ആള്‍ട്ടോ 800, ക്വിഡ്, ഇയോണ്‍; പോരാട്ടം കനക്കും

ഇന്ത്യന്‍ ചെറുകാര്‍ വിപണിയുടെ ജാതകം തിരുത്തിയ മോഡലായിരുന്നു മാരുതി ആള്‍ട്ടോ. 25ലക്ഷത്തിലധികം ആള്‍ട്ടോകള്‍ ഇതുവരെ വിറ്റഴിഞ്ഞിട്ടുണ്ട്. 2014ല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ചെറുകാറും ആള്‍ട്ടോയായിരുന്നു. ഫോക്സ്വാഗണ്‍ ഗോള്‍ഫിനെ ഉള്‍പ്പടെ മലര്‍ത്തിയടിച്ചായിരുന്നു ഈ വിജയം. 2014വരെ തുടര്‍ച്ചയായ ഒമ്പതുവര്‍ഷം ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ വിറ്റതും ആള്‍ട്ടോയല്ലാരെ മറ്റാരുമല്ല. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ആള്‍ട്ടോയെ 800 എന്നും k10 എന്നും വിഭജിച്ചത്. ഇതിഹാസമായ മാരുതി 800ന് പകരക്കാരനായിരുന്നു ആള്‍ട്ടോ 800. ഹ്യൂണ്ടായ് ഇയോണായിരുന്നു ഈ വിഭാഗത്തിലെ പ്രധാന എതിരാളി. എന്നാലിപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. റെനോ എന്ന ഫ്രഞ്ച് കമ്പനിയാണിതിന് കാരണം. ഈയിടെ അവര്‍ പുതിയൊരു ചെറുകാര്‍ പുറത്തിറക്കി. പേര് ക്വിഡ്. സ്വന്തമായൊരു കാറെന്ന സ്വപ്നം താലോലിക്കുന്ന മധ്യവര്‍ഗത്തിന് പുതുതായി ലഭിച്ച വലിയൊരു സാധ്യത കൂടിയാണ് ക്വിഡ്.

കരുത്തും വിലയും
ക്വിഡിന്‍െറ ചിത്രം കണ്ട് റെനോ പുതിയ എസ്.യു.വി ഇറക്കിയെന്ന് കരുതിയവരുണ്ട്. അവരെ കുറ്റം പറയാനാകില്ല. ചെറുകാര്‍ രൂപകല്‍പ്പനയിലെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ അട്ടിമറിച്ച വാഹനമാണ് ക്വിഡ്. കുഞ്ഞ് ഡസ്റ്റര്‍ എന്ന് വേണമെങ്കില്‍ ഇവനെ വിളിക്കാം. 799സി.സി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 53.2 ബി.എച്ച്.പി കരുത്തും 7.3 കെ.ജി.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ്. ഓള്‍ട്ടോ 800ലേക്ക് വന്നാല്‍ 796സി.സി മൂന്ന് സിലിണ്ടര്‍ എഞ്ചിന്‍ 47ബി.എച്ച്.പി കരുത്തും 7.03കെ.ജി.എം ടോര്‍ക്കും നല്‍കും. ഗിയര്‍ബോക്സ് അഞ്ചുസ്പീഡ് തന്നെ. ഇയോണിലെ കണക്കുകളും ഏതാണ്ട് സമാനമാണ്. 814സി.സി മൂന്ന് സിലിണ്ടര്‍ എഞ്ചിന്‍ 54ബി.എച്ച്.പി കരുത്തും 7.6 കെ.ജി.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വില പരിശോധിക്കുമ്പോഴാണ് റെനോ ഒരുങ്ങിത്തന്നെയാണെന്ന് മനസ്സിലാകുക. ക്വിഡിന്‍െറ കുറഞ്ഞ വേരിയന്‍റിന് 2.57ലക്ഷമാണ് എക്സ് ഷോറും വില. ടച്ച് സ്ക്രീന്‍ ഇന്‍ഫോടൈന്‍മെന്‍െറ് സിസ്റ്റവും ഡ്രൈവര്‍ എയര്‍ബാഗുമുള്ള ഏറ്റവും ഉയര്‍ന്ന മോഡലിന് 3.53 ലക്ഷവും. ആള്‍ട്ടോയിലെ കുറഞ്ഞ വേരിയന്‍റായ സ്റ്റാന്‍ഡേര്‍ഡിന് 2.53 ലക്ഷവും ഉയര്‍ന്ന Vxiക്ക് 3.44ലക്ഷവും മുടക്കണം. ഇയോണിനിത് യഥാക്രമം 3.2 മുതല്‍ 4.3ലക്ഷം വരെയാണ്. ആള്‍ട്ടോ പോലെ ആറ് വേരിയന്‍റുകളുണ്ട് ക്വിഡിനും.  

അഴകളവുകള്‍
അഴകളവുകളില്‍ ക്വിഡ് എതിരാളികളേക്കാള്‍ ഒരുപടി മുന്നിലാണ്. 3,679എം.എം നീളവും 1,579എം.എം വീതിയും 180എം.എം ഗ്രൗണ്ട് ക്ളിയറന്‍സുമായി ക്വിഡ് ഒന്നാമതത്തെും. ഓള്‍ട്ടോ 800ലിത് യഥാക്രമം 3,395ഉും 1,490ഉം 160എം.എമ്മുമാണ്. ആള്‍ട്ടോയെക്കാള്‍ മെച്ചമാണ് ഇയോണിന്‍െറ അളവുകള്‍. 3,495, 1,550, 170 എന്നിവയാണത്. ബൂട്ടിലും ക്വിഡ് തന്നെയാണ് മുമ്പന്‍. 300ലിറ്റര്‍. ആള്‍ട്ടോയില്‍ 177ലിറ്ററും ഇയോണില്‍ 215ലിറ്ററുമാണ്.  

പ്രത്യേകതകള്‍
ക്വിഡിന്‍െറ ഏറ്റവും ഉയര്‍ന്ന മോഡലായ RXTയിലാണ് ഈ വിഭാഗത്തില്‍ ആദ്യമായി ടച്ച് സ്ക്രീനോടുകൂടിയ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം വരുന്നത്. ഏഴ് ഇഞ്ചാണ് സ്ക്രീന്‍ വലുപ്പം. ഇതില്‍ നാവിഗേഷനും സാധ്യമാണ്. പാട്ടുകേള്‍ക്കാന്‍ നാല് സ്പീക്കറുകളും സി.ഡി, യു.എസ്.ബി, ഓക്സ്, ബ്ളൂ ടൂത്ത് കണക്ടിവിറ്റിയും ലഭിക്കും. ഡാഷ് ബോര്‍ഡ് മുഴുവന്‍ ഡിജിറ്റലാണ്. ഒപ്പം പവര്‍ സ്റ്റിയറിങ്ങ്, പവര്‍ വിന്‍ഡോസ്, എ.സി, സെന്‍ട്രല്‍ ലോക്കിങ്ങ് തുടങ്ങിയ പ്രത്യേകതകളും ഉണ്ട്. കീലെസ്സ് എന്‍ട്രി കൂടി ഉള്‍പ്പെടുത്തിയ ഈ വേരിയന്‍റ് എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാകും ഉയര്‍ത്തുക. 
ആള്‍ട്ടോ VXiല്‍ പവര്‍ സ്റ്റിയറിങ്ങ്, മുന്നിലെ പവര്‍ വിന്‍ഡോ, എ.സി, സെന്‍ട്രല്‍ ലോക്കിങ്ങ് എന്നിവയുണ്ട്. രണ്ട് സ്പീക്കറോടുകൂടിയതാണ് ഓഡിയോ സിസ്റ്റം. റേഡിയോ, യു.എസ്.ബി, ഓക്സ് കണക്ടിവിറ്റിയുണ്ട്. ട്യൂബ്ലെസ്സ് ടയറുകളും കൂടുതല്‍ പണം കൊടുത്താല്‍ ലഭ്യമാകുന്ന ഡ്രൈവര്‍ എയര്‍ബാഗുകളുമാണ് VXiയുടെ മറ്റ് പ്രത്യേകതകള്‍. ഈ രണ്ട് വേരിയന്‍റുകളോട് മത്സരിക്കുന്ന ഇയോണ്‍ സ്പോര്‍ട്സില്‍ രണ്ട് സ്പീക്കര്‍ ഓഡിയോ സിസ്റ്റം, റേഡിയോ, യു.എസ്.ബി, ഓക്സ് കണക്ടിവിറ്റിയുമുണ്ട്. കീലെസ്സ് എന്‍ട്രി ഡ്രൈവര്‍ എയര്‍ബാഗ് ടില്‍റ്റ് ചെയ്യാവുന്ന സ്റ്റിയറിങ്ങ് എന്നിവയും ലഭിക്കും. ക്വിഡിന്‍െറ മൈലേജ്  25.2km/l, ഓള്‍ട്ടോ 800ന്‍േറത് 22.7km/l, ഇയോണിന്‍േറത് 20.1km/l.
ടി.ഷബീര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.