ബജാജിന്‍െറ പായും പുലി

ഇന്ത്യന്‍ ബൈക്ക് വിപണി വളര്‍ച്ചയുടെ പാതയിലാണ്. പെട്ടെന്നെന്താ ഇങ്ങിനെ പറയാനെന്ന് ചോദിച്ചാല്‍, ബജാജാണ് അതിന് കാരണം. ഇന്ത്യയില്‍ നൂറ് സി.സിയില്‍ കിതച്ചുകൊണ്ടിരുന്ന ഇരുചക്ര വാഹന സ്വപ്നങ്ങള്‍ക്ക് ഗതിവേഗം നല്‍കിയത് ബജാജായിരുന്നു. നൂറില്‍ നിന്ന് 150ലേക്ക് പള്‍സറിലൂടെ അവര്‍ നടത്തിയ ഒറ്റച്ചാട്ടമായിരുന്നു ഇതിന്‍െറ ആധാരം. അതേ ബജാജ് തങ്ങളുടെ വിപ്ളവ ശ്രമങ്ങള്‍ തുടരുകയാണ്. പള്‍സറിന്‍െറ 400സി.സി വകഭേദം അവതരിപ്പിച്ചാണ് ഇത്തവണ കമ്പനി തങ്ങളുടെ നയം വ്യക്തമാക്കുന്നത്. കുഞ്ഞന്‍ സൂപ്പര്‍ ബൈക്കെന്ന് വേണമെങ്കില്‍ സി.എസ് 400നെ വിശേഷിപ്പിക്കാം. സി.എസ് എന്നാല്‍ ക്രൂയ്സര്‍ സ്പോര്‍ട്ട് എന്നാണ് ബജാജ് എഞ്ചിനീയര്‍മാര്‍ പറയുന്നത്. 1000 സി.സിക്ക് മുകളില്‍ വരുന്ന സൂപ്പര്‍ ബൈക്കുകളുടെ കുള്ളന്‍ പതിപ്പുകളാണ് ഇത്തരക്കാര്‍. നിലവില്‍ കെ.ടി.എം ആര്‍.സി 390 ആണ് ഈ വിഭാഗത്തിലെ താരം. സി.എസ് വരുന്നതോടെ ബജാജിന്‍െറ ഏറ്റവും കരുത്തന്‍ ബൈക്കായും ഇത് മാറും. രൂപത്തില്‍ ഡ്യൂക്കാട്ടി ദിയവേലിനോടാണ് സി.എസ് 400ന് സാമ്യം. 16ലക്ഷം വിലവരുന്ന 1198സി.സി ബൈക്കാണ് ദിയവേല്‍. സാമ്യം രൂപത്തില്‍ മാത്രമെന്ന് സാരം. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ബൈക്ക് ആദ്യമായി ബജാജ് അവതരിപ്പിച്ചത്.

ഡ്യൂക്കാട്ടി ദിയവേല്‍
 

രൂപം കണ്ടാല്‍ കുതിക്കാനൊരുങ്ങുന്ന ചീറ്റയാണിതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. ക്രൂയ്സര്‍ ബൈക്കുകളുടെ രൂപത്തോടാണ് കൂടുതല്‍ സാമ്യം. അതുകൊണ്ട് തന്നെ അല്‍പ്പം താഴ്ന്നാണ് ഇരുപ്പ്. മുന്നില്‍ നിന്ന് നോക്കിയാല്‍ നല്ല ഭംഗിതോന്നും. ചെറിയ വൈസറും പുത്തന്‍ എല്‍.ഇ.ഡി ഹെഡ്ലൈറ്റുകളും ആകര്‍ഷകം. സാധാരണ ടെലിസ്കോപ്പിക് സസ്പെന്‍ഷനാണ് മുന്നില്‍. പിന്നിലാകട്ടെ മോണോഷോക്കും. ദിയവേലിനെ അനുസ്മരിപ്പിച്ച് ഇന്‍സ്ട്രുമെന്‍റ് ക്ളസ്ചര്‍ രണ്ടായി വിഭജിച്ചാണ് നല്‍കിയിരിക്കുന്നത്. ഒന്ന് സാധാരണ പോലെ ഹാന്‍ഡില്‍ ബാറിന് മുന്നിലും മറ്റൊന്ന് ഇന്ധന ടാങ്കിന് മുകളിലുമാണ്.

മൊത്തം ഡിജിറ്റല്‍ ക്ളസ്ചറുകളാണ് ബൈക്കിന്. പള്‍സര്‍ കുടുംബത്തിലെ എല്ലാ വാഹനങ്ങളോടും സാമ്യമുള്ളതാണ് ഇന്ധന ടാങ്ക്. പുരുഷത്വം തുളുമ്പുന്ന ചതുരവടിവാണിതിന്. ടാങ്കിന് കൂടുതല്‍ സാമ്യം എന്‍.എസ് 200നോടാണെന്ന് പറയാം. രണ്ടുപേര്‍ക്ക് സുഖമായിരിക്കാവുന്ന സീറ്റുകള്‍ പിന്നിലത്തെുമ്പോള്‍ അല്‍പ്പം ഉയരന്നിട്ടാണ്. ടെയില്‍ ലൈറ്റുകളും പള്‍സര്‍ കുടുംബത്തിന്‍െറ അതേ ഛായയുള്ളതുതന്നെ. സാധാരണ ബൈക്കുകളിലേതിനേക്കാള്‍ നീളം കൂടിയ വീല്‍ബേസ് കാരണം ഉയര്‍ന്ന വേഗത്തിലും നല്ല നിയന്ത്രണം ലഭിക്കും.  


സി.എസ്400 എന്ന പായുംപുലിക്ക് കരുത്ത്പകരുന്നത് 373സി.സി, ലിക്വിഡ്കൂള്‍ഡ് സിംഗ്ള്‍ സിലിണ്ടര്‍ എഞ്ചിനാണ്. കെ.ടി.എം 390, പള്‍സര്‍ 200 തുടങ്ങിയവയിലൊക്കെ ഉപയോഗിച്ചിരിക്കുന്ന അതേ സാങ്കേതിക വിദ്യ തന്നെയാണ് ഇവിടെയുമുള്ളത്. 40ബി.എച്ച്.പി കരുത്തും 30എന്‍.എം ടോര്‍ക്കും എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ്. പ്രധാന എതിരാളിയായ കെ.ടി.എം 390യേക്കാള്‍ അല്‍പ്പം കുറവാണ് ഈ കണക്കുകള്‍. കെ.ടി.എമ്മിന്‍െറ എഞ്ചിന്‍ 44 ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തനാണ്. കുറഞ്ഞ വേഗത്തിലും ഹൈവേ ക്രൂയ്സിങ്ങിനും അനുയോജ്യമാണ് സി.എസ്400 എന്നാണ് ബജാജിന്‍െറ അകകാശവാദം. ആദ്യം മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകള്‍ മതിയന്ന തീരുമാനത്തിലായിരുന്നു ബജാജ്.

എന്നാല്‍ 2018ഓടെ നിയമം കൂടുതല്‍ കര്‍ക്കശമാക്കുമെന്ന കണക്കുകൂട്ടലില്‍ എ.ബി.എസ് ബ്രേക്കിങ്ങ് സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കാനും കമ്പനി ആലോചിക്കുന്നുണ്ട്. ബജാജ് എപ്പോഴും ഉപഭോക്താക്കളെ കൈയ്യിലെടുക്കുന്നത് കൊടുക്കുന്ന പണത്തിന് അല്‍പ്പം കൂടുതല്‍ മൂല്യമുള്ള ഉല്‍പ്പന്നം നല്‍കിക്കൊണ്ടാണ്. ഇവിടേയും അത് തുടരുമെന്നാണ് പുറത്തുവരുന്ന വില വിവരം നല്‍കുന്ന സൂചന. 1.6ലക്ഷം മുതല്‍ 1.7വരെയാണ് വില പ്രതീക്ഷിക്കപ്പെടുന്നത്. കെ.ടി.എം 390യുടെ വില രണ്ട് ലക്ഷത്തിന് പുറത്താണെന്നറിയുമ്പോഴാണ് ബജാജ് ഒരുങ്ങിത്തന്നെയാണെന്ന് മനസിലാകുക. 2016 അവസാനത്തോടെ പായും പുലി നിരത്തുകളിലത്തെും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.