ഇന്ത്യയെ ചലിപ്പിച്ച ഹൃദയം

ഒരേ എൻജി​ൻ; മുന്‍നിരക്കാരായ അഞ്ച് വാഹന നിര്‍മാതാക്കള്‍, മൊത്തം 24 വാഹനങ്ങള്‍, ഒരേസമയം 16 കാറുകള്‍, മൂന്നോളം വകഭേദങ്ങള്‍
ഇന്ത്യയെ ഒരു വാഹനമായി സങ്കല്‍പിച്ചാൽ അതിനെ ചലിപ്പിക്കുന്ന എൻജിന്‍ ഏതായിരിക്കും. അതറിയണമെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങളെ മിടിപ്പിച്ച ഹൃദയം ഏതാണെന്നറിയണം. മുന്‍നിരക്കാരായ അഞ്ച് വാഹന നിര്‍മാതാക്കള്‍, മൊത്തം 24 വാഹനങ്ങള്‍, ഒരേസമയം 16 കാറുകള്‍, ഒരേ എൻജി​​​െൻറ മൂന്നോളം വകഭേദങ്ങള്‍ ഇങ്ങനെ ഒന്നരപ്പതിറ്റാണ്ട് ഇന്ത്യയെന്ന വാഹനത്തെ മുന്നോട്ട് നയിച്ചത് ഒരേയൊരു ഹൃദയമായിരുന്നു. അതാണ് ഫിയറ്റ് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എൻജിന്‍. 

ഈ കാലയളവില്‍ ലോകത്ത്​​ ഏറ്റവും കൂടുതല്‍ ഡീസല്‍ എൻജിനുകള്‍ ഉൽപാദിപ്പിക്കുന്ന കമ്പനിയെന്ന ഖ്യാതിയും ഫിയറ്റിനെ തേടിയെത്തി. മാരുതി സുസുക്കിയായിരുന്നു ഫിയറ്റി​​​െൻറ ഏറ്റവും വലിയ ഉപഭോക്താവ്. പല പേരുകളില്‍ വാങ്ങി വീടുകളില്‍ ഇട്ടിരിക്കുന്ന മാരുതികളില്‍ മിക്കതി​​​െൻറയും എൻജിന്‍ ഒന്നുതന്നെയാണ്. സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, റിറ്റ്സ്, എസ് എക്​സ്​ ഫോര്‍, സിയാസ്, ബലേനൊ, എസ് ക്രോസ്, ബ്രെസ, ഇഗ്നിസ് എന്നിവയുടെയെല്ലാം ഡീസല്‍ ഹൃദയം ചലിക്കുന്നത് മള്‍ട്ടിജെറ്റിലാണ്. ടാറ്റയായിരുന്നു മറ്റൊരു പ്രധാന വാങ്ങലുകാരന്‍. പഴയ ഇന്‍ഡിക്കയിലും ഇന്‍ഡിഗോയിലും ഇപ്പോഴത്തെ വിസ്​റ്റയിലും ബോള്‍ട്ടിലും സെസ്​റ്റിലുമെല്ലാം ഫിയറ്റ് തന്നെയാണ് താരം. മാരുതിയില്‍ ഈ എൻജിന്‍ ഡി.ഡി.ഐ.എസ് എന്ന പേരില്‍ വരുമ്പോള്‍ ടാറ്റയിലത് ക്വാഡ്രാജെറ്റ് എന്നറിയപ്പെടുന്നെന്ന് മാത്രം. 

മള്‍ട്ടിജെറ്റ് എൻജിനുകളില്‍ ഏറ്റവും പരീക്ഷണങ്ങള്‍ നടത്തിയ കമ്പനി ഷെവര്‍ലെ ആണ്. സെയില്‍, യുവ, എന്‍ജോയ് എന്നിവയിലൊക്കെ ഉപയോഗിക്കുകയും കാര്യമായ മാറ്റങ്ങളോടെ മള്‍ട്ടിജെറ്റുകളെ പരിഷ്​കരിക്കുകയും ചെയ്ത കമ്പനിയാണ് ഷെവര്‍ലെ. സ്മാര്‍ടെക് എന്ന പേരില്‍ മൂന്ന് സിലിണ്ടറുള്ള ചെറിയ എൻജിന്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു ഷെവര്‍ലെ. പ്രീമിയര്‍ കമ്പനിയുടെ റയോ കാറിനും ഇതേ എൻജിനാണ് ഉണ്ടായിരുന്നത്. പുറമെയുള്ളത് കൂടാതെ, ഫിയറ്റി​​​െൻറ തന്നെ നിരവധി വാഹനങ്ങള്‍ക്കും മള്‍ട്ടിജെറ്റ് കരുത്തേകി. ലീനിയ, പൂന്തോ, ഫിയറ്റ് 500, പാലിയോ സ്​റ്റൈല്‍, അവഞ്ച്യൂറ, അര്‍ബന്‍ ക്രോസ് എന്നിവയൊക്കെ അങ്ങിനുള്ളതാണ്. 

ഇത്ര ജനപ്രിയനാകാന്‍ എന്താണീ മള്‍ട്ടിജെറ്റി​​​െൻറ പ്രത്യേകത. ഒന്നാമത്തേത് ഇന്ധനക്ഷമത തന്നെ. എങ്ങനെയാണത് സാധ്യമാകുന്നത്? അതറിയണമെങ്കില്‍ മള്‍ട്ടിജെറ്റ് പ്രവര്‍ത്തിക്കുന്നത് എങ്ങ​നെയെന്ന് അറിയണം. ഇന്ധനം കാര്യക്ഷമമായി പമ്പ് ചെയ്യുകയും അതിനെ കൃത്യമായി കത്തിക്കുകയും ചെയ്യുകയാണ് എൻജി​​​െൻറ മിടുക്ക്. മള്‍ട്ടിജെറ്റില്‍ ഒരു സ്ട്രോക്കില്‍ അഞ്ചുതവണവരെ ഇന്ധനം പമ്പ് ചെയ്യാനാകും. ഈ പ്രത്യേകതകൊണ്ടാണ് മള്‍ട്ടിജെറ്റ് എന്ന പേര് വന്നത്. മറ്റൊരു സവിശേഷത കുറഞ്ഞ അറ്റകുറ്റപ്പണിയും ദീര്‍ഘായുസ്സുമാണ്. വിവിധ നിര്‍മാതാക്കള്‍ക്ക് മള്‍ട്ടിജെറ്റിനെ പ്രിയപ്പെട്ടതാക്കിയത് വിവിധോപയോഗ ശേഷിയാണ്. തങ്ങള്‍ക്ക് വേണ്ട രീതിയില്‍ എൻജിനെ മാറ്റിമറിക്കാന്‍ കമ്പനികള്‍ക്കായി. 

ഷെവര്‍ലെ ആണ് ഏറെ പരീക്ഷണങ്ങള്‍ നടത്തിയത്. മാരുതിയായിരുന്നു മള്‍ട്ടിജെറ്റില്‍ ജീവിതം കെട്ടിപ്പടുക്കുകയും ലാഭം കൊയ്യുകയും ചെയ്തത്. ആദ്യ കാലത്ത് ഇവര്‍ ഫിയറ്റില്‍നിന്ന് എൻജിന്‍ നേരിട്ട് വാങ്ങുകയായിരുന്നു. പിന്നീട് ഓരോരുത്തരും ഫിയറ്റ് ലൈസന്‍സോടുകൂടി തങ്ങള്‍ക്ക് വേണ്ട പ്രത്യേകതകളോടെ മള്‍ട്ടിജെറ്റിനെ പുനര്‍നിര്‍മിച്ചു. 

ഇന്ത്യയുടെ ഈ പ്രിയ എൻജിന്‍ എത്രകാലംകൂടി വിപണിയിലുണ്ടാകും. 2020ഓടെ മള്‍ട്ടിജെറ്റി​​​െൻറ നിർമാണം നിര്‍ത്തുമെന്ന് ഫിയറ്റ് വൃത്തങ്ങള്‍ പറയുന്നു. 2020ല്‍ ഭാരത് സ്​റ്റേജ് ആറ് നിലവില്‍ വരും. മാരുതിയും ടാറ്റയും പോലുളള പ്രധാന ഉപഭോക്താക്കള്‍ സ്വന്തം ഡീസല്‍ എൻജിനുകളുടെ പണിപ്പുരയിലാണ്. മാരുതി അടുത്ത തലമുറ സിയാസില്‍ സുസുക്കിയുടെ 1.5 ലിറ്റര്‍ ഡീസല്‍ എൻജിന്‍ ഉപയോഗിക്കാനൊരുങ്ങുകയാണ്. ടാറ്റ, നെക്സോണിലൂടെ അവതരിപ്പിക്കാനൊരുങ്ങുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ റിവോടോര്‍ക്ക് എൻജി​​​െൻറ പിന്നാലെയാണ്. ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് എന്ന മള്‍ട്ടിജെറ്റി​​​െൻറ സ്വന്തം കമ്പനി തങ്ങളുടെ ജീപ്പ് ബ്രാന്‍ഡിനെ കരുപ്പിടിപ്പിക്കാനൊരുങ്ങുകയാണ്. ലോകത്താകമാനം ലക്ഷക്കണക്കിന് വിറ്റഴിക്കപ്പെട്ട ഇന്ത്യയുടെ ഈ പ്രിയ എൻജിന്‍ വിടവാങ്ങലി​​​െൻറ വക്കിലാണെന്നര്‍ഥം. 

Tags:    
News Summary - The Heart Which Moves India - Hot Wheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.