മഹീന്ദ്രക്ക് മോജോ എന്നൊരു ബൈക്കുണ്ടെന്ന് പറഞ്ഞാൽ അധികമാരും അറിയില്ല. പക്ഷെ സംഗതി സത്യമാണ്. 2015ലാണ് മോജോയെ മഹീന്ദ്ര ആദ്യമായി അവതരിപ്പിച്ചത്. അഡ്വഞ്ചർ ടൂറർ വിഭാഗത്തിലായിരുന്നു മോജോയുടെ വരവ്. ജീപ്പും കാറുമൊക്കെ ഉണ്ടാക്കി വിജയിപ്പിച്ച സ്ഥിതിക്ക് ബൈക്കെന്നാൽ നിസാരമാണെന്നായിരുന്നു മഹീന്ദ്രയുടെ കണക്കുകൂട്ടൽ.
എന്നാൽ സംഗതി അത്ര എളുപ്പമായിരുന്നില്ല. മോജോ തെറ്റിയും തെറിച്ചും കുറച്ചെണ്ണം വിറ്റു എന്നല്ലാതെ വലിയ ഒാളമൊന്നും ഉണ്ടാക്കിയില്ല. ഇൗ സമയത്താണ് മഹീന്ദ്രക്ക് പുതിയൊരു ബുദ്ധി ഉദിച്ചത്. ഇനിയിപ്പൊ ഒരു ബൈക്കുണ്ടാക്കി പേരും പ്രശസ്തിയും പിടിച്ചുപറ്റുന്നതൊക്കെ മിനക്കേടാണ്. പകരം പേരും പ്രശസ്തിയുമുള്ള ഒരു തറവാട് വാങ്ങി അതിെൻറ പേരിൽ കുറച്ച് ബൈക്ക് ഉണ്ടക്കി വിൽക്കാം എന്നതായിരുന്നു പുതിയ െ എഡിയ. അങ്ങിനെയാണ് ജാവ ബൈക്ക് പിറക്കുന്നത്.
സംഗതി മഹീന്ദ്ര വിചാരിച്ചത് തന്നെ നടന്നു. ജാവ ആളുകൾ ക്യൂ നിന്ന് വാങ്ങാൻ തുടങ്ങി. പണ്ട് മോജോയിൽ പിടിപ്പിച്ചിരുന്ന എഞ്ചിനും കുറേ പാർട്സുകളും തന്നെയായിരുന്നു ജാവയിലും ഉള്ളത്. പക്ഷെ പേരിെൻറ ഒരു പവറുണ്ടെല്ലാ, അതങ്ങ് ഏറ്റു. ജാവ വന്നെങ്കിലും മോജോയെ മഹീന്ദ്ര ഉപേക്ഷിച്ചിട്ടില്ല. 2020 ഏപ്രിലിൽ പരിഷ്കരിച്ച ജാവ നിരത്തിലെത്തിക്കാനിരുന്നതാണ്. അപ്പോഴാണ് ബി.എസ്.സിക്സ് കുരുക്ക് വരുന്നത്. പുറത്തിറക്കൽ പിന്നോം നീണ്ടു. ഇപ്പോഴിതാ മോജോ 300 എ.ബി.എസ് പുറത്തിറങ്ങിയിരിക്കുന്നു.
ബി.എസ് സിക്സ് എഞ്ചിനും പിടിപ്പിച്ച് പുതിയ നിറങ്ങളുമൊക്കെയാണ് ഇപ്പോഴത്തെ വരവ്.വില 1.99 ലക്ഷം. രൂപഭാവങ്ങളിൽ പഴയതിൽ നിന്ന് വലിയ മാറ്റമൊന്നും ബൈക്കിനില്ല. റൂബി ബ്ലാക്ക്, ബ്ലാക്ക് പേൾ, ഗാർനെറ്റ് ബ്ലാക്ക്, റെഡ് അഗേറ്റ് എന്നീ നിറങ്ങളിൽ വാഹനം ലഭിക്കും. ഇരട്ട ഹെഡ്ലാംബ്, 21 ലിറ്റർ ഇന്ധന ടാങ്ക്, അലോയ് വീലുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്സ്.ടി എന്ന ഒറ്റ വേരിയൻറിലാണ് ബൈക്ക് വരുന്നത്. 295 സി.സി, സിംഗിൾ സിലിണ്ടർ എഞ്ചിൻ 7,500 ആർ.പി.എമ്മിൽ 26 എച്ച്.പി കരുത്തും 5,500 ആർ.പി.എമ്മിൽ 28 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ്. മുന്നിൽ ടെലിസ്കോപിക്കും പിന്നിൽ മോണോകോക്കുമാണ് സസ്പൻഷൻ. ഡ്യൂവൽ ചാനൽ എ.ബി.എസ് സംവിധാനവുമുണ്ട്.
സുസുക്കി ഗിഗ്സർ 250, ബജാജ് ഡോമിനർ 250,യമഹ എഫ്.ഇസഡ് 25,കെ.ടി.എം ഡ്യൂക്ക് 250, ബെനല്ലി ലിയോസിനൊ 250 തുടങ്ങിയവയാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.