ചിപ്പിലും ടാബിലും പിറന്നുവീണ പുതിയ തലമുറ പ്രായപൂര്‍ത്തിയായതിന്‍െറ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാവാം വാഹനലോകത്ത് ഇപ്പോള്‍ അടിമുടി പുതുക്കലിന്‍െറ കാലമാണ്. ഇക്കാര്യത്തില്‍ ആദ്യം നിലപാടെടുത്തത് ഹ്യുണ്ടായിയാണ്. അവര്‍ അവരുടെ പെട്ടിരൂപത്തിലും ചട്ടിരൂപത്തിലുമൊക്കെയിരുന്ന വിവിധ മോഡലുകളെ ഓടിച്ചിട്ട് പിടിച്ച് ന്യുജെന്‍ ലുക്ക് നല്‍കി. ഫ്ളൂയിഡിക് ഡിസൈന്‍ എന്നറിയപ്പെട്ട ആ രൂപമാറ്റം കുറച്ചൊന്നുമല്ല ഗുണംചെയ്തത്. കമ്പനിക്ക് നല്ല പേര് നേടിക്കൊടുത്ത അടിസ്ഥാന ഗുണങ്ങളില്‍ മാറ്റമില്ലാതെ ഭംഗിയും സൗകര്യങ്ങളും കൂട്ടിയാല്‍ രക്ഷപ്പെടാമെന്ന് തെളിക്കുകയായിരുന്നു ഹ്യുണ്ടായി. വെളിച്ചമേ നയിച്ചാലും എന്നുപറഞ്ഞ് ഹ്യുണ്ടായിയുടെ വഴി ടാറ്റ പിന്തുടര്‍ന്നു. അവര്‍ നാനോമുതല്‍ ആര്യ വരെ സകലതും എടുത്ത് പരിഷ്കരിച്ചു. ഹ്യുണ്ടായി ചെയ്തപോലെ അടിസ്ഥാന ഗുണങ്ങളില്‍ മാറ്റം വരുത്താത്തതുകൊണ്ടാകാം അധികം പേര്‍ ശ്രദ്ധിച്ചില്ല. ഇപ്പോള്‍ മഹീന്ദ്രയാണ് പുതുക്കലില്‍. പുഴുങ്ങിയ മുട്ട നൂലുകൊണ്ട് മുറിക്കുന്നപോലെ സ്മൂത്തായി ഓടിക്കാവുന്ന വണ്ടിയുണ്ടാക്കാനുള്ള ശേഷിയൊക്കെയുള്ളവരാണ് മഹീന്ദ്ര. പക്ഷേ അല്‍പം കുലുക്കവും വിറയലുമില്ലാതെ വണ്ടി വില്‍ക്കാമെന്ന് മഹീന്ദ്ര കരുതരുത്. മഹീന്ദ്രയെന്ന പേരിന്‍െറ അര്‍ഥംപോലും കുലുക്കം എന്നാണ്. ആ കുലുക്കത്തിന് ഒരു സുഖമുണ്ട്. എക്സ്.യു.വിയും സ്കോര്‍പിയോയും ഥാറും പുതുക്കിയപ്പോഴും അല്‍പം കുലുക്കം മഹീന്ദ്ര ബാക്കിവെച്ചിട്ടുണ്ട്. കാടും നാടും ഒരുപോലെ കാണുന്ന പുതിയ പുലികള്‍ക്കുവേണ്ടി എല്ലാം തികഞ്ഞ ഒരു വണ്ടിയുണ്ടോയെന്ന് ചോദിച്ചാല്‍ മഹീന്ദ്രക്ക് മറുപടിയില്ലായിരുന്നു. അത്യാവശ്യം ബൊലേറോയോ മറ്റോ വെച്ച് അഡ്ജസ്റ്റ് ചെയ്യാനാണ് അവര്‍ പറഞ്ഞിരുന്നത്. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറുകയാണ്. ക്വാണ്ടോയുടെയും ഇന്‍വേഡറിന്‍െറയും ഡി.എന്‍.എകളെടുത്ത് അവര്‍ ഒരു പുതിയ അവതാരത്തെ സൃഷ്ടിച്ചിട്ടുണ്ട്. പേര് ടി.യു.വി 300.
യുദ്ധടാങ്കില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനം സൃഷ്ടിച്ചിരിക്കുന്നതെന്നാണ് മഹീന്ദ്ര പറയുന്നത്. ടി.യു.വിയിലെ ടി എന്നത് ടഫ് എന്നതിന്‍െറ ചുരുക്കമാണ്. ടഫ് യൂട്ടിലിറ്റി വെഹിക്കിള്‍ ആണ് ടി.യു.വി എന്ന് അര്‍ഥം. 300 എന്നത് ത്രീ ഡബിള്‍ ഒ എന്ന് മാത്രമേ ഉച്ചരിക്കാവൂ. കാരണം മഹീന്ദ്രയുടെ ഥാര്‍ ഒഴികെ എല്ലാ വണ്ടികളുടെയും പേര് അവസാനിക്കുന്നത് ‘ഒ’ എന്ന അക്ഷരത്തിലാണ്. പുതിയ പ്ളാറ്റ്ഫോമിലാണ് ടി.യു.വി 300ന്‍െറ നിര്‍മാണം. നവീകരിച്ച എം ഹോക്ക് എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ ഈ വണ്ടിയുടെ രേഖാചിത്രം മാത്രമാണ് മഹീന്ദ്ര പുറത്തുവിട്ടിട്ടുള്ളത്. ഉയരമുള്ളതും പരന്നതുമായ മേല്‍ക്കൂരയും മുന്‍ഭാഗവും, കൂടിയ ഗ്രൗണ്ട് ക്ളിയറന്‍സുമൊക്കെ ചേര്‍ന്ന് പരുക്കന്‍ സ്പോര്‍ട്സ് യൂട്ടിലിറ്റിയുടെ രൂപമാണ് വണ്ടിക്ക് നല്‍കുന്നത്. ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച് വാലിയില്‍ മഹീന്ദ്രയുടെ സ്വന്തം ഡിസൈനര്‍മാരാണ് ഡിസൈന്‍ ചെയ്തത്. നിര്‍മാണത്തിലും സാങ്കേതികവിദ്യയിലും സുരക്ഷയിലും അടക്കം എല്ലാകാര്യങ്ങളിലും ലോകനിലവാരം പുലര്‍ത്തുന്ന വാഹനമായിരിക്കും ടി.യു.വി 300 എന്നാണ് കമ്പനി പറയുന്നത്. കുറച്ചു മാസങ്ങളായി മൂടിപ്പൊതിഞ്ഞുകെട്ടി ടെസ്റ്റ് ഡ്രൈവ് നടത്തിക്കൊണ്ടിക്കുകയായിരുന്നു ഈ വണ്ടി. കുറ്റവും കുറവുമൊക്കെ പരിഹരിച്ച് നിരത്തിലിറങ്ങാറാകുമ്പോഴേക്കും വിലയും മറ്റു കാര്യങ്ങളും പറയാമെന്നാണ് അവരുടെ നിലപാട്. പ്രചരിക്കുന്ന പരദൂഷണങ്ങള്‍ അനുസരിച്ച് 1500 സി.സി ശേഷിയുള്ള എന്‍ജിനായിരിക്കും ഇതിന്. നീളം നാല് മീറ്ററില്‍ താഴെയായതിനാല്‍ നികുതിയും കുറയും. മറ്റു കാര്യങ്ങള്‍ മഹീന്ദ്രയുടെയും നാട്ടുകാരുടെയും കൈയിലിരിപ്പുപോലെയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.