ടെസ്റ്റ് ഡ്രൈവ് ചെയ്യാം ടെസ്ല

വാഹനങ്ങളുടെ ഭാവി എന്താകും എന്ന ചോദ്യത്തിന് തല്‍ക്കാലം നമ്മുടെ മുന്നിലുള്ള ഏറ്റവും ഭദ്രമായ ഉത്തരം പെട്രോളും ഡീസലും ഉപയോഗിച്ചുള്ളവ അധികകാലം ഉണ്ടാകില്ല എന്നതാണ്. പിന്നെന്താണ് ഭാവിയിലെ ഇന്ധനം. ഹൈബ്രിഡ് വാഹനങ്ങളാണ് ഒരു സാധ്യത. അതായത് രണ്ട് ഇന്ധനങ്ങള്‍ അല്ളെങ്കില്‍ രണ്ട് ശക്തി സ്രോതസ്സ് ഉപയോഗിച്ച് ഓടിക്കാവുന്ന വാഹനങ്ങള്‍. ഇതില്‍ പെട്രോള്‍, ഡീസല്‍, ഹൈഡ്രജന്‍, നൈട്രജന്‍, വൈദ്യുതി തുടങ്ങി ഏത് ഇന്ധനവും ആകാം. ഇന്ന് ഇന്ത്യയില്‍ ലഭ്യമായ വാഹനങ്ങളില്‍ ഏറ്റവും ഇന്ധനക്ഷമത ഉള്ളത് ഒരു ഹൈബ്രിഡ് കാറിനാണ്. ബി.എം.ഡബ്ളു i8.

ബി.എം.ഡബ്ളു i8
 

ഇതൊരു സൂപ്പര്‍ കാറാണ്. എന്ന് വച്ചാല്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ വെറും നാല് സെക്കന്‍ഡ് മാത്രം വേണ്ട 357 കുതിരശക്തിയുള്ള കാര്‍. സാധാരണ ഗതിയില്‍ ഇങ്ങിനൊരു കാര്‍ അഞ്ച് കിലോമീറ്ററിനപ്പുറം മൈലേജ് നല്‍കാറില്ല. എന്നാല്‍ i8ന്‍െറ ഇന്ധനക്ഷമത 48 കിലോമീറ്ററാണ്. കാരണം ലളിതമാണ്. ഈ കാറില്‍ ഒരു കൂറ്റര്‍ ലിഥിയം അയണ്‍ ബാറ്ററിയുണ്ട്. ഇത് ചാര്‍ജ് ചെയ്യാന്‍ മൂന്നര മണിക്കൂര്‍ മതി. എട്ട് വര്‍ഷത്തെ വാറന്‍റിയും കമ്പനി നല്‍കുന്നു. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ഓടാനാകും. ഈ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് എഞ്ചിനും പിന്നൊരു 1499സി.സി പെട്രോള്‍ എഞ്ചിനും i8നുണ്ട്. രണ്ടുംകൂടി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് നേരത്തെ പറഞ്ഞ മാന്ത്രിക സംഖ്യകള്‍ വാഹനത്തിന് ആര്‍ജിക്കാനാകുന്നത്. അപ്പോള്‍ ഹൈബ്രിഡുകള്‍ വാഹന ലോകത്തെ ഒരു സാധ്യതയാണ്. എന്നാല്‍ പ്രകൃതിദത്ത ഇന്ധനങ്ങള്‍ പാടെ ഇല്ലാതാകുന്ന കാലമത്തെിയാല്‍ പിന്നെന്താകും പരിഹാരം. ഉത്തരം ഒന്നേയുള്ളു. ഇലക്ട്രിക് കാര്‍. ഇപ്പോഴും ഇത്തരം ധാരാളം വാഹനങ്ങള്‍ നമുക്ക് ലഭ്യമാണ്. എന്നാല്‍ ഇലക്ട്രിക് കാറുകള്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഒരു അമേരിക്കന്‍ കമ്പനിയാണ് ടെസ്ല. ഇന്ത്യയില്‍ നിലവില്‍ ടെസ്ലകള്‍ വില്‍ക്കുന്നില്ല. എന്നാല്‍ പുതുതായി നിരത്തിലിറക്കിയ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ മോഡല്‍ ഇന്ത്യ,ബ്രസീല്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ വിപണികളിലും വില്‍ക്കുമെന്ന് ടെസ്ല പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യ ഘട്ടത്തില്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത വാഹനങ്ങളാകും വരിക. 

ടെസ്ല മോഡല്‍ 3
 


ചരിത്രം
2003ല്‍ കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടൊ എന്ന സ്ഥലത്താണ് ടെസ്ല മോട്ടോര്‍ കമ്പനിയുടെ ജനനം. അമേരിക്ക തന്നെയാണ് ടെസ്ലയുടെ പ്രധാന വിപണി. റോഡ്സ്റ്റര്‍ എന്ന ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍, മോഡല്‍ എസ് എന്ന സെഡാന്‍, മോഡല്‍ എക്സ് എന്ന ക്രോസ് ഓവര്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ ടെസ്ല പുറത്തിറക്കുന്നുണ്ട്. ഇതില്‍ എസ് സെഡാന്‍ ഒരുലക്ഷം യൂനിറ്റ് വിറ്റഴിഞ്ഞ് ലോകത്തിലെ ഏറ്റവും വില്‍ക്കപ്പെടുന്ന രണ്ടാമത്തെ ഇലക്ട്രിക് കാര്‍ എന്ന പദവി 2015ല്‍ നേടിയിട്ടുണ്ട്. പുറത്തിറക്കി മൂന്നര വര്‍ഷം പിന്നിട്ടപ്പോഴായിരുന്നു ഈ നേട്ടം. നിസാന്‍ ലീഫിനായിരുന്നു ഒന്നാം സ്ഥാനം.

ഇപ്പോള്‍ കമ്പനി ഇന്ത്യയിലത്തെിക്കാന്‍ പോകുന്നത് ഏറ്റവും പുതിയ ‘മോഡല്‍ 3’ എന്ന വാഹനമാണ്. നിലവിലെ വിലകുറഞ്ഞ ടെസ്ലയാണിത്. ഏകദേശം 23ലക്ഷമാണിതിന്‍െറ അടിസ്ഥാന വില. ഇറക്കുമതിയായതിനാല്‍ നികുതിയൊക്കെ ചേര്‍ത്ത് വരുമ്പോള്‍ പിന്നേയും കുടും. സാധാരണ നാം കണ്ടിട്ടുള്ള ഇലക്ട്രിക്കിനെ പോലെ പതുങ്ങി നടക്കുന്നവനല്ല മോഡല്‍ 3. പൂജ്യത്തില്‍ നിന്ന് നൂറിലത്തൊന്‍ കേവലം ആറ് സെക്കന്‍ഡ് മതി. ഒരു ചാര്‍ജില്‍ 402കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാനാകുമെന്നതും പ്രത്യേകതയാണ്. ടെസ്ലകളുടെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ രസകരമായൊരു കാര്യം ശ്രദ്ധയില്‍ പെടും. ഇവക്ക് ഇരട്ട ബൂട്ടാണ്. പിന്നിലും മുന്നിലും. എഞ്ചിന്‍ ഇല്ലാത്തതാണ് ഇതിന് കാരണം. സാധനങ്ങള്‍ വക്കാന്‍ ധാരാളം സ്ഥലം ലഭിക്കുമെന്ന് സാരം.

ഇതുകൊണ്ട് മറ്റൊരു നേട്ടവുമുണ്ട്. ആദ്യ നിര സീറ്റുകള്‍ പരമാവധി മുന്നിലായതിനാല്‍ വാഹനത്തിനുള്ളില്‍ ധാരാളം സ്ഥലം ലഭിക്കും. ഓട്ടോ പൈലറ്റ് സംവിധാനം, പനോരമിക് സണ്‍റൂഫ്, അതിഗംഭീരമായ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം തുടങ്ങി നാം സങ്കല്‍പ്പിക്കുന്നതിനേക്കാളും ആധുനികനാണ് ടെസ്ല. ഇന്ത്യന്‍ സര്‍ക്കാറിന്‍െറ പുതിയ നയം ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതതുംകൂടിയായതിനാല്‍ ടെസ്ലക്ക് നല്ലകാലം വരുമെന്ന് പ്രതീക്ഷിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.