ബെനല്ലിയുടെ വെടിയുണ്ട

പണ്ടുപണ്ട് ഇറ്റലിയില്‍ തോക്കുകളും വെടിയുണ്ടകളും ഉണ്ടാക്കുന്നൊരു കമ്പനി ഉണ്ടായിരുന്നു. പേര് ബെനല്ലി. അങ്ങിനെയിരിക്കെ അവര്‍ക്കൊരു മോഹം. കുറച്ച് ബൈക്കുകള്‍ ഉണ്ടാക്കിയാലൊ. 1911ലെ കഥയാണിത്. അങ്ങിനെ അവര്‍ യൂറോപ്പിലെ ആദ്യത്തെ ഇരുചക്ര നിര്‍മ്മാണശാല സ്ഥാപിച്ചു. ഇതെല്ലാം ചെയ്തതൊരു സ്ത്രീയാണ്. പേര് തെരേസ്സ ബെനല്ലി. അവര്‍ക്ക് ആറ് മക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെ സ്വിറ്റ്സര്‍ലണ്ടില്‍ അയച്ച് എഞ്ചിനീയറിങ്ങ് പഠിപ്പിച്ച് കുടുംബ ബിസിനസ് ആരംഭിച്ചു. മറ്റ് മക്കളും ഫാക്ടറിയില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. ആദ്യമൊക്കെ ഇരുചക്ര വാഹനങ്ങളുടെ അറ്റകുറ്റപ്പണി മാത്രമാണ് ഇവിവെ ഉണ്ടായിരുന്നത്. പിന്നീട് വാഹന ഭാഗങ്ങളും എഞ്ചിനും നിര്‍മ്മിക്കാന്‍ തുടങ്ങി.

ഒന്നാം ലോക യുദ്ധകാലത്ത് സൈന്യത്തിന്‍െറ ആവശ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. 1920ല്‍ കമ്പനി ആദ്യത്തെ സമ്പൂര്‍ണ്ണ എഞ്ചിന്‍ നിര്‍മ്മിച്ചു. ഒറ്റ സിലിണ്ടര്‍ ഇരട്ട സ്ട്രോക്ക് 75സി.സി എഞ്ചിനായിരുന്നു ഇത്. പിന്നെ എത്രയുംപെട്ടെന്ന് ബൈക്ക് നിര്‍മ്മിക്കുന്നതിനെപറ്റിയായി തെരേസയുടേയും മക്കളുടേയും ചിന്ത. 1921ല്‍ അവര്‍ തങ്ങളുടെ ആദ്യ സ്വപ്നം പൂര്‍ത്തീകരിച്ചു. രണ്ടാം ലോക യുദ്ധകാലത്ത് എല്ലാ യൂറോപ്യന്‍ വാഹന നിര്‍മ്മാതാക്കളേയും പോലെ കമ്പനി പ്രതിസന്ധിയിലായി. പക്ഷെ അപ്പോഴവര്‍ അക്കാലത്തെ സൂപ്പര്‍ ബൈക്കെന്ന് വിളിക്കാവുന്ന നാല് സിലിണ്ടര്‍ സൂപ്പര്‍ചാര്‍ജ്ഡ് 250സി.സി ബൈക്കിന്‍െറ പണിപ്പുരയിലായിരുന്നു. യുദ്ധം മറ്റൈല്ലാ മേഖലയിലേതുംപോലെ ബെനെല്ലിയേയും ബാധിച്ചു. ബൈക്ക് നിര്‍മ്മാണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. 1949ലാണ് കമ്പനി വീണ്ടും സജീവമായത്. പിന്നീട് യൂറോപ്പിലെ ഇരുചക്ര വാഹന വമ്പന്മാര്‍ക്കൊപ്പമാണ് ബെനല്ലിയും ചുവടുവെച്ചത്. മോട്ടോ ഗുക്സി, ഡ്യൂകാട്ടി തുടങ്ങി ഇതിഹാസമാനങ്ങളുള്ള ഇറ്റാലയിയന്‍ ബൈക്ക് നിര്‍മ്മാതാക്കള്‍ക്കൊപ്പം ബെനല്ലിയും ചുവടുവച്ചു. 


ബെനല്ലി ടി.എന്‍.ടി 600 ഐ
ഒരു വര്‍ഷം മുമ്പാണ് ബെനല്ലി അവരുടെ ടി.എന്‍.ടി 600ഐ എന്ന മോഡല്‍ പുറത്തിറക്കിയത്. കൈയ്യിലൊതുങ്ങൂന്ന സൂപ്പര്‍ ബൈക്കെന്നതായിരുന്നു ഇതിന്‍െറ പ്രത്യേകത. 600സി.സി നാല് സിലിണ്ടര്‍ എഞ്ചിന്‍ 85 ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കും.  സ്വിഫ്റ്റ് പോലൊരു ഹാച്ച് ബാക്ക് വാഹനത്തേക്കാള്‍ പവര്‍ എന്നര്‍ഥം. തുടക്കകാലം മുതല്‍ ബെനല്ലിയുടെ ഏറ്റവും വലിയ പ്രത്യേകത ലൈറ്റ്വെയ്റ്റ് വാഹനം എന്നതാണ്.

ടി.എന്‍.ടി അത്ര ലൈറ്റാണെന്ന് പറയാനാകില്ല. 231കി.ഗ്രാം ഭാരമുണ്ട്. മികച്ച സ്പീഡിലും നല്ല റോഡ് പിടിത്തം ലഭിക്കും. ഹാന്‍ഡില്‍ ബാറില്‍ കൈ മുറുകുന്നതനുസരിച്ച് ഇവന്‍ കുതികുതിക്കും. ഈ വന്യമായ കരുത്തിനെ പിടിച്ചുകെട്ടാന്‍ എ.ബി.എസ് പോലുള്ള മികച്ച ബ്രേക്കിങ്ങ് സംവിധാനങ്ങള്‍ ആശ്യമാണ്. ആദ്യ ടി.എന്‍.ടികള്‍ക്ക് എ.ബി.എസ് ഇല്ലായിരുന്നു. പുതിയതില്‍ കമ്പനി ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ്. വില 5.73 ലകഷം മുതല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.