ഇനിയെത്ര കാലം ഡീസലും പെട്രോളും അടിക്കുന്ന വാഹനങ്ങള്‍ നിരത്തിലുണ്ടാകും. ഏറിയാലൊരു 20-25 വര്‍ഷം. അതുകഴിഞ്ഞാലും യാത്രകളുണ്ടാകും. കാറുകളും ബൈക്കുകളും നിരത്തിലൂടെ ചീറിപ്പായും. ആനവണ്ടികള്‍ കൊള്ളാത്തത്ര മനുഷ്യരുമായി സര്‍വീസ് നടത്തും. ട്രക്കുകള്‍ ആളെകൊല്ലികളും ചരക്കുനീക്കികളുമായി ഓടിക്കൊണ്ടേയിരിക്കും. എന്തായിരിക്കും അന്നത്തെ ഇന്ധനം. വറ്റിത്തുടങ്ങിയ എണ്ണപ്പാടങ്ങള്‍ അന്ന് പ്രേത ഭൂമികളായി മാറിയിട്ടുണ്ടാകും. ഭാവിയിലെ ഇന്ധനങ്ങളെപറ്റി ഗവേഷകര്‍ പലതരം പ്രതീക്ഷകള്‍ പറയുന്നുണ്ട്. അതില്‍ ഏറ്റവും വലിയ സാധ്യതയാണ് വൈദ്യുതി. ഇപ്പോള്‍തന്നെ വമ്പന്‍ വാഹന നിര്‍മ്മാതാക്കളെല്ലാം തങ്ങളുടെ പരീക്ഷണശാലകളില്‍ ഇലക്ട്രിക് മോട്ടോറുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ വാഹകശേഷിയുള്ള ബാറ്ററികളുടെ കണ്ടുപിടിത്തം മാത്രമാണ് ഈ രംഗത്തെ കുതിച്ചുചാട്ടത്തെ ഒരു പരിധിവരെയെങ്കിലും തടഞ്ഞിരിക്കുന്നത്. കുഞ്ഞന്‍ സാങ്കേതികത(നാനൊ ടെക്നോളജി) വരുന്നതോടെ എല്ലാം അട്ടിമറിക്കപ്പെടും. കോടിക്കണക്കിന് സെല്ലുകളാല്‍ തീര്‍ത്ത അഞ്ഞൂറൊ ആയിരമൊ മണിക്കൂറുകള്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ എല്ലാ ഭാവനകളേയും തകര്‍ത്ത് ഇന്ധനലോകത്ത് പിടിമുറുക്കും. ഇപ്പോഴിതൊക്കെ പറയാനൊരു കാരണമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. കൃത്യമായി പറഞ്ഞാല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
ബൈക്ക് നിര്‍മാണത്തില്‍ സ്ഥിരപ്രതിഷ്ട നേടിയ കമ്പനികളൊന്നുമല്ല ഈ സംരഭവുമായി എത്തിയിരിക്കുന്നത്. പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോര്‍ക്ക് മോട്ടോര്‍സൈക്കിള്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ‘ടി സിക്സ് എക്സ്’ എന്ന ഇലക്ട്രിക് ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. 2017ഏപ്രിലില്‍ നിരത്തിലിറക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ബൈക്കിന് കരുത്ത് പകരുന്നത് ആറ് കെ.വി ശക്തിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആണ്. തീരെക്കുറവല്ലാത്ത 27എന്‍.എം ടോര്‍ക്ക് മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. 100കിലോമീറ്റര്‍ സ്പീഡില്‍ വരെ പോകാനാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനംവരെ ബാറ്ററി ചാര്‍ജ് ആകും. മൊത്തം ചാര്‍ജ് ആകാന്‍ രണ്ട് മണിക്കൂര്‍ മതി. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 100കിലോമീറ്റര്‍വരെ ഓടാനാകും. 130കിലോയാണ് വാഹനത്തിന്‍െറ ഭാരം. 17ഇഞ്ച് അലോയ്വീലുകള്‍, ട്യൂബ്ലെസ്സ് ടയറുകള്‍, എ.ബി.എസ് ബ്രേക്കിങ്ങ്, 160എം.എം ഗ്രൗണ്ട് ക്ളിയറന്‍സ് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍.
ഇന്‍ട്രുമെന്‍റ് ക്ളസ്ചര്‍ 4.3ഇഞ്ച് ടി.എഫ്.ടി സ്ക്രീനില്‍ ഒതുക്കിയിരിക്കുന്നു. ഇതില്‍ ജി.പി.എസ് ഉള്‍പ്പടെ ലഭിക്കും. എക്കണോമിക്, സ്പോര്‍ട്സ് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളാണുള്ളത്. എല്ലാം കേട്ട് കഴിയുമ്പോള്‍ ഒരു സംശയം ഉണ്ടാകം. ഇന്ധന ടാങ്കിരിക്കുന്ന സ്ഥലം എന്ത് ചെയ്യുമെന്ന്. അവിടെ ഉടമകള്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ സൂക്ഷിക്കാം. ഉള്ളില്‍ ചാര്‍ജിങ്ങ് പോയിന്‍റ് ഉള്ളതുകൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്യാനുമാകും. ആദ്യഘട്ടത്തില്‍ പുനെ, ബാംഗളുരു,ഡല്‍ഹി എന്നീ നഗരങ്ങളിലാണ് ടി സിക്സ് എക്സ് ലഭ്യമാകുക. ഇവിടങ്ങളില്‍ ബൈക്ക് ടെസ്റ്റ് ഡ്രൈവ് നടത്താനായി എക്സ്പീരിയന്‍സ് സെന്‍ററുകള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. പണം മുന്‍കൂട്ടി അടക്കാതെതന്നെ ബുക്കിങ്ങ് നടത്താനുള്ള സൗകര്യവുമുണ്ട്. ഷോറൂമുകളൊന്നും തുറക്കാത്തതിനാല്‍ ബൈക്കിന്‍െറ വില കണക്കാക്കുന്നത് എക്സ് ഫാക്ടറി നിരക്കിലാണ്. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്കിന്‍െറ എക്സ് ഫാക്ടറി പ്രൈസ് 1,25,000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.