കാറ്റുവേണ്ടാത്ത കാലം

നമ്മുടെ നാട്ടില്‍ വണ്ടിയുണ്ടായിട്ട് കാലം കുറെയായി. കുരങ്ങ് മനുഷ്യനാകുന്നതിനിടെയുണ്ടായ പരിണാമത്തെക്കാള്‍ മാറ്റം വണ്ടികള്‍ക്കുമുണ്ടായിട്ടുണ്ട്. കാളവണ്ടിക്ക് മോട്ടോര്‍ വെച്ചതുപോലുള്ള കാറും ലോറിയുമൊക്കെ കാലത്തിന്‍െറ കുത്തൊഴുക്കിലും വെള്ളക്കെട്ടിലും പെട്ട് മനോഹരനായി. ഇപ്പോള്‍ വഴിയില്‍ കിടക്കുന്ന സാധനം കാറാണോ ബൈക്കാണോ ശില്‍പമാണോ അതോ വല്ല ജീവിയുമാണോ എന്നൊക്കെ സംശയിച്ചുപോകുന്ന സ്ഥിതിയാണ്. പക്ഷേ അന്നും ഇന്നും മാറാത്ത ഒന്നുണ്ട്. വട്ടത്തിലുള്ള ടയറും അതിനുള്ളിലെ കാറ്റും. അംബാനിയും അംബുജാക്ഷനും മൂക്കിലൂടെ വലിച്ചുകയറ്റുന്ന അതേ വായുതന്നെയാണ് റോള്‍സ് റോയിസും അംബാസിഡറും ടയറിലേക്ക് അടിച്ചുകയറ്റുന്നത്. ഇടക്ക് നൈട്രജന്‍ എന്നൊക്കെ പറഞ്ഞ് ചിലര്‍ പേടിപ്പിക്കുന്നുണ്ടെങ്കിലും സാധാരണക്കാരന് അതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. പൊട്ടിയ ടയറില്‍ പയറ് കൃഷി തുടങ്ങുന്ന കാലത്ത് ചിലപ്പോള്‍ ഗുണം കിട്ടിയേക്കും.

ബസിന്‍െറ ടയറിലെ കാറ്റുകുത്തിവിടുക എന്ന വിപ്ളവ പ്രവര്‍ത്തനത്തിലൂടെ കുറച്ചുപേര്‍ക്ക് കുട്ടിനേതാക്കന്മാരാകാന്‍ കഴിഞ്ഞതാണ് പരമ്പരാഗതരീതിയിലുള്ള ടയര്‍ നമ്മുടെ നാടിന് നല്‍കിയ ഏറ്റവും വലിയ സംഭാവന. പക്ഷേ കലാലയരാഷ്ട്രീയം നിരോധിച്ച സാഹചര്യത്തില്‍ ഇത്തരം ടയറുകള്‍ക്ക് ഇനി പ്രസക്തിയില്ല. ഈ സാഹചര്യംകൂടി കണക്കിലെടുത്ത് കാറ്റില്ലാത്ത ടയറുകള്‍ നിര്‍മിക്കാനുള്ള ഗവേഷണം പുരോഗമിക്കുകയാണ്. ശക്തമായ പുറംചട്ടയില്‍നിന്ന് റബറിന്‍െറ ആരക്കാലുകള്‍ ഉപയോഗിച്ച് വണ്ടിയെ താങ്ങി നിര്‍ത്തുന്ന ടയറുകളും കാറ്റിന്‍െറ സ്്ഥാനത്ത് തേനീച്ചകൂടുപോലെയുള്ള റബര്‍വല സ്ഥാപിച്ച് നിര്‍മിക്കുന്ന ടയറുകളും ഏതാണ്ട്  വിജയം കണ്ടുകഴിഞ്ഞു. മിഷേലിനും ഗുഡ്ഇയറുമൊക്കെയാണ് ഈ ഗവേഷണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. മറ്റ് ടയറുകളെ അപേക്ഷിച്ച് കറങ്ങാന്‍ കൂടുതല്‍ പ്രയാസം ഉണ്ടാകുമെന്നതും കൂടുതല്‍ ഭാരം താങ്ങാന്‍ കഴിവില്ല എന്നതുമാണ് കാറ്റില്ല ടയറുകള്‍ നേരിടുന്ന പ്രതിസന്ധി. എന്നാലും ഗവേഷണം മുന്നോട്ടുരുളുന്നുണ്ട്.

ട്വീല്‍
 

മിഷേലിന്‍ 2005ല്‍ ടയറും വീലും ചേര്‍ത്ത് ’ട്വീല്‍’ എന്നൊരു കാറ്റില്ലാ ചക്രം ഉണ്ടാക്കിയിരുന്നു. 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗമെടുക്കുമ്പോള്‍ വെട്ടി വിറക്കുന്ന ഒരു പേടിത്തൊണ്ടനായിപ്പോയി ഈ ചക്രം. 150 കിലോ ഭാരം താങ്ങാന്‍ ശേഷിയുള്ള ഇത്തരമൊരു ചക്രം ബ്രിഡ്ജ് സ്റ്റോണും നിര്‍മിച്ചിട്ടുണ്ട്. ഗുഡ്ഇയര്‍ ഒരു പടികൂടി കടന്ന് ചക്രങ്ങള്‍ ഗോളാകൃതിയിലാക്കിയാലോ എന്ന പഠനത്തിലാണ്. മാഗ്നെറ്റിക് പവറില്‍ തിരിയുന്ന ഗോളം. അതോടെ ടയറിന്‍െറ വട്ടം വെറും ഓര്‍മയായി മാറും. കാറിന്‍െറ നാല് വശങ്ങളിലും വലിയ നാല് പന്ത് വെച്ചപോലെയായിരിക്കും ഈ ടയര്‍. കാറ്റില്ലാത്ത ചക്രങ്ങള്‍ ഇപ്പോള്‍ ലോണ്‍മൂവര്‍ പോലെ ചെറിയ ഉപകരണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.

സൈക്കിളുകള്‍ക്ക് ഇത്തരം ടയര്‍ കിട്ടുമെങ്കിലും കുറച്ച് കഴിയുമ്പോള്‍ റിമ്മില്‍നിന്ന് ഊരിപ്പോകുന്ന പ്രശ്നം ഉണ്ടാകുന്നുണ്ട്.  വെടികൊണ്ടാലും വഴിയില്‍ കിടക്കില്ല എന്നതുകൊണ്ട് പട്ടാളക്കാര്‍ക്ക് ഇത്തരം ചക്രങ്ങളെക്കുറിച്ച് കേള്‍ക്കുന്നത് പെരുത്ത് സന്തോഷമാണ്. അല്ളെങ്കിലും കാറ്റുപോകുന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ലല്ളോ. ലോകത്തെ പല പ്രമുഖ സര്‍വകലാശാലകളും കാറ്റില്ലാ ചക്രം നിര്‍മിക്കാനുള്ള ഗവേഷണത്തിലാണ്. ഇത് യാഥാര്‍ത്ഥ്യമായിട്ട് വേണം ഇവ എങ്ങനെ പഞ്ചറാക്കാമെന്നുള്ള ഗവേണം നമ്മുടെ സര്‍വകലാശാലകളില്‍ തുടങ്ങാന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.