വൈദ്യുതി വാഹനങ്ങൾക്ക് വസന്തകാലം

ഇന്ധനവില ഷോക്കടിപ്പിക്കുന്ന കാലത്ത് ഷോക്ക് കൊടുത്ത് ഓടിക്കാവുന്ന വാഹങ്ങളുടെ വിൽപ്പന ഹൈവോൾട്ടേജിലെത്തുകയാണ്. 2050 ഓടെ ലോകത്ത്ബഹുഭൂരിപക്ഷം വാഹനങ്ങളും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതായി മാറും എന്നാണ് കരുതപ്പെടുന്നത്. 2021 കലണ്ടർ വർഷം നമ്മുടെ രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വില്പന മൂന്നു ലക്ഷം കടന്നിരുന്നു. ഈ വിഭാഗത്തിൽ ഇരുചക്ര, മുച്ചക്രവാഹന വില്പന ഉയർന്നതാണ് കാരണമെന്ന് കേന്ദ്ര ഗതാഗത വകുപ്പിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു.

2021-ൽ ആകെ 3,11,339 വൈദ്യുത വാഹനങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. 2020-ൽ ഇത് 1,19,654 എണ്ണവും 2019-ൽ 1,61,312 എണ്ണവുമായിരുന്നു. 2021-ൽ ആകെ 2.33 ലക്ഷം വൈദ്യുത ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ടെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്‌ട്രിക് വെഹിക്കിൾസ് (എസ്.എം.ഇ.വി.) പറയുന്നു. 2020-ൽ ഇത് ഒരു ലക്ഷം മാത്രമായിരുന്നു. 2022-ൽ വൈദ്യുത വാഹന വില്പന പത്ത്‌ ലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷ. എങ്കിലും പെട്രോൾ വാഹനങ്ങളിൽ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം അത്ര എളുപ്പമല്ല. കാരണം ഒരു ലിറ്റർ െപട്രോളിൽ അടങ്ങിയിരിക്കുന്ന ഊർജത്തിന്‍റെ അളവ് ഏതാണ്ട് 12000 wh ആണ്. ഈ നിലയിലേക്ക് ബാറ്റികൾ എത്തുന്ന കാലം വിരൂരമാണ്.

വൈദ്യുത വാഹനത്തിന്‍റെ ഹൃദയം എന്ന് വിളിക്കാവുന്നത് അതിന്‍റെ ബാറ്ററിയാണ്. നാം കാണാറുള്ള ലെഡ് ആസിഡ് ബാറ്ററികളുടെ ഊർജ സാന്ദ്രത 35wh/kg ആണ്. ആദ്യ തലമുറയിൽപെട്ട ലിഥിയം അയൺ ബാറ്ററികളുടെ ഊർജ സാന്ദ്രത ഇതിന്‍റെ ഇതിന്‍റെ നാലിരട്ടി വരും. ബാറ്ററിയുടെ ഉൗർജ സാന്ദ്രത വർധിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾ ധൃതഗതിയിൽ നടക്കുകയാണ്. 2019 ലെ രസതന്ത്ര നോബൽ സമ്മാന വിജയികളായ ജോൺ സി. ഗുഡിനഫിനെയും സ്റ്റാൻലി വിറ്റിങ്ഹാമിനെയും പോലുള്ളവർ ഇൗരംഗത്ത് സജീവമാണെന്നത് പ്രതീക്ഷ വർധിപ്പിക്കുന്നു. കപ്പാസിറ്റി, വോൾട്ടേജ് എന്നീ രണ്ടു ഘടകങ്ങളാണ് ഒരു ബാറ്ററിയുടെ ഊർജ സാന്ദ്രത നിശ്ചയിക്കുന്നത്. ഇവ എത്ര ഉയർത്താമോ അത്രയും നല്ലത്.

ലെഡ് ആസിഡ് ബാറ്ററികൾ പോലെ ലിഥിയം അയൺ ബാറ്ററികളും പുനരുപയോഗിക്കാൻ പറ്റുന്ന കാലത്ത് ബാറ്ററികളുടെ വില ഗണ്യമായി കുറയും. നിലവിൽ അഞ്ചു ശതമാനം ലിഥിയം ബാറ്ററികൾ മാത്രമാണ് പുനരുപയോഗിക്കുന്നത്. ലിഥിയം ബാറ്ററികൾ ഉണ്ടാക്കാനുപയോഗിക്കുന്ന ലിഥിയം, കൊബാൾട്ട്, നിക്കൽ, അലൂമിനിയം എന്നിവയുടെ വില ഉയരുന്നതും ബാറ്ററികളുടെ വില ഉയർന്നു നിൽക്കാൻ ഇടയാകുന്നുണ്ട്. ഒരു കിലോവാട്ട് ലിഥിയം ബാറ്ററിപാക്കിന് ഏകദേശം 12000 രൂപയാകുമെന്നാണ് കണക്ക്.

ശരാശരി നിലവാരമുള്ള വൈദ്യൂത കാറിലെ ബാറ്ററിക്ക് 40 കിലോവാട്ടെങ്കിലും ഊർജം വേണം. ഇങ്ങനെയാണ് വൈദ്യൂത കാറുകളുടെ വിലയുടെ പകുതിയോളം ബാറ്ററിക്ക് മാത്രമായി മാറ്റിവെക്കേണ്ടിവരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടത്തെ ഗവേഷണങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാറ്റങ്ങൾ ബാറ്ററിയുടെ വിലയിൽ ഗണ്യമായ കുറവുണ്ടാക്കുന്നുണ്ട് എന്നത് കാണാതെ വയ്യ. വർഷം ശരാശരി 15 ശതമാനം വീതമാണ് ബാറ്ററിവില കുറയുന്നത്. ഈ നില തുടർന്നാൽ 2024 ൽ ഒരു കിലോവാട്ട് ലിഥിയം ബാറ്ററിപാക്ക് 7000രൂപ ചെലവിൽ കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെെയങ്കിൽ നമ്മുെട നിരത്തുകൾ വൈദ്യുതി വാഹനങ്ങൾ കൊണ്ടുനിറയും.

Tags:    
News Summary - Spring for electric vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.