ഒരു വാഹനം വാങ്ങാന്‍ തീരുമാനിച്ചയാള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്. വലുപ്പം, വില, നിര്‍മാതാവ്, അകത്തെയും പുറത്തെയും സൗകര്യങ്ങള്‍, സുരക്ഷാക്രമീകരണങ്ങള്‍ തുടങ്ങി ഇന്ധനക്ഷമതവരെ അതില്‍പെടും. പക്ഷേ, എങ്ങനെയാണ് തന്‍െറ വാഹനത്തിന്‍െറ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതെന്നത് ശരാശരി ഉപഭോക്താവിനെ അലട്ടുന്ന കാര്യമല്ല. എന്‍ജിനുകളുടെ പ്രത്യേകതകള്‍ നാം പരിശോധിക്കുമെങ്കിലും ഈ സവിശേഷതകള്‍ എങ്ങനെയാണ് വാഹനത്തെ ബാധിക്കുന്നതെന്ന് ചിന്തിക്കാറുമില്ല. 

ലോകത്ത് ഏറ്റവും കൂടുതല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനിയും ഏറ്റവും കൂടുതല്‍ വാഹനം ഉല്‍പാദിപ്പിക്കുന്ന കമ്പനിയും ഒന്നല്ല. മിക്ക വര്‍ഷങ്ങളിലും ജപ്പാനിലെ ടൊയോട്ടയാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മിക്കാറുള്ളത്. എന്നാല്‍, എന്‍ജിനുകള്‍ നിര്‍മിക്കുന്നതില്‍ മുമ്പന്മാര്‍ ഇറ്റലിയിലെ ഫിയറ്റ് ആണ്. 
മാരുതി, ടാറ്റ, ഷെവര്‍ലെ തുടങ്ങി ഇന്ത്യയിലെ മുന്‍നിര നിര്‍മാതാക്കള്‍ക്ക് ഡീസല്‍ എന്‍ജിന്‍ നല്‍കുന്നത് ഫിയറ്റ് ആണ്. ഫിയറ്റിന്‍െറ ഏറ്റവും ജനപ്രിയമായ എന്‍ജിനാണ് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍. ഈ എന്‍ജിന്‍ ഏതൊക്കെ വാഹനങ്ങള്‍ക്കാണ് കരുത്തുപകരുന്നതെന്ന് കേട്ടാല്‍ അദ്ഭുതപ്പെടും. മാരുതിയുടെ എട്ടും ഷെവര്‍ലെയുടെ നാലും ടാറ്റയുടെ രണ്ടും ഫിയറ്റിന്‍െറ ആറും വാഹനങ്ങളില്‍ ഈ എന്‍ജിനാണ്.

മാരുതിയുടെ സ്വിഫ്റ്റ്, ഡിസയര്‍, ഇഗ്നിസ്, ബലേനൊ, സിയാസ്, എര്‍ട്ടിഗ തുടങ്ങി എസ്ക്രോസും ബ്രെസ്സയുംവരെ ഓടുന്നത് മള്‍ട്ടിജെറ്റ് ഉപയോഗിച്ചാണ്. ടാറ്റയുടെ സെസ്റ്റ്, ബോള്‍ട്ട് ഷെവിയുടെ സെയില്‍, ബീറ്റ്, എന്‍ജോയ് തുടങ്ങി ഫിയറ്റിന്‍െറ സ്വന്തം പൂന്തോ, ലീനിയ, അവെഞ്ചുറ തുടങ്ങിയവവരെ ചലിക്കുന്നത് ഇതേ കരുത്തിലാണ്.  

എന്‍ജിന്‍ ഒന്നാണെങ്കിലും ട്യൂണിങ്ങിലെ വ്യത്യാസവും വാഹനങ്ങളുടെ ഭാരവും അനുബന്ധഘടകങ്ങളും ചേര്‍ന്ന് പ്രകടനക്ഷമതയില്‍ വ്യത്യാസം ഉണ്ടാകാറുണ്ട്. വാഹനലോകത്തെ പുത്തന്‍ പ്രവണതയനുസരിച്ച് എന്‍ജിനുകളുടെ വലുപ്പം കുറയുകയാണ്. നാല് സിലിണ്ടറിന് പകരം മൂന്നിലേക്ക് മാറുകയും എന്നാല്‍ കരുത്ത് കൂട്ടുകയും ചെയ്യുകയാണ് പുതിയരീതി. സുസുക്കി ആഗോളതലത്തില്‍ നേരത്തേ അവതരിപ്പിച്ച 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ ബലേനൊ ആര്‍.എസിലൂടെ ഇന്ത്യയിലേക്കും വരികയാണ്. 102 ബി.എച്ച്.പി കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിനാകും. 

എന്‍ജിന്‍ പ്രവര്‍ത്തിക്കാന്‍ ഏറ്റവും അത്യാവശ്യം ഇന്ധനമാണ്. ഇന്ധനം കത്തുമ്പോഴാണ് ഊര്‍ജം ഉണ്ടാകുന്നത്. ഇന്ധനവും വായുവും കൂടി ഒരു സിലിണ്ടറിനുള്ളില്‍ കത്തിച്ചാണ് എന്‍ജിനുകള്‍ കരുത്ത് ഉല്‍പാദിപ്പിക്കുന്നത്. സിലിണ്ടറുകളുടെ എണ്ണം കൂടുംതോറും ഇന്ധനത്തിന്‍െറ അളവ് കൂടുകയും ശക്തി വര്‍ധിക്കുകയും ചെയ്യും. എന്നാലിവിടെ സിലിണ്ടര്‍ കുറച്ചിട്ടും എന്‍ജിന്‍ കരുത്തുകൂടാന്‍ കാരണം സിലിണ്ടറിലേക്ക് വരുന്ന ഇന്ധനത്തിന്‍െറ അളവ് വര്‍ധിക്കുന്നതാണ്. മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമായി നേരിട്ടാണ് ബൂസ്റ്റര്‍ജെറ്റ് എന്‍ജിനില്‍ ഇന്ധനം പ്രവഹിക്കുന്നത്. നേരത്തേ ഫോക്സ്വാഗണ്‍ എക്കോബൂസ്റ്റ് എന്‍ജിനുകളിലൂടെ പ്രയോഗവത്കരിച്ച അതേരീതി തന്നെയാണ് ഇവിടെയും പിന്തുടരുന്നത്. താമസിയാതെ സിയാസ്, ബ്രെസ്സ, എര്‍ട്ടിഗ തുടങ്ങിയവയിലും ഈ എന്‍ജിന്‍ പിടിപ്പിക്കുമെന്നാണ് സൂചന.

Tags:    
News Summary - new engine for the maruthi car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.