുടെയും നികുതി കുറച്ചാണ് വില നിയന്ത്രിക്കാൻ കേന്ദ്രത്തിന് മുന്നിട്ടിറങ്ങേണ്ടി വന്നത്. അസംസ്‌കൃത എണ്ണയുടെ വില വർദ്ധിപ്പിക്കാൻ സൗദി അറേബ്യ തീരുമാനിച്ചാൽ, അത് രാജ്യത്തെ പ്രതികൂലമായി ബാധിക്കും.

അതേസമയം റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ അളവ് ഇന്ത്യയും ചൈനയും കുറച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ നാലാഴ്ച്ച കൊണ്ട് മാത്രം 13 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള ആകെ ഇന്ധനത്തിന്റെ 55 ശതമാനവും ഇന്ത്യയും ചൈനയും ചേര്‍ന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഒരു മാസത്തിനിടെ ഇന്ത്യയുടെ ഇറക്കുമതിയിൽ 18 ശതമാനത്തിന്റെ കുറവാണുണ്ടായതെങ്കിൽ, ചൈനയുടെ ഇറക്കുമതിയിൽ ഒരു ദിവസം 52,000 ബാരലിന്റെ കുറവുണ്ടായി. ഇത് റഷ്യയുടെ വരുമാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്.

രാജ്യാന്തര വിപണിയിൽ ഇന്നും ക്രൂഡ് ഓയില്‍ വില വർധിച്ചിട്ടുണ്ട്. ബാരലിന് 108 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ് തുടരുന്നു. മൂല്യം ഏതാനും നാളുകളായി സ്ഥിരമായി 77 ന് മുകളിൽ തുടരുന്നത് സമ്മർദം വർധിപ്പിക്കുന്നു. ക്രമാനുഗതമായി രൂപയുടെ മൂല്യം ഉയർത്തിക്കൊണ്ടു വരാനുള്ള നടപടികൾക്കാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ആർ.ബി.ഐ ഊന്നൽ നൽകുന്നത്. നിലവിൽ രൂപയുടെ മൂല്യം ഡോളറിനെതിരേ 79.82 ലാണുള്ളത്.

കുതിച്ചുയരുന്ന പണപ്പെരുപ്പം നേരിടുന്നതിന് മെയ് 21ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എക്സൈസ് തീരുവയിലെ ഇടപെടലോടെ പെട്രോൾ ലിറ്ററിന് എട്ട് രൂപയും, ഡീസൽ ലിറ്ററിന് ആറ് രൂപയും കുറച്ചു. ഇതോടെ പെട്രോൾ ലിറ്ററിന് 9.50 രൂപയും, ഡീസൽ ലിറ്ററിന് ഏഴു രൂപയും വില കുറയുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കേന്ദ്രത്തിനു പിന്നാലെ സംസ്ഥാന സർക്കാരും നികുതി കുറച്ചു. പെട്രോൾ നികുതി 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ ഫലത്തിൽ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10.52 രൂപയും, ഡീസൽ ലിറ്ററിന് 7.40 രൂപയും കുറഞ്ഞു.

Tags:    
News Summary - World’s biggest crude exporter plans record hike, may hit fuel prices in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.