സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട്, രണ്ട് വയസ്സുള്ള കുഞ്ഞ് മരണപ്പെട്ട വാര്‍ത്ത എല്ലാരിലും നൊമ്പരമുണര്‍ത്തി നില്‍ക്കുന്നു. സമാനമായ ദാരുണ അപകടങ്ങള്‍ കേരളത്തിലെ റോഡുകളില്‍ ദിനംപ്രതി ഉണ്ടാകുന്നു. കേരളത്തില്‍ ദിവസം ശരാശരി 12 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെടുന്നു എന്നാണ് കണക്ക്. സാരവും നിസ്സാരവുമായ പരിക്കുകള്‍ പറ്റുന്നവരുടെ എണ്ണം ഇതിലധികം വരും. വാര്‍ത്താ മാധ്യമങ്ങളില്‍ നിരന്തരം റോഡപകട-മരണ വാര്‍ത്തകള്‍ വരുന്നതിനാല്‍ നമുക്ക് അതൊരു സ്വാഭാവിക വാര്‍ത്തയായി മാറിയിട്ടുണ്ട്. മറ്റ് അസ്വാഭാവിക മരണ വാര്‍ത്തകള്‍ പോലെ, റോഡപകട - മരണ വാര്‍ത്തകള്‍ക്ക് കേരളീയ സമൂഹബോധത്തില്‍ പ്രാധാന്യം നഷ്ടപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്. സമൂഹത്തിലെ പ്രമുഖര്‍ അപകടത്തില്‍ പെടുമ്പോഴോ അല്ലെങ്കില്‍ ഒറ്റ അപകടത്തില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുമ്പോഴോ ആണ് റോഡപകടങ്ങളെ കുറിച്ചുള്ള പര്യാലോചനകളിലേക്ക് സമൂഹമനസ്സ് ഉണരുന്നത്. ആപേക്ഷികമായ ഇത്തരം ഉണർച്ചകളില്‍ നിന്നും നിതാന്ത ജാഗ്രതയിലേക്ക് ഓരോരുത്തരുടെയും റോഡ് ഗതാഗത ബോധം ഉണര്‍ന്നു നില്‍ക്കേണ്ടതിലേക്കാണ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന റോഡപകടങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
വലിപ്പത്തിൽ പിന്നിൽ, അപകടത്തിൽ മുന്നിൽ
ഇന്ത്യയിലെയും കേരളത്തിലെയും റോഡപകടങ്ങള്ളുടെ സ്ഥിതിവിവരക്കണക്കുകള്‍ ഒന്ന് പരിശോധിച്ചു നോക്കാം. മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സ് (MoRTH) ന്‍റെ പഠനം അനുസരിച്ച്, സംസ്ഥാനങ്ങളുടെ വലുപ്പക്രമത്തില്‍ 22ാം സ്ഥാനത്തുള്ള കേരളം, റോഡപകടങ്ങളുടെ ക്രമത്തില്‍ 13ാം സ്ഥാനത്താണ് (2015-16 വര്‍ഷങ്ങളില്‍). ഇന്ത്യയിലെ 86.5 ശതമാനം റോഡപകടങ്ങള്‍ സംഭാവന ചെയ്യുന്ന 13 സംസ്ഥാനങ്ങളില്‍ കേരളം നാലാം സ്ഥാനത്തും. കേരളത്തിലെ റോഡപകടങ്ങള്‍ വിശകലനം ചെയ്‌താല്‍ 2017 ലെ കണക്ക് പ്രകാരം ആകെ അപകടങ്ങള്‍ 38470 ഉം മരണപ്പെട്ടവര്‍ 4131 ഉം പരിക്കേറ്റവര്‍ 42671 ഉം ആണ്. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി കണക്ക് നോക്കിയാല്‍ ഇതില്‍ നിന്നും ചെറിയ വ്യത്യാസങ്ങളേ ഉള്ളൂ. കേരളത്തില്‍ വര്ഷം തോറും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വാഹനങ്ങളുടെ എണ്ണത്തിലുള്ള അതിവേഗ മുന്നേറ്റം കണക്കിലെടുത്തു കൊണ്ട് 10 വര്‍ഷത്തെ ശരാശരി കണക്ക് നോക്കിയാല്‍ നിലവില്‍ റോഡപകടങ്ങളുടെ നിരക്ക് അധികം ഉയരാതെ നിൽക്കുന്നത് ആശ്വാസകരമായ ഒന്നാണ്. പക്ഷേ റോഡപകടങ്ങളുടെയും അതുമൂലമുള്ള മരണങ്ങളുടെയും നിലവിലെ കണക്കുകള്‍ ഒരു പരിഷ്കൃത സിവില്‍ സെന്‍സ് ഉള്ള സമൂഹത്തെ സംബന്ധിച്ച് ഒട്ടും ആശ്വാസകരമായ ഒന്നല്ല.
രണ്ട് കാര്യങ്ങൾ
റോഡപകടങ്ങളുടെ കാരണങ്ങളെ വിശകലനം ചെയ്താല്‍ പ്രധാനമായും രണ്ടു കാര്യങ്ങളില്‍ ആണ് ശ്രദ്ധ പതിക്കുക
1. നിരത്തില്‍ ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലുള്ള ക്രമാതീത വര്‍ധനയും അതനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും.
2. അമിത വേഗതയും, അശ്രദ്ധവും അലക്ഷ്യവുമായ വാഹനമോടിക്കലും.
കേരളത്തിലെ നിരത്തുകളില്‍ പ്രതിവര്‍ഷം ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2006 ല്‍ കേരളത്തില്‍ ഉണ്ടായിരുന്ന രജിസ്റ്റര്‍ഡ് വാഹനങ്ങളുടെ എണ്ണം 35.6 ലക്ഷമാണ്. എന്നാല്‍, 2016 ല്‍ ഇത് 1.17 കോടിയായി ഉയർന്നു. എന്നാല്‍, ഇത്രയും വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തില്‍ ഇല്ലതാനും. കേരളത്തിന്‍റെ പ്രത്യേക ഭൂപ്രകൃതി, ജനസാന്ദ്രത, സ്ഥലപരിമിതികള്‍ തുടങ്ങിയവ കാരണം പുതിയ റോഡുകളുടെ നിര്‍മ്മാണം, ഉള്ളവയ്ക്ക് വീതി കൂട്ടല്‍ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പരിമിതിയുണ്ട്. കേരളത്തിലെ പ്രത്യേക കാലാവസ്ഥയും, പലപ്പോഴും സംഭവിക്കുന്ന അശാസ്ത്രീയവും കാര്യക്ഷമമല്ലാത്ത റോഡു നിര്‍മ്മാണ രീതികളും നിരത്തുകളെ വളരെ വേഗം കുണ്ടും കുഴിയും നിറഞ്ഞ, അപകടം പതിയിരിക്കുന്ന മരണപ്പാതയാക്കി മാറ്റുന്നു.
കേരളത്തിലെ വാഹനാപകടങ്ങളുടെ കാരണങ്ങള്‍ വിശകലനം ചെയ്‌താല്‍ 95 ശതമാനത്തിലധികം അപകടങ്ങള്‍ക്കും കാരണം വാഹനമോടിക്കുന്നവരുടെ അശ്രദ്ധയാണ്. അതില്‍ പല കാരണങ്ങള്‍ ഉണ്ടാകും. മദ്യപിച്ചു വാഹനം ഓടിക്കല്‍ , കൃത്യമായ വിശ്രമം ഇല്ലാതെയുള്ള രാത്രി ഡ്രൈവിംഗ്... അങ്ങിനെ പലവിധം. അതില്‍ ഏറ്റവും പ്രധാനമാണ് അമിതവേഗതയും, ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയുള്ള അലക്ഷ്യമായ ഡ്രൈവിംഗും. ഇത് ആദ്യം പറഞ്ഞ കാരണവുമായി ഇടകലരുമ്പോള്‍ ആണ് കേരളത്തിലെ റോഡപകടങ്ങളുടെ ഏകദേശം മുഴുവന്‍ ഭാഗവും അപഹരിക്കപ്പെടുന്നത്.
3Es
റോഡപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളില്‍ Enforcement, Engineering & Education എന്നിങ്ങനെ 3 Es എന്ന പേരില്‍ അടിസ്ഥാനപരമായി മൂന്ന് തത്വങ്ങളാണ് പൊതുവില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ Enforcement അഥവാ നിയമപാലനം വഴി ട്രാഫിക് സുരക്ഷ ഉറപ്പു വരുത്തുക എന്ന പ്രക്രിയ കാലങ്ങളായി നടപ്പിലാക്കി വരുന്ന ഒന്നാണ്. കേരളത്തിൽ മോട്ടോർ വാഹനം, പോലീസ് എന്നീ വകുപ്പുകൾ ആണ് എൻഫോഴ്സ്മെന്റ് നടപ്പിലാക്കുന്നത്.
നേരിട്ടുള്ള വാഹന പരിശോധനയും പിഴയിടീലുമാണ് വർഷങ്ങളായി ചെയ്ത് വരുന്ന രീതി. ഇപ്പോൾ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളായ സ്പീഡ് ഡിറ്റക്ഷൻ ക്യാമറകൾ, സ്പീഡ് റഡാറുകൾ, ആൽക്കോമീറ്ററുകൾ തുടങ്ങിയവയും ഉപയോഗിക്കുന്നു. എന്നാൽ, രണ്ട് രീതിയിലും കണ്ടെത്തപ്പെടുന്ന നിയമലംഘനങ്ങൾക്ക് 100 മുതൽ 5000 വരെയുള്ള പിഴകൾ ഈടാക്കുവാനാണ് നിലവിൽ നിയമം ഉള്ളത്. ഇത്രയും ഗുരുതര പ്രത്യാഘാതങ്ങൾ ഉള്ള നിയമലംഘനങ്ങൾക്ക് പരമാവധി 5000 രൂപയേ പിഴ ഉള്ളൂ എന്നിരിക്കെയും ഇത് പലപ്പോഴും ചെറു പിഴകളിൽ ഒതുങ്ങാറാണ് പതിവ്. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ ശിക്ഷിക്കപ്പെടും എന്ന ഒരു ഭയത്തെ മുതലാക്കിയാണ് Enforcement പ്രവര്‍ത്തിക്കുന്നത്. എന്നാൽ ചെറു പിഴകളിൽ ട്രാഫിക് നിയമലംഘനങ്ങൾ കോംപൗണ്ട് ചെയ്യപ്പെടുമ്പോൾ ഇതിന്റെ ഉദ്ദിഷ്ഠസിദ്ധി കുറയുകയും ചെയ്യുന്നു. മാത്രമല്ല ഒറ്റ നോട്ടത്തില്‍ വളരെ കാര്യക്ഷമമായി തോന്നാമെങ്കിലും, ശിക്ഷ പേടിച്ചു കുറ്റ കൃത്യങ്ങള്‍ കുറയും എന്നൊരു സങ്കല്‍പ്പത്തില്‍ ചില പോരായ്മകൾ ഉണ്ട് താനും.
റോഡ് എഞ്ചിനീയറിങിനും റോഡപകടങ്ങളിൽ ചെറുതല്ലാത്ത പങ്കുണ്ട്. ഭൂവിന്യാസത്തിന് അനുസൃതമായി ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമാണം, സൈൻ ബോഡുകൾ സ്ഥാപിക്കൽ, റോഡ് ലൈനുകളും മാർക്കിങുകളും കൃത്യമായി അടയാളപ്പെടുത്തൽ തുടങ്ങിയവയെല്ലാം ഇതിൽ വരും. റോഡിലെ കുഴികളും വിള്ളലുകളും അപ്പപ്പോൾ തന്നെ പരിഹരിക്കുന്നതിൽ വരുന്ന കാലതാമസം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. അപകടങ്ങൾ ആവർത്തിച്ച് ഉണ്ടാകുന്ന റോഡ് സ്ട്രച്ചുകൾ/ജംഗ്ഷനുകൾ കണ്ടെത്തി ( Blackspot), കാര്യകാരണ വിശകലനം നടത്തി പരിഹാരം കാണുക, റോഡ് സേഫ്റ്റി ഓഡിറ്റുകൾ നടത്തുക തുടങ്ങിയവ റോഡ് എഞ്ചിനീയറിങിെൻറ ഭാഗമായി വരുന്ന പ്രവർത്തനങ്ങളാണ്. ഇതൊക്കെ എത്രത്തോളം കാര്യക്ഷമമായി നടത്തപ്പെടുന്നു എന്നത് അപ്പപ്പോൾ വിലയിരുത്തപ്പെടേണ്ടതും സമയബന്ധിതമായി പരിഹരിക്കേണ്ടതുമാണ്.
3Eകളിൽ Education ആണ് ഏറ്റവും പ്രധാനം. റോഡ് നിയമങ്ങളെക്കുറിച്ചും അവ പാലിക്കേണ്ട ആവശ്യകതയെപ്പറ്റിയും ശരിയായ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളും സർക്കാർ ഇതര സംഘടനകളും വിവിധ ട്രാഫിക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദീർഘകാല അടിസ്ഥാനത്തിൽ ഉള്ള പരിഹാരം എന്ന നിലയിൽ ബോധവൽക്കരണമാണ് ഏറ്റവും ഫലപ്രദമായ മാർഗം. നിരന്തരമായ ബോധവൽക്കരണങ്ങളിലൂടെ സിഗററ്റ് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ സമൂഹത്തിൽ ഗണ്യമായി കുറഞ്ഞതിന് കേരള സമൂഹം സാക്ഷിയാണ്.
ഒരു കണ്ണു ചിമ്മലിെൻറ നൊടി നേരത്തിനുള്ളിൽ ഗതാഗത ക്രമത്തിൽ ഉണ്ടാകുന്ന ഒരു ചെറു പിഴവാണ് റോഡപകടത്തിൽ കലാശിക്കുന്നത്. അതിലേക്ക് നയിക്കുന്ന വിവിധ സാഹചര്യങ്ങളെക്കുറിച്ചാണ് മുകളിൽ പറയാൻ ശ്രമിച്ചത്. ആ കാരണങ്ങളിലേക്കെല്ലാം കടന്നു ചെന്ന് പരിഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കാൻ സർക്കാരിനോ നിയമ സംവിധാനങ്ങൾക്കോ കഴിയില്ല. അതിനുവേണ്ടത് ഓരോ വ്യക്തിയും കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നു എന്ന് സ്വയം ഉറപ്പുവരുത്തലാണ്. MoRTH െൻറ 2014 ലെ 25ാ മത് റോഡ് സേഫ്റ്റി വീക്കിെൻറ പ്രമേയം തന്നെ ഇതായിരുന്നു...'When on road, always say, pehle aap'. ഇതാണ് റോഡിലെ ഓരോ യാത്രികനും സ്വീകരിക്കേണ്ട ആപ്തവാക്യം. സഹയാത്രികരെ ബഹുമാനിക്കുക എന്നത്. ‘താങ്കൾ ആദ്യം..’ എന്ന് റോഡിലെ മറ്റൊരു യാത്രികനെ നോക്കി പുഞ്ചിരിയോടെ പറയുന്നിടത്താണ് റോഡ് സുരക്ഷയുടെ ശരിയായ അന്തഃസത്ത സമൂഹ ബോധത്തിൽ ശരിക്കും ഉറപ്പിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.