പടപടാ മിടിക്കുന്ന ഹൃദയമുള്ള കുട്ടി

നെനോ എന്ന ഫ്രഞ്ച് വാഹന നിര്‍മ്മാതാവിന്‍െറ ഇന്ത്യയിലെ തലവര മാറ്റിയെഴുതിയ രണ്ട് മോഡലുകളാണ് ഡസ്റ്ററും ക്വിഡും. മിനി എസ്.യു.വികള്‍ക്ക് മേല്‍വിലാസമുണ്ടാക്കിയ വാഹനമായിരുന്നു ഡസ്റ്റര്‍. ഇന്നും ഈ വിഭാഗത്തിലെ ബെസ്റ്റ് സെല്ലര്‍ മറ്റാരുമല്ല. രണ്ടാമനായ ക്വിഡ് ചരിത്രം തിരുത്തിയാണ് മുന്നേറുന്നത്. ചെറുകാര്‍ വിപണിയില്‍ യാഗാശ്വമായി പാഞ്ഞുകൊണ്ടിരുന്ന മാരുതിആള്‍ട്ടോയെ പിടിച്ചുകെട്ടിയ കുട്ടിയാണ് ക്വിഡ്. പുറത്തിറങ്ങി ഒറ്റവര്‍ഷംകൊണ്ട് 80,000 ക്വിഡുകള്‍ നിരത്തിലത്തെിക്കഴിഞ്ഞു. എസ്.യു.വികളെ അനുസ്മരിപ്പിക്കുന്ന രൂപവും ഈ വിഭാഗത്തില്‍ മറ്റാരും നല്‍കാത്ത സ്ഥലസൗകര്യവും ടച്ച്സ്ക്രീനും അതിശയിപ്പിക്കുന്ന ഇന്ധനക്ഷമതയുമായാണ് ക്വിഡ് ഭാരതീയരുടെ ഹൃദയങ്ങള്‍ കീഴടക്കിയത്. അപ്പോഴും ഉടമകള്‍ സ്വകാര്യമായി പറയുന്നൊരു കാര്യമുണ്ടായിരുന്നു. ‘വണ്ടിയങ്ങോട്ടു വലിക്കുന്നില്ല’. കാര്യം ശരിയായിരുന്നു. ക്വിഡിന്‍െറ 0.8ലിറ്റര്‍ 800സി.സി മൂന്ന് ലിറ്റര്‍ എഞ്ചിന്‍ പ്രകടക്ഷമതയില്‍ അത്ര മികവില്ലാത്തതായിരുന്നു. 54ബി.എച്ച്.പിയും 72 എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ചിരുന്നെങ്കിലും ഇന്ധനക്ഷമത കൂട്ടാനായി റെനോ എഞ്ചിനീയര്‍മാര്‍ കാട്ടിയ സൂത്രവിദ്യകള്‍ ക്വിഡിനെ പേരുദോഷം കേള്‍പ്പിച്ചിരുന്നു.

ചുരുക്കത്തില്‍ ഹൃദയമിടിപ്പ് കുറഞ്ഞൊരു കുട്ടിയായിരുന്നു ക്വിഡ്. ഒന്നാം പിറന്നാളാഘോഷ വേളയില്‍ പരാതികളെല്ലാം പരിഹരിക്കാന്‍ ക്വിഡിനായി പുതിയൊരു എഞ്ചിന്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു റെനോ. വലുപ്പം കൂടിയ 1.0ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എഞ്ചിന്‍ 68ബി.എച്ച്.പി കരുത്തും 91എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇതോടെ പ്രതിസന്ധിയിലാകുന്നത് മാരുതിയും ഹ്യൂണ്ടായുമാണ്. ആള്‍ട്ടോ 800, ഇയോണ്‍ തുടങ്ങിയ തങ്ങളുടെ കുഞ്ഞന്‍മാര്‍ വിപണിയില്‍ ഇനിയും വിയര്‍ക്കുമെന്ന് അവര്‍ക്ക് നന്നായറിയാം. ക്വിഡ് 1.0ലിറ്റര്‍ വാഹനത്തിന് 40k.g ഭാരം കൂടുതലുണ്ട്. എന്നാല്‍ മൊത്തം ഭാരം 700kgയില്‍ നിലനിര്‍ത്തിയതുകാരണം പെര്‍ഫോമന്‍സില്‍ കുറവൊന്നും വന്നിട്ടില്ല.

തുടക്കത്തിലെ ചെറിയൊരു പതര്‍ച്ച ഇപ്പോഴും ക്വിഡിനുണ്ട്. ആദ്യ ഗിയറില്‍ നിന്ന് രണ്ടാമത്തേതിലേക്ക് മാറുമ്പോള്‍ ഇത് മാറിക്കിട്ടും. വാഹനങ്ങളെ മറികടക്കലും കൂടുതല്‍ അനായാസമായിട്ടുണ്ട്. എന്നാല്‍ ആള്‍ട്ടോ 800നോളം മെച്ചപ്പെട്ടെന്ന് പറയാനാകില്ല. ലൈറ്റ് ക്ളച്ചും എളുപ്പത്തില്‍ ഇടാവുന്ന ഗിയറും നഗരയാത്രക്ക് പറ്റിയത്. ഹൈവേകളിലും തുടര്‍ച്ചയായ കരുത്തും സ്ഥിരതയും നല്‍കും. എന്നുവച്ചാല്‍ പടപടാ മിടിക്കുന്ന ഹൃദയമുള്ള കുട്ടിയായി ക്വിഡ് മാറിയിട്ടുണ്ടെന്നര്‍ഥം. നിലവില്‍ ഓട്ടോമാറ്റിക് ക്വിഡുകള്‍ ലഭ്യമല്ല. ഏറെ വൈകാതെ എ.എം.ടി ക്വിഡുകള്‍ റെനോ അവതരിപ്പിക്കുമെന്നാണ് സൂചന. 
മറ്റ് പ്രത്യേകതകള്‍


സാധാരണ ക്വിഡുകളെ അപേക്ഷിച്ച് അകത്തും പുറത്തും കാര്യമായ വ്യത്യാസങ്ങളൊന്നും പുതിയ വാഹനത്തിനില്ല. റിയര്‍വ്യൂ മിററില്‍ സില്‍വര്‍ കളര്‍കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഉള്ളിലെ ഇരട്ട ഗ്ളൗബോക്സുകള്‍, സെന്‍റര്‍ കണ്‍സോളിലെ വലിയ ടച്ച്ക്ക്രീന്‍ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ തുടങ്ങിയവ ഏറെ ജനപ്രിയമാര്‍ജ്ജിച്ചതാണ്. കുഞ്ഞന്‍ വാഹനമെന്നത് അനുഭവിപ്പിക്കാത്ത സ്ഥലസൗകര്യമാണ് ക്വിഡിലേത്. 300ലിറ്റര്‍ ഡിക്കി അത്യാവശ്യം സാധനങ്ങള്‍ ഉള്‍ക്കൊള്ളും. ഡ്രൈവര്‍ എയര്‍ബാഗ്, പ്രൊസെന്‍സ് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന സീറ്റ്ബല്‍റ്റ് തുടങ്ങിയ പ്രത്യേകതകളും ഉണ്ട്. ചെറിയ എഞ്ചിനുള്ള ക്വിഡ് 25.17km/l ഇന്ധനകഷമത നല്‍കിയിരുന്നു.

പുത്തന്‍ ഹൃദയവും  ഇന്ധനക്ഷമതയില്‍ പിന്നിലല്ല. 23.01എന്ന തരക്കേടില്ലാത്ത മൈലേജ് നല്‍കും. ഉയര്‍ന്ന വേരിയന്‍റായ ആര്‍ എക്സ് ടിയില്‍ മാത്രമാണ് വലിയ എഞ്ചിന്‍ ലഭിക്കുന്നത്. പഴയതിനെ അപേക്ഷിച്ച് പുത്തന്‍ ക്വിഡ് വാങ്ങാന്‍ 22,000 രൂപ അധികം നല്‍കണം. എഞ്ചിനിലെ പോരായ്മകള്‍ കാരണമാണൊ നിങ്ങള്‍ ക്വിഡ് വാങ്ങാതിരുന്നത്, മുടക്കുന്ന പണത്തിന് പൂര്‍ണ്ണമായ മൂല്യം കിട്ടണൊ പുതിയ ക്വിഡ് നിങ്ങള്‍ക്കുള്ളതാണ്. വില 3.82 ലക്ഷം(എക്സ്ഷോറും ഡല്‍ഹി)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.