വിടരുന്ന ഓട്ടോമാറ്റിക് വസന്തം

ഇന്ത്യന്‍ വാഹന കമ്പോളത്തില്‍ അരങ്ങേറുന്ന നിശബ്ദവിപ്ളവമാണ് ഓട്ടോമാറ്റിക് കാറുകളുടേത്. ലോകത്തെ ഏറെ വികാസം പ്രാപിച്ച വിപണികളിലെല്ലാം ഇന്ന് ഓട്ടോമാറ്റിക്കുകള്‍ മാത്രമേയുള്ളൂ. വാഹനം കള്ളന്മാര്‍ കൊണ്ടുപോകരുതെന്ന് നിര്‍ബന്ധമുള്ളവര്‍ മാത്രമേ അവിടെ മാനുവല്‍ ഗിയര്‍ വാഹനങ്ങള്‍ വാങ്ങാറുള്ളൂ. കാരണം ഗിയറിടാന്‍ അറിയാത്ത തലമുറയാണ് വളര്‍ന്നുവരുന്നത്. ഇന്ത്യക്കാരെ ഓട്ടോമാറ്റിക് വാഹനങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്ന  കാരണങ്ങളിലൊന്ന് വിലയായിരുന്നു, മറ്റൊന്ന് ഇന്ധനക്ഷമതയും. ഇതും മെല്ളെ പരിഹരിക്കപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറും ഇപ്പോള്‍ ഓട്ടോമാറ്റിക്കില്‍ ലഭ്യമാണ്. പിന്നെ അനേകം ചെറുകാറുകളും. 


ടാറ്റ നാനോ
വാഹന ചരിത്രത്തില്‍തന്നെ അടയാളപ്പെടുത്തപ്പെട്ട ഒന്നായിരുന്നു ടാറ്റയുടെ ചെറുകാര്‍ പദ്ധതി. എന്നാല്‍ ഈ ഉല്‍പന്നം  ഉപഭോക്താക്കളിലത്തെിയപ്പോള്‍ കേമമായ സ്വീകരണമൊന്നും ലഭിച്ചില്ല എന്നത് നേര്. എങ്കിലും പതിയെ നാനോ ചുവടുവെച്ചു. ഇന്ന് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് കാര്‍ നാനോയാണ്. വില 2.69-2.89 ലക്ഷം. തൊട്ടടുത്ത എതിരാളി ഓള്‍ട്ടോ കെ10നേക്കാള്‍ ഒന്നേകാല്‍ ലക്ഷം കുറവ്. 20 കിലോമീറ്ററിന് മുകളില്‍ മൈലേജ് ഈ പെട്രോള്‍ കാര്‍ തരും. നഗരയാത്രകള്‍ക്ക് ഇതിലും മികച്ചൊരു വാഹനം കിട്ടാനില്ല. നാലുവര്‍ഷം അല്ളെങ്കില്‍ 60000 കിലോമീറ്റര്‍ വാറന്‍റിയെന്ന വാഗ്ദാനം തന്നെ കമ്പനി എത്ര ആത്മവിശ്വാസത്തിലാണെന്ന് കാണിക്കുന്നു. വിലകുറഞ്ഞ കാറെന്ന പേരുദോഷം, നീണ്ടയാത്രകളിലെ അസൗകര്യങ്ങള്‍, അത്ര മികച്ചതല്ലാത്ത ഓട്ടോമാറ്റിക് സാങ്കേതികത എന്നിവ പ്രശ്നമല്ളെങ്കില്‍ നാനോ വാങ്ങാം.


മാരുതി ഓള്‍ട്ടോ കെ10
ഇന്ത്യയില്‍ ഓട്ടോമാറ്റിക് വിപ്ളവത്തിന് തുടക്കമിട്ട മാരുതി തങ്ങളുടെ ചെറുകാര്‍ നായകനായ ഓള്‍ട്ടോയിലും എ.എം.ടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) ടെക്നോളജി ഉള്‍പ്പെടുത്തിയിരിക്കുന്നു. മോഡലിന്‍െറ പേര് വി.എക്സ്.ഐ എ.ജി.എസ്. 1.0ലിറ്റര്‍ K10B പെട്രോള്‍ എന്‍ജിന് 998സി.സി ശേഷിയുണ്ട്. മൂന്ന് സിലിണ്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന ഇവന്‍ 67.04 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ്. ഇന്ധനക്ഷമത 24.07 Kmpl. നഗരത്തിരക്കില്‍ 18നും 20നും ഇടയില്‍ മൈലേജ് പ്രതീക്ഷിക്കാം. വില 4.3ലക്ഷം. നല്ല സ്റ്റൈല്‍, യാത്രാസുഖം, മികച്ച ബൂട്ട്, മാന്യമായ അകവശം തുടങ്ങിയവ ആള്‍ട്ടോയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.


സെലേറിയോ
എ.എം.ടി എന്ന ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ആദ്യമായി ഇന്ത്യയില്‍ ജനപ്രിയമാക്കിയ മാരുതിയുടെ മോഡലാണ് സെലേറിയോ. സാധാരണ ഗിയര്‍ബോക്സില്‍നിന്ന് ക്ളച്ച് സംവിധാനത്തെ എടുത്ത് മാറ്റിയാണ് എ.എം.ടികള്‍ പ്രവര്‍ത്തിക്കുന്നത്. വിലക്കുറവില്‍ ഓട്ടോമാറ്റിക് ലഭിക്കുമെന്നതാണ് ഇതിന്‍െറ മേന്മ. അത്ര മികച്ച ഗിയര്‍മാറ്റമോ വലിവോ ലഭിക്കില്ളെന്നത് പോരായ്മ. നേരത്തെ ഓള്‍ട്ടോയില്‍ പറഞ്ഞ പ്രത്യേകതകള്‍ തന്നെയാണ് സെലേറിയോയുടെ എന്‍ജിനും. കൂടുതല്‍ മികച്ച സ്റ്റൈല്‍, വലുപ്പം, യാത്രാസുഖം, ഫീച്ചറുകള്‍ എന്നിവ പ്രതീക്ഷിക്കാം. മൂന്ന് ഓട്ടോമാറ്റിക് വേരിയന്‍റുകള്‍ സെലേറിയോക്കുണ്ട്. വില അഞ്ച് ലക്ഷം മുതല്‍.

 
ഹ്യുണ്ടായ് ഗ്രാന്‍ഡ് i10
മാരുതിയുടെ കൊറിയന്‍ എതിരാളി ഹ്യുണ്ടായിയുടെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് മോഡലാണ് ഗ്രാന്‍ഡ് i10 AT ആസ്റ്റ. മാരുതിയേക്കാള്‍ മികച്ച എന്‍ജിനും കരുത്തും സാങ്കേതികതകളുമാണ് ഗ്രാന്‍ഡിന്‍െറ സവിശേഷത. 1.2ലിറ്റര്‍, 1197 സി.സി കാപ്പ പെട്രോള്‍ എന്‍ജിന് നാല് സിലിണ്ടറുകളുണ്ട്. 81.9 ബി.എച്ച്.പി കരുത്ത് ഉല്‍പാദിപ്പിക്കും. നാല് സ്പീഡ് ഗിയര്‍ബോക്സ്. വില കൂടുതലും മൈലേജ് കുറവുമെന്ന പോരായ്മയുണ്ട്. 6.6 ലക്ഷം മുടക്കുമ്പോള്‍ അത്ര ആകര്‍ഷകമല്ലാത്ത 18.9kmpl മൈലേജാണ് ലഭിക്കുന്നത്. എന്നാല്‍ ഹ്യുണ്ടായിയുടെ നിര്‍മാണമികവ്, മികച്ച ഫീച്ചറുകള്‍, സ്റ്റൈല്‍, നിലവാരംകൂടിയ ഉള്‍വശം എന്നിവ പ്രത്യേകതകളാണ്.

 
ഹോണ്ട ബ്രിയോ
നിര്‍മാണമികവില്‍ ഹ്യുണ്ടായോടൊപ്പം നില്‍ക്കുന്ന വാഹനമാണ് ഹോണ്ടയുടെ ബ്രിയോ. വിലയിലും മൈലേജിലും ഈ സമാനത ഉണ്ട്. ബ്രിയോയുടെ ഓട്ടോമാറ്റിക് മോഡലിന്‍െറ പേര് വി.എക്സ് എ.ടി. 1198സി.സി, 1.2ലിറ്റര്‍ പെട്രോള്‍ iVTEC നാല് സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്. 86.24 ബി.എച്ച്.പി കരുത്തുല്‍പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സ്. മികച്ച എന്‍ജിനാണ് ബ്രിയോയുടേത്. 16.5 kmpl എന്ന മൈലേജ് അത്ര മികച്ചതല്ല. വില 6.7 ലക്ഷം.   
ഇനിയും നിരവധി വിലകുറഞ്ഞ ഓട്ടോമാറ്റിക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും. മാരുതി റിറ്റ്സ്, നിസാന്‍ മൈക്ര, ഹോണ്ട ജാസ്, ഫോക്സ്വാഗണ്‍ പോളോ തുടങ്ങിയവ ഉദാഹരണം. ഒരിക്കലെങ്കിലും ഓട്ടോമാറ്റിക്കുകള്‍ ഓടിച്ചവരൊന്നും ഗിയറിന്‍െറ ബുദ്ധിമുട്ടുകളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കില്ളെന്നത് ഈ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ്.
ടി.ഷബീര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.