വഴിവിട്ട പോക്കുകള്‍ക്കൊരു ബൈക്ക്

റോയല്‍ എന്‍ഫീല്‍ഡ് എന്നുകേള്‍ക്കുമ്പോള്‍ പുതിയ തലമുറ ബുള്ളറ്റ് എന്ന് അലറും. മുടിഞ്ഞ വിലയും ഒടുക്കത്തെ ചെലവും എന്നു പറഞ്ഞ് പഴയ തലമുറ തള്ളിയ സാധനമാണിത്. പണ്ടു പണ്ട് അതായത് ഇപ്പോള്‍ പ്ളസ്ടുവിന് പഠിക്കുന്ന പിള്ളാര്‍ ഉണ്ടാകുന്നതിനും മുമ്പ് എന്‍ഫീല്‍ഡ് കമ്പനി കുറെ ബൈക്കുകള്‍ ഉണ്ടാക്കിയിരുന്നു. അതില്‍ ഏറ്റവും കൗതുകമുണര്‍ത്തിയ മോഡലാണ് മോഫ. നടന്നുപോകുന്നതിനെക്കാള്‍ ചെലവ് കുറവ് എന്നായിരുന്നു പരസ്യവാചകം. അപ്പോള്‍ എന്തായിരുന്നു സാധനം എന്ന് ഊഹിക്കാമല്ളോ. പുല്‍ചാടി പോലൊരു വണ്ടി. സില്‍വര്‍ പ്ളസ്, ഫ്യൂറി, എക്സ്പ്ളോറര്‍ എന്നീ അല്‍പപ്രാണികളെയൊണ് എന്‍ഫീല്‍ഡ് പണ്ട് പ്രധാനമായും ഉണ്ടാക്കിയിരുന്നത്. ഒപ്പം മിനി ബുള്ളറ്റ്എന്ന പേരില്‍ 200 സിസിയുടെ ഒരു വണ്ടിയുമുണ്ടായിരുന്നു. നമ്മുടെ ലാമ്പി സ്കൂട്ടര്‍ പോലെ തോന്നിക്കുന്ന, അതിനെക്കാള്‍ ബോറായ ഫന്‍റാബുലസ് എന്ന സ്കൂട്ടറും ഉണ്ടായിരുന്നു.

ഇവക്കിടയിലാണ് സാക്ഷാല്‍ ബുള്ളറ്റ് കഴിഞ്ഞിരുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. മറ്റെല്ലാം മറന്ന് കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ബുള്ളറ്റിനെക്കുറിച്ച് മാത്രമെ എന്‍ഫീല്‍ഡ് ചിന്തിച്ചിട്ടുള്ളൂ. അതിനെ പുതിയ കുപ്പായമിട്ടും മസില് കൂട്ടിയും കുറച്ചുമൊക്കെ പലതരം മോഡലുകള്‍ ഉണ്ടാക്കി. കാമ്പസും സൂപ്പര്‍സ്റ്റാറുമൊക്കെ ഇങ്ങനെയാണ് വന്നത്. ഇപ്പോള്‍ ഞണ്ട് പോലിരിക്കുന്ന ക്ളാസിക്കും ഗുണ്ട് പോലുള്ള ബുള്ളറ്റ് 500 ഉം ചേര്‍ന്ന് റോഡ് അടക്കിവാഴുകയാണ്. നാലുപേര്‍ നല്ലതുപറയാന്‍ തുടങ്ങിയപ്പോള്‍ ഒരു അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് ഉണ്ടാക്കിയാലോ എന്ന ആലോചന വന്നു. റോഡോ തോടോ എന്ന് അറിയാനാവാത്ത വഴികളില്‍ കൂടി ഓടിക്കാന്‍ പറ്റിയ ഇനമാണിത്.  സംഗതി പെട്ടെന്ന് പണിതെടുക്കുകയും ചെയ്തു. പേര് ഹിമാലയന്‍. ഇന്നുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും വ്യത്യസ്തനായ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് ഹിമാലയന്‍  എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയതായി വികസിപ്പിച്ച 411 സി സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഹിമാലയനില്‍. 6500 ആര്‍പിഎമ്മില്‍ 24.50 ബിഎച്ച്പി ശക്തിയും 4500 ആര്‍പിഎമ്മില്‍ 32 എന്‍എം ടോര്‍ക്കും നല്‍കും. നിലവിലുള്ള ബൈക്കുകളുടെ ഘടകങ്ങള്‍ ഉപയോഗിക്കാതെയാണ് ഹിമാലയനെ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.  ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച എന്‍ജിന് 10,000 കിലോമീറ്റര്‍ ഇടവേളകളില്‍ മാത്രം ഓയില്‍ മാറിയാല്‍ മതി. 2190 മില്ലീമീറ്റര്‍ നീളം, 840 എം.എം. വീതി. 1360 എം.എം. ഉയരം 1465 എം.എം. വീല്‍ ബേസ്എന്നിവയാണ് അഴകളവുകള്‍. ഓഫ് റോഡിങ്ങിന് ഇണങ്ങും വിധം 220 മിമീ ഗ്രൗണ്ട് ക്ളിയറന്‍സാണ് നല്‍കിയിട്ടുണ്ട്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വലുപ്പമുള്ള ചക്രങ്ങള്‍. ഭാരം 182 കിലോഗ്രാം. പിന്നില്‍ മോണോ സസ്പെന്‍ഷനാണ് ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സില്‍ ആദ്യ ഗിയര്‍ താഴേക്കും നാലെണ്ണം മുകളിലേക്കും എന്നരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മെലിഞ്ഞ് നീണ്ട പെട്രോള്‍ ടാങ്ക് കാലുകള്‍ ഇരുഭാഗത്തും ഉറപ്പിച്ച് വണ്ടിയെ നിയന്ത്രിക്കാനാവും വിധമാണ് നിര്‍മിച്ചിരിക്കുന്നത്.റൈഡറുടെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ഇന്‍സ്ട്രുമെന്‍റ് ക്ളസ്റ്ററാണ് പ്രധാന ആകര്‍ഷണം.  വണ്ടിയുടെ വേഗവും എഞ്ചിന്‍െറ വേഗവും മുതല്‍ അന്തരീക്ഷ ഊഷ്മാവ് വരെ കാണിച്ചു തരുന്ന ഒരു കൊച്ചു ശാസ്ത്രജ്ഞനാണ് ഈ ക്ളസ്റ്റര്‍. ഇരട്ട ട്രിപ് ഗേജുകള്‍ ഓരോ ട്രിപ്പിന്‍െറയും ശരാശരി വേഗം വരെ കാണിച്ചുതരും.  1.75 ലക്ഷം രൂപയാണ് ഏകദേശ വില. സത്യം പറഞ്ഞാല്‍ ഹീറോയുടെ ഇംപള്‍സ് വിഭാഗത്തില്‍ പെടുന്ന ബൈക്കാണിത്.  തനി ഓഫ് റോഡ് ബൈക്കുകള്‍ ഉണ്ടാക്കി ലോകപ്രശസ്തമായ കെടിഎം ഇന്ത്യയിലുണ്ടെങ്കിലും അവരുടെ ബൈക്ക് വാങ്ങുന്നവര്‍ വഴിവിട്ടു പോകുന്നത് കുറവാണ്. അപ്പോള്‍ യാത്രയും സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ ഹിമാലയനില്‍ കയറി ഹിമാലയത്തിലേക്ക് പോകുമെന്നാണ് ഐഷര്‍ ഗ്രൂപ്പ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.