1999 ഡിസംബർ 15. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷെൻറ ജനൽ കമ്പിയിൽ തൂങ്ങി ഒരാൾ ഉച്ചത്തിൽ വിളിക്കുന്നു, ‘കുന്നുെമ്പ്ര, കുന്നുെമ്പ്ര...’ സ്റ്റേഷനിൽ എത്തുന്നവർക്കെല്ലാം സംശയം, ഇയാളെന്തിനാണ് ജനലിൽ തൂങ്ങുന്നത്? പൊലീസുകാർ എന്തിനാണ് ഇയാളെ നോക്കി ചിരിക്കുന്നത്?. അര മണിക്കൂർ ‘കുന്നുെമ്പ്ര’ വിളി കഴിഞ്ഞപ്പോൾ തൂങ്ങുന്നയാൾ എസ്.ഐയോട് പറഞ്ഞു, ‘സർ ആളായി, പോകാം’ ഉടൻ കാൽമുട്ടിന് താഴെ ലാത്തിയുടെ ചൂടറിഞ്ഞു. കൂടെ ഒരാേക്രാശവും, ‘വിളിയെടാ ഉറക്കെ’. സംശയക്കാരുടെ എണ്ണം കൂടിയപ്പോൾ വിശദീകരണം വന്നു, ‘ജീപ്പിൽ ആളെ തൂക്കിക്കൊണ്ടുപോയതിനുള്ള ശിക്ഷയാ’.
ഇത് കഥയല്ല. മഹീന്ദ്ര കമ്പനി പുറത്തിറക്കിയ ‘ജീപ്പ്’ എന്ന വാഹനത്തിന് ഒരുകാലത്ത് ജനങ്ങൾക്കിടയിലുണ്ടായിരുന്ന സ്വാധീനമാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്. ഏത് കുന്നും മലയും മരുഭൂമിയും നിഷ്പ്രയാസം താണ്ടും. ഏറെ കാലം ഇന്ത്യയിലെ പട്ടാളക്കാരുടെ അടുത്ത കൂട്ടുകാരനായിരുന്നു. ഫോറസ്റ്റ് അധികൃതർക്ക് ട്രക്കിങ്ങിനും മറ്റൊരു ഒപ്ഷൻ ഉണ്ടായിരുന്നില്ല. രാജ്യത്തെ കർഷകർ (പ്രത്യേകിച്ച് എസ്റ്റേറ്റ് മുതലാളിമാർ) കൃഷിയിടത്തിൽ സാധനങ്ങളെത്തിക്കുകയും തിരിച്ച് വിളവുകൾ കൊണ്ടുവരുകയും ചെയ്തിരുന്നപ്പോൾ തന്നെ സ്കൂളിൽ പോകാനും ആശുപത്രിയിലെത്താനും മരണവിവരം വിളിച്ചുപറയാനും കളിമൈതാനങ്ങളിൽ ആളെ തികക്കാനും ഓഫ്റോഡ് റേസിങ്ങിനും പൊലീസുകാർക്ക് ചുറ്റാനുമൊക്കെ ഉപയോഗിച്ചിരുന്ന യഥാർഥ മൾട്ടി പർപസ് വെഹിക്കിൾ.
1940കളുടെ തുടക്കത്തിൽ രണ്ടാം ലോക യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെയാണ് അമേരിക്കൻ സൈന്യം യുദ്ധാവശ്യത്തിനായി വലുപ്പം കുറഞ്ഞ കരുത്തനായ വാഹനം നിർമിക്കാൻ പ്രമുഖ വാഹന നിർമാതാക്കളെ സമീപിച്ചത്. ഇതിെൻറ മാതൃക 49 ദിവസം കൊണ്ട് സമർപ്പിക്കാനും നിർദേശിച്ചു. ബൻതാം കാർ കമ്പനിയാണ് ആദ്യ മാതൃക അവതരിപ്പിച്ചത്. ഇതിെൻറ പരിഷ്കരിച്ച രൂപം വില്ലീസ് ഓവർലാൻഡ്, ഫോർഡ് കമ്പനികളും അവതരിപ്പിച്ചു. ഒഹായോക്കാരനായ വില്ലീസിനെയാണ് സൈന്യത്തിന് പിടിച്ചത്. ഏഴ് ലക്ഷം വാഹനങ്ങൾ നിർമിക്കാൻ പറഞ്ഞപ്പോൾ അവർ ഫോർഡിെൻറ സഹായം തേടി. അങ്ങനെ ഇവരുടെ കൂട്ടുകെട്ടിൽ ജീപ്പ് പിറന്നു. പിന്നെ ദുർഘട പാതകളിലൂടെ മിസൈൽ വേഗത്തിൽ ജീപ്പ് പാഞ്ഞുതുടങ്ങി. ഇതിെൻറ കരുത്തും ഒാൾറൗണ്ടർ റോളും പിടിച്ചപ്പോൾ യുദ്ധത്തിന് ശേഷവും അമേരിക്കൻ സൈന്യം കൈവിട്ടില്ല.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇന്ത്യൻ വ്യവസായി കെ.സി. മഹീന്ദ്ര അമേരിക്ക കാണാനെത്തിയപ്പോൾ ജീപ്പിെൻറ പിതാവായ ബാർണി റൂസിനെ കാണാൻ മറന്നില്ല. വാഹനം കണ്ടപ്പോൾ തന്നെ അതിൽ ‘വീണു’. ഇന്ത്യയിൽ ഇവൻ തകർത്തോടുമെന്ന തിരിച്ചറിവിൽ സഹോദരൻ ജെ.സി. മഹീന്ദ്രയുമായി ചേർന്ന് കമ്പനിയുമായി കരാറിലെത്തി. അങ്ങനെ 1947ൽ വില്ലീസ് ജീപ്പ് മഹീന്ദ്രയുടെ കൈപിടിച്ച് ഇന്ത്യയിലെത്തി. പിന്നെ മുംബൈയിൽ അസംബ്ലിങ് യൂനിറ്റൊരുക്കി. 1960കളിൽ വില്ലീസിെൻറ അനുഗ്രഹത്തോടെ ജീപ്പെന്ന പേരിൽ തന്നെ മഹീന്ദ്രയുടേതായ മോഡലെത്തി. കുറഞ്ഞ വിലയും പവറും കാണിച്ച് മോഹിപ്പിച്ചതോടെ ഇന്ത്യൻ സൈന്യവും പൊലീസും സാധാരണക്കാരുമെല്ലാം ആരാധകരായി. 1968ൽ സ്റ്റിയറിങ് ഇടത്തുനിന്ന് വലത്തോട്ട് തിരിച്ചിട്ടു. 1970കളുടെ തുടക്കത്തിൽ ഗ്യാസോലൈൻ എൻജിനുകൾക്ക് പകരം ഡീസൽ എൻജിനുകളും ഘടിപ്പിച്ചതോടെ ഓട്ടത്തിെൻറ വേഗത കൂടി.
മലപ്പുറത്തുകാരുടെ സാഹസികയാത്ര കണ്ടാണ് തങ്ങളുടെ വാഹനത്തിന് ഇത്രയും കപ്പാസിറ്റിയുണ്ടെന്ന് കമ്പനിക്കാർ പോലും തിരിച്ചറിഞ്ഞത്. പരമാവധി 10 പേർക്ക് പോകാവുന്ന വാഹനത്തിൽ 25ഉം 30ഉം പേർ. ഇവിടത്തുകാരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘വെളഞ്ഞിയിൽ (ചക്കയുടെ കറ) ഈച്ചയൊട്ടിയ പോലെ’. ഏതെങ്കിലും സ്കൂളിനടുത്തോ ഫുട്ബാൾ ടൂർണമെൻറ് നടക്കുന്നിടത്തോ കലാപരിപാടികൾ നടക്കുന്നിടത്തോ പോയാൽ ഈ കാഴ്ച കൂടുതൽ വ്യക്തതയോടെ കാണാമായിരുന്നു. ഒറ്റക്കൈയും കാലിെൻറ തള്ള വിരലും ഏതെങ്കിലുമൊരു ഭാഗത്തുറപ്പിച്ച് മറുകൈയിൽ പുസ്തകങ്ങളുമായി വാഹനം ഏതെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലായിരുന്നു യൂനിഫോം അണിഞ്ഞ പയ്യന്മാരുടെ അഭ്യാസം. ജീപ്പിെൻറ മുകളിൽ കയറി ആർത്തുവിളിച്ചു പോകുന്ന കളിക്കമ്പക്കാർ എന്നും നാടിെൻറ ആവേശമായിരുന്നു. എന്നാൽ, ഇത്തരം കാഴ്ചകൾ കാണാൻ ഏറ്റവും ‘താൽപര്യം’ കാണിച്ചിരുന്നത് പൊലീസുകാരായിരുന്നു. വഴിയിൽ പൊലീസ് കൈ കാണിക്കുമ്പോൾ തൂങ്ങിയവരുടെ ചിതറിയോട്ടം നാട്ടുകാർ പതിവായി ആസ്വദിച്ചിരുന്നതാണ്.
ഉള്ളിലിരിക്കുന്നവർക്ക് മര്യാദക്കൊന്ന് ശ്വാസം വിടാൻ ഏതെങ്കിലും പ്രധാന സ്റ്റോപ്പിലെത്തുകയോ പൊലീസെത്തുകയോ വേണമായിരുന്നു. വിയർത്തു കുളിക്കുമ്പോൾ സീറ്റിനടിയിലെ കാബിനിൽനിന്നുള്ള സംഗീതമായിരുന്നു ഏക ആശ്വാസം. ‘ഗട്ടറൈസ്ഡ്’ റോഡിലൂടെ വാഹനം കുതിച്ചു പായുമ്പോൾ പ്രാർഥനയിലായിരുന്നു അഭയം. യാത്രക്കാരും ക്ലീനറും മാത്രമല്ല, ൈഡ്രവർമാരും അതിശയന്മാരായിരുന്നു. ശരീരത്തിെൻറ പകുതി പുറത്തേക്കിട്ടായിരുന്നു ഇവരുടെ സ്റ്റിയറിങ് പിടിത്തം. വളവിലെത്തിയാലും മുമ്പിലേക്ക് ആളുകൾ ചാടിയാലും മറ്റു വാഹനങ്ങൾ വഴി മുടക്കിയാലും സ്റ്റിയറിങ്ങിനടുത്ത് പൊങ്ങിക്കിടക്കുന്ന കേബിൾ പ്രത്യേക സ്ഥലത്തമരും. അതോടെ വിവിധ ഈണങ്ങളിൽ ഹോൺ മുഴങ്ങും –ജീപ്പിനായി ഇവിടത്തുകാർ കണ്ടുപിടിച്ച പ്രത്യേക സാങ്കേതിക വിദ്യ.
ബസുകാരായിരുന്നു പ്രധാന ശത്രുക്കൾ. ബസ് വരുന്നത് കണ്ടാൽ ജീപ്പ് ൈഡ്രവറുടെ ൈഡ്രവിങ് സീറ്റിലേക്കുള്ള ഒരു ഓടിക്കയറ്റമുണ്ട്. അതൊരു കാണേണ്ട കാഴ്ച തന്നെയായിരുന്നു. 50 പൈസയുടെ ലാഭം നോക്കി ആളുകൾ ഇറങ്ങുന്നത് തടയാനാണ് ഈ അഭ്യാസം. ഇത് തുടരുമ്പോൾ ബസുകാർ ഓടിച്ചിട്ട് പിടിക്കും. ഒരു അടി ലൈവായി കാണുന്നതിെൻറ സംതൃപ്തി ലഭിക്കുന്നതിനാൽ നാട്ടുകാർ എപ്പോഴും കാണികളായിരുന്നു. എന്നാൽ, നിരത്തുകളിൽനിന്ന് ജീപ്പിെൻറ ശബ്ദം ഒഴിയുകയാണ്. ഇതിെൻറ സ്ഥാനം മിനി ബസുകളും ഓട്ടോകളും വാനുകളും കാറുകളും എസ്.യു.വികളുമെല്ലാം ചേർന്ന് കൈയടക്കിയിരിക്കുന്നു. സ്കൂൾ കുട്ടികൾക്ക് യാത്രാസൗകര്യമൊരുക്കാൻ ബസുകളുമായി മാനേജ്മെൻറുകൾ ഇറങ്ങിത്തിരിച്ചതോടെ വിശ്രമത്തിന് സമയം ഏറെ ലഭിച്ചു.
ജീപ്പ് സ്റ്റാൻഡിലിരുന്ന് പത്രം വായന പ്രധാന ജോലിയായതോടെ കിട്ടിയ വിലയ്ക്ക് നാടുകടത്തിത്തുടങ്ങി. മേജർ, കമാൻഡർ എന്നീ പേരുകളിൽ മേക്കപ്പിട്ടിറങ്ങിയെങ്കിലും ആർക്കുമത്ര പിടിച്ചില്ല. അവസാനം പാറയിലും കയറുന്ന ‘താർ’ എന്ന കരുത്തനെ ഇറക്കിയെങ്കിലും വളയം പിടിക്കാൻ തുടക്കത്തിൽ ന്യൂ ജനറേഷൻ പയ്യന്മാർക്കുണ്ടായിരുന്ന ആവേശം പിന്നെ കണ്ടില്ല. അവർ ഡെസ്റ്ററിലും എക്കോ സ്പോട്ടിലും ടെരാനയിലുമെല്ലാം നാടുകണ്ടു. എന്തിനേറെ, ഇന്നോവയെ കണ്ടപ്പോൾ പൊലീസുകാർ വരെ കൂടെപ്പോയി. ഇപ്പോഴിതാ ജന്മനാടായ അമേരിക്കയിൽനിന്ന് ഒറിജിനൽ ജീപ്പ് തന്നെ ഇന്ത്യയിലെ പണക്കാരെ കാണാനെത്തിയിരിക്കുന്നു. റോഡിൽ അവശേഷിക്കുന്നവയും പൊളിമാർക്കറ്റിലെത്തുന്നതോടെ ഒരു യുഗത്തിന് അന്ത്യമാകും. ഇപ്പോഴും ജീപ്പിനെ കുറിച്ച് എല്ലാവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ഇത്രയും കുലുങ്ങി യാത്ര ചെയ്യാൻ മറ്റൊരു വാഹനം പിറന്നിട്ടു വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.