ഇന്ത്യൻ നിരത്തുകളിലെ ജനപ്രിയ ഹാച്ച്ബാക്കുകളിലെ തിളങ്ങുന്ന നക്ഷത്രം മാരുതി സ്വിഫ്റ്റിന് 15 വയസ്സ്. 2005ലാണ് സ്വിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കുന്നത്. മാരുതിയുടെ 800ഉം സെന്നും വാഗൺആറുമെല്ലാം ഒാടിച്ചുനടന്നവർക്ക് സ്വിഫ്റ്റൊരു അദ്ഭുതമായിരുന്നു. കൂടുതൽ സൗകര്യവും കരുത്തുമുള്ള വാഹനം ലഭിച്ചതോടെ പലരും ഇവെൻറ പിറകെകൂടി. ഇന്നും മാരുതി സുസുക്കി എന്ന് പറഞ്ഞാൽ ആദ്യം മനസ്സിലെത്തുക സ്വിഫ്റ്റ് തന്നെ. പേരുപോലെത്തന്നെ അത്രക്ക് വേഗത്തിലാണ് ഈ വാഹനം വണ്ടിഭ്രാന്തൻമാരുടെ മനസ്സ് കീഴടക്കിയത്. സൗകര്യങ്ങളും രൂപഭംഗിയും കാരണം ഒരേസമയം കുടുംബങ്ങളുടെയും ന്യൂജനറേഷെൻറയും മനം കീഴടക്കാൻ സ്വിഫ്റ്റിന് കഴിഞ്ഞു. 2006, 2012, 2019 വർഷങ്ങളിൽ ഇന്ത്യൻ കാർ ഓഫ് ദ ഇയർ അവർഡിന് മറ്റൊരു അവകാശിയുമില്ലായിരുന്നു.
22 ലക്ഷം യൂനിറ്റ് വാഹനങ്ങളാണ് 15 വർഷത്തിനിടെ മാരുതി വിറ്റൊഴിച്ചത്. 2005ൽ 1.3 ലിറ്റർ പെട്രോൾ എൻജിനുമായാണ് സ്വിഫ്റ്റ് വരുന്നത്. സുസുക്കി ജപ്പാനിൽ വികസിപ്പിച്ചെടുത്ത എൻജിനായിരുന്നുവത്. 2007ൽ ഫിയറ്റിെൻറ സാങ്കേതിക സഹായത്തോടെ ഡീസൽ ഹൃദയവും ലഭിച്ചു. 4 സിലിണ്ടർ ഡി.ഡി.ഐ.എസ് 1.3 ലിറ്റർ എൻജിൻ.
2011ൽ പുതുതലമുറ സ്വിഫ്റ്റ് നിരത്തിലിറങ്ങി. പഴയ മോഡലിനേക്കാൾ കൂടുതൽ പരിഷ്കാരങ്ങളുമായിട്ടായിരുന്നു ആ വരവ്. ഇതോടൊപ്പം ഫീച്ചറുകളും വർധിച്ചു. ഇവിടെ പെട്രോൾ എൻജിനിലും മാറ്റം വന്നു. ബി.എസ്4 1.2 ലിറ്റർ കെ സീരീസ് എൻജിൻ പെട്രോൾ വാഹനത്തിൽ ഇടംപിടിച്ചു. പിന്നീട് വർഷങ്ങളോളം സ്വിഫ്റ്റിെൻറ തേരോട്ടമായിരുന്നു. ഇതിനിടയിൽ പല എതിരാളികളും നിരത്തിലറങ്ങി കഴിഞ്ഞിരുന്നു.
ഇതോടെ സ്വിഫ്റ്റിനെ കാലത്തിനനുസരിച്ച് പുതുക്കിപ്പണിയാൻ കമ്പനി തീരുമാനിച്ചു. അങ്ങനെ 2018ൽ പുതിയ അവതാരപ്പിറവിയുണ്ടായി. മുമ്പ് കണ്ടതിനേക്കാൾ തികച്ചും വ്യത്യസ്തമായ ലുക്കിലായിരുന്നു ആ വരവ്. സുസുക്കിയുടെ ഹാർട്ടക് പ്ലാറ്റ്ഫോമിലായിരുന്നു നിർമാണം. പുറംമോടിയിലും അകത്തളങ്ങളിലും ഏറെ വൈവിധ്യങ്ങൾ കമ്പനി ഒരുക്കി. സുരക്ഷയും ആധുനിക ഫീച്ചറുകളും മൈലേജുമെല്ലാം വർധിച്ചു. ആഡംബര വാഹനങ്ങളെ വെല്ലുന്ന പ്രോജക്ടർ ഹെഡ്ലാമ്പുകളും എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റുകളും ഗൺമെറ്റൽ അലോയ് വീലുമെല്ലാം ഭംഗി വർധിപ്പിച്ചു. പഴയ മോഡലിനേക്കാൾ നീളം കുറഞ്ഞെങ്കിലും വീൽബേസും ബൂട്ട് സ്പേസുമെല്ലാം കൂടുതലായി. ഇത് കൂടാതെ എ.എം.ടി ഗിയർബോക്സും ഇടംപിടിച്ചു.
ബി.എസ്6 മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ നിലവിലെ മോഡലിൽനിന്ന് ഡീസൽ എൻജിൻ പതിയെ പുറത്തായി. ബി.എസ് 6 മാനദണ്ഡങ്ങളോടുകൂടിയ 1.2 ലിറ്റർ പെട്രോൾ എൻജിനാണ് നിലവിൽ വാഹനത്തെ ചലിപ്പിക്കുന്നത്. 2021ഓടെ സ്വിഫ്റ്റിന് വീണ്ടും പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.