2011ഏപ്രില്‍ രണ്ട്. മുംബൈയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അര്‍ധരാത്രി ഷര്‍ട്ടിടാതെ 15ഓളം പേര്‍ ഇന്ത്യന്‍ പതാകയും പിടിച്ചു നില്‍ക്കുന്നു. ചിലരുടെ ദേഹത്ത് മൂവര്‍ണച്ചായവും തലയില്‍ നീലത്തൊപ്പിയുമുണ്ട്. എല്ലാവരും പരസ്പരം നോക്കി പുഞ്ചിരിക്കുകയാണ്. വൈകാതെ ഇവരില്‍ ചിലരുടെ ബന്ധുക്കളും കൂട്ടുകാരുമത്തെി. എന്താണ് ചെയ്ത കുറ്റമെന്ന് എസ്.ഐയോട് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് വിജയം അംബാസഡര്‍ കാറിന് അകത്തും പുറത്തും കയറി ആഘോഷിച്ചതാണെന്നായിരുന്നു മറുപടി. എല്ലാവര്‍ക്കുംകൂടി കയറാന്‍ ഒരു വാഹനമേ കിട്ടിയുള്ളൂ. ആഘോഷിച്ച് തളര്‍ന്നതുകൊണ്ട് വിശ്രമം നല്‍കാന്‍ ഇങ്ങോട്ട് കൊണ്ടുവന്നതാണെന്നും എസ്.ഐയുടെ പരിഹാസം വന്നു.
ശ്രീലങ്കയെ ആറു വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ രണ്ടാമതും ലോകകപ്പ് നേടിയപ്പോള്‍ തെരുവില്‍ ആഘോഷത്തിനിറങ്ങിയ ആരാധകക്കൂട്ടങ്ങളിലൊന്നാണ് ഈ സംഘം. നിനക്കൊക്കെ ഒരു ലോറി വിളിച്ചുകൂടായിരുന്നോയെന്ന എസ്.ഐയുടെ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു: ‘‘സര്‍, ഇന്ത്യയാണ് ലോകകപ്പ് നേടിയത്. അപ്പോള്‍ ആഘോഷിക്കാന്‍ ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയ വാഹനമായ അംബാസഡര്‍ തന്നെ വേണ്ടേ?’’ രക്ഷപ്പെടാനുള്ള അടവായിരുന്നെങ്കിലും ഈ മറുപടിയില്‍ എസ്.ഐ വീണു. അംബാസഡര്‍ എന്നാല്‍, അങ്ങനെയാണ്. ഓരോ ഇന്ത്യക്കാരന്‍െറയും വികാരം.
പലരും റോഡുകള്‍ കാണുന്നതിനുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1942ലാണ് ബി.എം. ബിര്‍ള എന്ന വ്യവസായി ഗുജറാത്തിലെ ഓഖയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ലിമിറ്റഡ് എന്ന ഏഷ്യയിലെ രണ്ടാമത്തെ കാര്‍ നിര്‍മാണ കമ്പനിക്ക് തുടക്കമിടുന്നത്. വൈകാതെ ബ്രിട്ടീഷ് കമ്പനി മോറിസ് ഓക്സ്ഫഡുമായുള്ള കൂട്ടുകെട്ടില്‍ ഹിന്ദുസ്ഥാന്‍ 10 എന്ന പേരില്‍ ആദ്യ കാര്‍ നിരത്തിലത്തെി. സ്റ്റാര്‍ ഹോട്ടലുകളില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി വിളംബരംചെയ്യാനോ ടെലിവിഷനിലും ഇന്‍റര്‍നെറ്റിലും മേന്മകള്‍ വിവരിക്കാനോ അവസരമില്ലാതിരുന്നതിനാല്‍ കൂടുതല്‍ പേരൊന്നും അതറിഞ്ഞില്ല. അക്ഷരാഭ്യാസമുള്ള ഏതാനും പേര്‍ മാത്രമാണ് പത്രങ്ങളിലൂടെ ലോഞ്ചിങ് വിവരമറിഞ്ഞത്. കാറുകള്‍ പുറത്തിറങ്ങിത്തുടങ്ങിയതോടെ അവ കാണാനും ആളുകൂടി. അതിലൊന്ന് കയറിയിരിക്കാനല്ല, ഒന്നു തൊട്ടുനോക്കാന്‍പോലും പലരും മത്സരിച്ചു. അതിന് അവസരം കിട്ടിയവര്‍ ആ സൗഭാഗ്യം നാട്ടില്‍ പാടി നടന്നു. 1948ല്‍ പ്ളാന്‍റ് പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തക്ക് സമീപത്തെ ഉത്തര്‍പാറയിലേക്ക് മാറ്റി. ആറു വര്‍ഷത്തിനുശേഷം മോറിസ് ഓക്സ്ഫഡ് 2 മാതൃകയില്‍ ‘ലാന്‍ഡ്മാസ്റ്റര്‍’ പുറത്തിറങ്ങി. എല്ലാ അര്‍ഥത്തിലും അംബാസഡര്‍ എന്ന ഇന്ത്യക്കാരന്‍െറ പ്രിയവാഹനത്തിന്‍െറ മുന്‍ഗാമി.
1957ല്‍ മോറിസ് ഓക്സ്ഫഡ് 3 രൂപം കടമെടുത്ത് ലാന്‍ഡ്മാസ്റ്ററില്‍നിന്ന് ഏറെ വ്യത്യസ്തതകളോടെ അംബാസഡര്‍ എം.കെ 1 അവതരിച്ചു. ആന ചവിട്ടിയാല്‍ ചതങ്ങാത്ത ബോഡിയും ഉണ്ടക്കണ്ണുകള്‍പോലുള്ള ഹെഡ്ലാംബുകളും ഇരുന്നാലുറങ്ങുന്ന സീറ്റുകളും ഒരു കുടുംബത്തെ പാര്‍പ്പിക്കാവുന്ന ഡിക്കിയുമൊക്കെയായി ഒരുഗ്രന്‍ ഐറ്റം. തൊട്ടടുത്ത വര്‍ഷം വ്യവസായികാടിസ്ഥാനത്തില്‍ പുറത്തിറങ്ങിയതോടെ ഇതൊന്ന് സ്വന്തമാക്കല്‍ അന്നത്തെ പണക്കാരുടെയൊക്കെ അഭിമാന പ്രശ്നമായി. ഉള്ള റോഡില്‍ അംബാസഡര്‍ എതിരാളിയില്ലാതെ ചീറിപ്പാഞ്ഞു. ഇന്ത്യന്‍ റോഡുകളിലെ രാജാവെന്നും ഇന്ത്യന്‍ റോള്‍സ് റോയ്സെന്നും വിശേഷണം വന്നതോടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പേരില്‍ രാജാവുള്ളവരും ഉന്നത ഉദ്യോഗസ്ഥരും ബിസിനസുകാരുമൊക്കെ ഇതിന്‍െറ പ്രചാരകരായി. ഇക്കാര്യം വിദേശികളുമറിഞ്ഞതോടെ അംബാസഡര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി. ഇന്ത്യാ സന്ദര്‍ശനത്തിനത്തെിയ പലരും അംബാസഡറില്‍ നാടുകണ്ട് തിരിച്ചുപോകുമ്പോള്‍ ഇതിനെ ഒപ്പംകൂട്ടാനും മറന്നില്ല. പവര്‍ സ്റ്റിയറിങ്ങും എയര്‍ബാഗും ആന്‍റിലോക് ബ്രേക്കിങ് സിസ്റ്റവും ഇല്ലാത്ത കാലത്ത് ഏറ്റവും സുരക്ഷിത വാഹനമായി ഇത് കരുത്തറിയിച്ചു.
സര്‍ക്കാര്‍ ഒൗദ്യോഗിക വാഹനമാക്കുകയും ആഡംബര ടാക്സിയായി എത്തുകയും ചെയ്തതോടെ 1980കളില്‍ വാര്‍ഷിക വില്‍പന 24,000 കവിഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ ഗ്രാമീണ പാതകളില്‍ ഗര്‍ഭിണികളെ ആശുപത്രിയിലത്തെിക്കാന്‍ സുരക്ഷിത വാഹനമായി. നവജാതശിശുക്കളുടെ ആദ്യ യാത്രയും അംബാസഡറിന്‍െറ സ്പ്രിങ് സീറ്റിലായി. നവദമ്പതികളുടെ കാളവണ്ടിയാത്രയും പതിയെ ഇതിലേക്ക് മാറി. എ.സിയില്ലാത്തതിനാല്‍ ഫാന്‍ ഘടിപ്പിച്ച് ചിലര്‍ യാത്രയെ കുളിര്‍മയുള്ളതാക്കി. സ്നേഹംകൂടിയപ്പോള്‍ ‘അംബി’ എന്ന് ഓമനപ്പേരിട്ട് വിളിച്ചു. ആവശ്യക്കാരേറിയപ്പോള്‍ കാത്തിരിപ്പിന്‍െറ ദൈര്‍ഘ്യവും കൂടി. ദീര്‍ഘകാലം ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പുപോലെയായിരുന്നു അംബാസഡറിനും. ഡീസല്‍ വേര്‍ഷന് ഇത് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ നീണ്ടു.
1980കളുടെ മധ്യത്തില്‍ ജപ്പാനിലെ സുസുകി കമ്പനിയുമായി സഹകരിച്ച് സര്‍ക്കാര്‍ കുറഞ്ഞ വിലയില്‍ മാരുതി 800 അവതരിപ്പിച്ചതോടെ അംബാസഡര്‍ കിതച്ചുതുടങ്ങി.
അംബാസഡറില്‍ ശബ്ദമില്ലാത്ത ഒരേയൊരു ഭാഗം ഹോണാണെന്ന് വിമര്‍ശകര്‍ പരിഹസിച്ചു. വാങ്ങുന്നതിനേക്കാള്‍ തുക നന്നാക്കാന്‍ നല്‍കേണ്ടിവരുമെന്നും പറഞ്ഞു പരത്തി. അങ്ങനെ സാധാരണക്കാരന്‍െറ വാഹനമായി മാരുതി 800 വളര്‍ന്നു. അംബാസഡറിനെ ഓവര്‍ടേക്ക് ചെയ്ത് മാരുതി മുന്നേറുന്നതിനിടെയാണ് 1990കളില്‍ സാമ്പത്തിക പരിഷ്കരണമത്തെുന്നത്. ഇതോടെ വിദേശ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായ്, ഫോര്‍ഡ്, ഹോണ്ട തുടങ്ങിയവയൊക്കെ കുതിച്ചത്തെി അംബാസഡറിന് മുന്നില്‍ വിലങ്ങിട്ടു നിര്‍ത്തി. എ.സിയും സ്റ്റീരിയോയുമുള്ള കാറുകളില്‍ പോകുന്നവര്‍ അംബാസഡര്‍ യാത്രികര്‍ വിയര്‍ത്തൊലിക്കുന്നത് കണ്ട് ആഹ്ളാദിച്ചു. വൈകാതെ അംബാസഡറിന്‍െറ പിന്‍വശത്തും എ.സി സ്റ്റിക്കറുകള്‍ വന്നെങ്കിലും മൈലേജില്‍ മുന്നിലത്തൊത്തതിനാല്‍ സര്‍ക്കാറടക്കം കൈയൊഴിഞ്ഞു. വെള്ളക്കാറിലെ ചുവപ്പും നീലയും ബീക്കണ്‍ ലൈറ്റുകള്‍ അഴിഞ്ഞുതുടങ്ങി. സര്‍ക്കാര്‍ ഓഫിസുകളില്‍ പഴയ അംബാസഡറിനെ കാഴ്ചക്കാരനാക്കി പുത്തന്‍ കാറുകള്‍ നിറഞ്ഞു. കട്ടപ്പുറത്തായ പഴയ രാജാവിന്‍െറ മുതുകില്‍ ചിലര്‍ ചെടിച്ചട്ടിയും മറ്റും കയറ്റിവെച്ചപ്പോള്‍ മറ്റു ചിലര്‍ കഴുകി മിനുക്കി പഴയ പ്രതാപം അനുസ്മരിച്ചു.
പിടിച്ചുനില്‍ക്കാന്‍ കമ്പനി പല അടവുകളും പയറ്റിയിട്ടും രക്ഷയുണ്ടായില്ല. ‘മാര്‍ക്’ മോഡലില്‍നിന്ന് തുടങ്ങിയ കാര്‍ നോവ, ഗ്രാന്‍ഡ്, അമിഗോ, എന്‍കോര്‍ എന്നീ പേരുകളിലൊക്കെ മുഖംകാണിച്ചെങ്കിലും പുതിയ തലമുറ കളിയാക്കിയതു മാത്രമായിരുന്നു മിച്ചം. ഇന്ത്യയില്‍ ബ്രേക്ക് നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ ജപ്പാന്‍, പാകിസ്താന്‍, ശ്രീലങ്ക, യു.എ.ഇ, ബംഗ്ളാദേശ് എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചെങ്കിലും അവിടെ കുറഞ്ഞ വിലയില്‍ സൗകര്യങ്ങളേറെയുള്ള കാറുകള്‍ ലഭിക്കുന്നതിനാല്‍ മുന്നോട്ടോടാനായില്ല. 1990കളുടെ മധ്യത്തില്‍ പഴമയെ പ്രണയിക്കുന്നവരെയും ഇന്ത്യന്‍ വംശജരെയും ലക്ഷ്യമിട്ട് പഴയ തറവാടായ ബ്രിട്ടനിലേക്ക് പറഞ്ഞയച്ചെങ്കിലും ചില വര്‍ഷങ്ങളില്‍ വില്‍പനയില്‍ രണ്ടക്കം തികക്കാന്‍പോലും കഴിഞ്ഞില്ല.
2001ല്‍ 101 പുതുമകളുമായി അവതരിച്ചെങ്കിലും ജനം കൈവീശി ബൈ ബൈ പറഞ്ഞു. ടാറ്റക്കാര്‍ ഇന്‍ഡിക്കയിറക്കി ടാക്സി വിപണിയും കൈയടക്കാന്‍ തുടങ്ങിയ കാലത്താണ് ഡീസല്‍ എന്‍ജിനില്‍നിന്ന് വിഷപ്പുക ഏറെ വരുന്നെന്ന് പറഞ്ഞ് 2011 ഏപ്രില്‍ ഒന്നു മുതല്‍ 11 നഗരങ്ങളില്‍ പ്രവേശിക്കാന്‍പോലും അനുമതി നിഷേധിച്ചത്. കൊല്‍ക്കത്തയില്‍ മാത്രം 33,000 അംബാസഡര്‍ ടാക്സികളുള്ളപ്പോഴായിരുന്നു ഈ കടുംകൈ. 2013 ജൂലൈയില്‍ ബി.ബി.സി ഓട്ടോമൊബൈല്‍ ഷോയില്‍ ടോപ്ഗിയര്‍ സംഘടിപ്പിച്ച വോട്ടെടുപ്പില്‍ ലോകത്തിലെ വമ്പന്മാരെ പിന്നിലാക്കി ഏറ്റവും മികച്ച ടാക്സി കാര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പിടിവള്ളിയാകുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയായിരുന്നു. അവസാന പരീക്ഷണമെന്നനിലക്ക് 2013ല്‍ മലിനീകരണമുണ്ടാക്കുന്ന എന്‍ജിന്‍ പുറന്തള്ളി ഭാരത് സ്റ്റേജ് നാലുമായി ‘എന്‍കോര്‍’ ഇറക്കിയെങ്കിലും വില്‍പന താഴേക്കുതന്നെയായിരുന്നു.
കടംകയറി വലയുകയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനില്ലാതാവുകയും ചെയ്തതോടെ ഉടമകളായ സി.കെ. ബിര്‍ള ഗ്രൂപ് അംബാസഡര്‍ നിര്‍മാണം നിര്‍ത്തുന്നതായി 2014 മേയ് 24ന് പ്രഖ്യാപനം നടത്തി. 2439 കാറുകള്‍ മാത്രമായിരുന്നു തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം വിറ്റുപോയത്. പ്രീമിയര്‍ ഓട്ടോമൊബൈല്‍സിന്‍െറയും ഫിയറ്റിന്‍െറയും പാത പിന്തുടര്‍ന്ന് തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വ്യവസായ-സാമ്പത്തിക പുനരുദ്ധാരണ ബോര്‍ഡിനെയും സമീപിച്ചു. ‘മേക് ഇന്‍ ഇന്ത്യ’ പ്രചാരണം കൊഴുക്കുന്നതിനിടെ 2017 ഫെബ്രുവരിയില്‍ വേദനിപ്പിക്കുന്ന മറ്റൊരു വിവരവും പുറത്തുവന്നു. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോക്ക് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ബ്രാന്‍ഡ് നെയിം അടക്കം 80 കോടി രൂപക്ക് വിറ്റെന്നതായിരുന്നു അത്. അങ്ങനെ ആറ് പതിറ്റാണ്ടോളം ഇന്ത്യന്‍ ചരിത്രത്തോടൊപ്പം ചേര്‍ന്നുനിന്ന അംബാസഡറും വിദേശികള്‍ കൊണ്ടുപോയി. തമിഴ്നാട്ടില്‍ വാഹന നിര്‍മാണ ഫാക്ടറി നിര്‍മിക്കുന്നതുള്‍പ്പെടെ 700 കോടിയുടെ കരാറില്‍ ബിര്‍ള ഗ്രൂപ്പും പ്യൂഷോയും ധാരണയായിട്ടുണ്ടെങ്കിലും അംബാസഡര്‍ പഴയ രൂപത്തില്‍ പുനര്‍ജനിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.
ഓരോ അംബാസഡര്‍ കാറും ഓരോ കഥകള്‍ നമ്മോട് പറയുന്നുണ്ട്. തലമുറകളുടെ കൂട്ടുകാരനായി പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന ഒരു വാഹനം ഇന്ന് റോഡിലിറക്കിയാല്‍ ഇവനേതാ ഈ പഴഞ്ചന്‍ എന്ന് പരിഹസിക്കുന്ന തലമുറക്ക് മുന്നിലേക്കാണ് അംബാസഡറിന്‍െറ പതനം. എന്നിരുന്നാലും പലരുടെയും ഷെഡില്‍ പഴയ അഭിമാന ബോധത്തിന്‍െറ ചിഹ്നമായി ഇവനുണ്ടാകും. വിന്‍േറജ് എന്ന അലങ്കാര നാമത്തില്‍ ചില പ്രദര്‍ശനകേന്ദ്രങ്ങളിലുണ്ടാകുന്ന വാഹനത്തെ വരുംതലമുറ കൗതുകത്തോടെ നോക്കിയെന്നിരിക്കും. അപ്പോള്‍ റോഡിലെ പഴയ രാജാവായിരുന്നു ഇതെന്ന് പറഞ്ഞുകൊടുക്കാന്‍ ആളെ നിര്‍ത്തുകയോ വിവരണ ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്യേണ്ടി വന്നേക്കും. അപ്പോഴും ഇന്ത്യന്‍ ജനതയെ ഏറ്റവും സ്വാധീനിച്ച വാഹനമേതെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുണ്ടാകൂ- അംബാസഡര്‍, അംബാസഡര്‍ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.