വാഹനകമ്പനികളുടെ ലോകത്തിൽ തന്നെ ഏറ്റവും വലിയ പ്രതിഫലം കൈപ്പറ്റിയിരുന്ന തലവനായിരുന്നു അ യാൾ. എന്നിട്ടും, ഭൂമിയിലേക്ക് പറന്നിറങ്ങിയ ഉടൻ വിമാനം വളഞ്ഞായിരുന്നു ജപ്പാനിലെ ടോക്യോ വിമാനത്താവളത്തിൽ അയാളെ അറസ്റ്റ് ചെയ്തത്. കോടാനുകോടി സ്വത്തിൻെറ ഉടമയായിരുന്നിട്ടും ജയിലിൽ കൊലപാതകികൾക്കും പിടിച്ചുപറിക്കാർക്കും കള്ളന്മാർക്കുമൊപ്പം കഴിയേണ്ടിവന്നു. കോടതി മുറികളിൽ അയാളെ കൊണ്ടുവന്നതാകട്ടെ അരയിൽ കയറും കെട്ടി കൈയിൽ വിലങ്ങും വെച്ചായിരുന്നു. ഏറെ കാലത്തെ നിയമപോരാട്ടത്തിനിടയിൽ കനിഞ്ഞുകിട്ടിയ ജാമ്യം പോലും അയാൾ ആഘോഷമാക്കി. അതിൻെറ പരകോടിയിൽ സംഗീതോപകരണങ്ങളുടെ പെട്ടിയിൽ കയറി പാട്ടുംപാടി അയാൾ ജപ്പാനിൽ നിന്ന് രക്ഷപ്പെട്ടു..
സംഭ്രമജനകവും സസ്പെൻസുകൾ നിറഞ്ഞതുമായ ഹോളിവുഡ് ചിത്രങ്ങൾ പോലും തോറ്റുതുന്നം പാടും ലോകോത്തര കാർ നിർമാണ കമ്പനിയായ നിസ്സാൻെറ മുൻ ചെയർമാൻ കാർലോസ് ഗോണിൻെറ ജീവിതത്തിനു മുന്നിൽ.
കോടികളുടെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ 2018 നവംബർ 19നായിരുന്നു കാർലോസ് ഗോൺ ജയിലിലായത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്ന ജപ്പാനിൽ നിന്ന് കോടതി വ്യവഹാരങ്ങളും കടന്നു കുറ്റമുക്തനായി പുറത്തുവരിക അത്ര എളുപ്പമല്ലെന്ന് കാർലോസിന് നന്നായി അറിയാം. അതുകൊണ്ടാണ് ഇരുചെവി അറിയാതെ അയാൾ ജപ്പാനിൽ നിന്ന് മുങ്ങിയത്.
ജീവിതം എന്നും കാർലോസിന് ഒരാഘോഷമായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോഴും ആ ആഘോഷത്തിന് ഒട്ടും കുറവു വരുത്താൻ അയാൾ ഒരുക്കമായിരുന്നില്ല. വിദേശത്തുനിന്നു ക്ഷണിച്ചുവരുത്തിയ സംഗീതജ്ഞന്മാർ പുതുവർഷത്തിനു മുന്നോടിയായി അയാളുടെ വീട്ടിലെ ആഘോഷത്തിന് കൊഴുപ്പേകി. പരിപാടി കഴിഞ്ഞ് സംഗീതോപകരണങ്ങൾ അടങ്ങിയ പെട്ടികളും പൂട്ടി അവർ മടങ്ങുമ്പോൾ അതിലൊരു പെട്ടിയിൽ 65കാരനായ കാർലോസുണ്ടായിരുന്നുവത്രെ. സ്വകാര്യ ജെറ്റിൽ ശവപ്പെട്ടിക്കു സമാനമായ സംഗീതപ്പെട്ടിയിൽ കിടന്ന് അയാൾ അതിസൂക്ഷ്മമായ നിരീക്ഷണ സംവിധാനങ്ങളുള്ള ജപ്പാനിൽ നിന്ന് വിദഗ്ധമായി കടന്നുകളഞ്ഞു.
ഇപ്പോൾ ലബനാനിലിരുന്ന് കാർലോസ് പറയുന്നു; ജപ്പാനിലെ കോടതി വിചാരണകളിൽ നീതി ലഭിക്കുമെന്നുറപ്പില്ലാത്തതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന്. എന്നാൽ, അങ്ങനെ പെട്ടിയിൽ കയറിയൊന്നുമല്ല കാർലോസ് രക്ഷപ്പെട്ടതെന്ന് ഭാര്യ കരോൾ ഗോൺ പറയുന്നു. സ്വകാര്യ സുരക്ഷ ഏജൻസികളാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ എത്തിച്ചതെന്നും അവിടെനിന്ന് രക്ഷപ്പെട്ടതാണെന്നുമാണ് കരോൾ ഗോൺ പറയുന്നത്.. സത്യമെന്തായാലും കാർലോസ് ഒരു സംഭവം തന്നെ....
കാർലോസ് എങ്ങനെ ജപ്പാനിൽ നിന്ന് കടന്നുവെന്നാലോചിച്ച് അന്വേഷണ ഏജൻസികൾക്ക് ഉറക്കം നഷ്ടമായി കഴിഞ്ഞു. എന്നും കഥകളാൽ നിറഞ്ഞുനിന്ന കാർലോസിൻെറ ജീവിതത്തിലെ പഞ്ച്ലൈൻ ആയ ഈ ‘തടവുചാടൽ’ വാർത്തകളിൽ നിറഞ്ഞോടുകയാണിപ്പോൾ.
തൊട്ടതെല്ലാം പൊന്നാക്കിയൊരാൾ...
ശരിക്കും ഒരു പോരാളിയുടെ വരവു കണക്കെയായിരുന്നു കാർലോസ് ഗോണിൻെറ ജീവിതം. ഫ്രാൻസിൽനിന്ന് ലെബനാനിലേക്ക് കുടിയേറിയതായിരുന്നു കാർലോസിൻെറ മുത്തച്ഛൻ ബിഷാറ ഗോൺ. ലെബനോനിൽ നിന്ന് അവർ ബ്രസീലിലേക്ക് കുടിയേറ്റം തുടർന്നു. ബൊളീവിയയുടെയും ബ്രസീലിൻെറയും അതിർത്തി ദേശമായ ഗ്വപേറോയിലായിരുന്നു കാർലോസിൻെറ ജനനം. ബിസിനസുകാരനായ മുത്തച്ഛനിൽ നിന്ന് അച്ഛൻ ജോർജ് ഗോണിലൂടെ പകർന്നു കിട്ടിയതാണ് കാർലോസിനും കച്ചവടത്തിൻെറ ജനിതകതന്ത്രം. അമ്മ റോസ് ജസ്സാറും ലബനീസ് വംശജയായിരുന്നു. ആറാമത്തെ വയസ്സിൽ മുത്തശ്ശിയെ കാണാൻ ലെബനാനിലെത്തിയ കാർലോസും അമ്മയും അവിടെ തുടർന്നു. പ്രാഥമിക വിദ്യാഭ്യാസം ബെയ്റൂത്തിലായിരുന്നു. തുടർ വിദ്യാഭ്യാസത്തിനായി ഫ്രാൻസിലേക്കാണ് കാർലോസ് വെച്ചുപിടിച്ചത്. അങ്ങനെ അറബിയും ഫ്രഞ്ചും കാർലോസിൻെറ നാവിൽ വെള്ളംപോലെ ഒഴുകി. പാരീസിലെ പ്രധാനപ്പെട്ട രണ്ട് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇകോൾ പോളി ടെക്നികിൽ നിന്നും മൈൻസ് പാരീസ് ടെകിൽ നിന്നും എഞ്ചിനിയറിങ് ബിരുദം നേടി. അപ്പോഴും ബിസിനസിലുള്ള ഉൾവിളി അദ്ദേഹത്തെ വിട്ടൊഴിഞ്ഞിരുന്നില്ല.
അങ്ങനെയിരിക്കെയാണ് ഇന്ന് ലോക പ്രശസ്തമായി തീർന്ന മിഷ്ലിൻ ടയർ കമ്പനിയിൽനിന്ന് ഒരു ഓഫർ ലഭിക്കുന്നത്. കമ്പനിയുടെ തെക്കേ അമേരിക്കയിലെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന പ്ലാൻറിൻെറ സി.ഇ.ഒയായി ബ്രസീലിലായിരുന്നു നിയമനം. കാർലോസിൻെറ വീക്ഷണവും നയചാതുര്യവും മിടുക്കും കൊണ്ട് ഒരു വർഷത്തിനകം കമ്പനി ലാഭത്തിലായി. പിന്നെ തൊട്ടതെല്ലാം പൊന്നാക്കുന്ന ഇന്ദ്രജാലമായിരുന്നു. മിഷ്ലിൻ കമ്പനിയെ ലോകോത്തര കമ്പനിയാക്കി മാറ്റുന്നതിൽ കാർലോസിൻെറ ബുദ്ധി കാര്യമായ പങ്കുവഹിച്ചു.
അപ്പോഴേക്കും കാർലോസ് ഗോൺ എന്ന മുപ്പതുകാരനിൽ കച്ചവട ലോകത്തിൻെറ കണ്ണുകൾ പതിഞ്ഞുകഴിഞ്ഞിരുന്നു. 1996ൽ കാർലോസിനെ ഫ്രഞ്ച് വാഹന നിർമാണ കമ്പനിയായ ‘റെനോ’ (Renault) എക്സിക്യുട്ടീവ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ക്ഷണിച്ചു. അതുവരെ പഴഞ്ചൻ ലുക്കിലും എണ്ണകുടിയൻ എഞ്ചിനിലും ഓടിയിരുന്ന സർക്കാർ വിലാസം കമ്പനിയായിരുന്ന റെനോയെ കാർേലാസ് പുതിയ എഞ്ചിൻ വെച്ച് വമ്പൻ കുതിപ്പിലേക്ക് നയിച്ചത് ആട്ടോമൊബൈൽ ലോകത്തെ ഏറ്റവും വലിയ അതിശയമായിരുന്നു. അടച്ചുപൂട്ടൽ ഭീഷണി നേരിട്ട കമ്പനിയെയാണ് ലാഭത്തിലേക്ക് കാർലോസ് കൊണ്ടെത്തിച്ചത്.
അങ്ങനെയിരിക്കെ ലാഭത്തിൽ നിന്ന് നഷ്ടത്തിലേക്ക് പതിച്ച ജപ്പാനിലെ വാഹന നിർമാതാക്കളായ നിസ്സാനുമായി റെനോ സഹകരണത്തിലേർപ്പെട്ടത് ചരിത്ര സംഭവമായി. റെനോയുടെ എക്സിക്യുട്ടീവ് വൈസ് പ്രസിഡൻറായിരുന്ന കാർലോസ് അങ്ങനെ നിസ്സാൻെറ സി.ഇ.ഒആയി മാറി. അടിമുടി കമ്പനിയെ മാറ്റിപ്പണിത കാർലോസ് നിസ്സാനെ വൻതകർച്ചയിൽ നിന്ന് കരകയറ്റി. ഇംഗ്ലീഷും ഫ്രഞ്ചും അറബിയും പോർചുഗീസും ചറപറ ഒഴുകുന്ന കാർലോസിൻെറ നാവിൽ ജാപ്പനീസ് ഭാഷയും വഴങ്ങി. പിന്നീട് റെനോയുടെയും സി.ഇ.ഒ ആയി ചരിത്രം തിരുത്തിയെഴുതി. പൂട്ടാനിരുന്ന നിസാൻ കമ്പനിയെ കാർലോസ് ലാഭത്തിലാക്കിയത് ബിസിനസ് സ്കൂളുകളുടെ ഏറ്റവും വലിയ സിലബസായി മാറി. യു.എസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടേഴ്്സും ഫോർഡും കാർലോസ് ഗോണിനായി ചീട്ടെറിഞ്ഞെങ്കിലും അതിൽ കൊത്താതെ നിസ്സാനിലും ജപ്പാനിലും തുടരാനായിരുന്നു അദ്ദേഹത്തിൻെറ തീരുമാനം.
നായകനിൽ നിന്ന് വില്ലനിലേക്ക്
ജപ്പാൻ ഭരിക്കാൻ ഏറ്റവും യോഗ്യരായവരെ തെരഞ്ഞെടുക്കാന നടത്തിയ സർവേയിൽ ഏഴാം സ്ഥാനത്തുവരെ ഉണ്ടായിരുന്ന കാർലോസ് നായകനിൽ നിന്ന് വില്ലനിലേക്ക് കൂപ്പുകുത്തിയത് വളരെ പെട്ടെന്നായിരുന്നു.
നിസ്സാനിൽ നിന്ന് വാങ്ങിയ പ്രതിഫലം കുറച്ചുകാണിച്ച് നികുതി തട്ടിപ്പ് നടത്തിയെന്നതായിരുന്നു കാർലോസിനെതിരെ ഉയർന്ന പ്രധാന ആരോപണം. അതിനു പുറമെ പിന്നെയും കുറേ സാമ്പത്തിക ക്രമക്കേടുകളുടെ കേസും കൂട്ടവും അയാളെ തേടിയെത്തി. അപ്പോഴാണ് ടോക്കിയോ വിമാനത്താവളത്തിൽ വന്നിറങ്ങിയ കാർലോസിനെ വളഞ്ഞിട്ട് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചത്. വിലങ്ങണിയിച്ച് കോടതി വരാന്തകളിലൂടെ നടത്തിച്ചത്.
ഒരിക്കൽ ജപ്പാൻ ഭരിക്കാൻ പോലും യോഗ്യനായൊരാൾ എന്ന നിലയിൽ നിന്ന് കാർലോസ് ഗോൺ എത്ര പെട്ടെന്നാണ് ഒരു സാമ്പത്തിക കുറ്റവാളിയിലേക്ക് മൂക്കുംകുത്തി വീണത്... ബാറ്ററി ടെക്നോളജിയിലൂടെ നിസ്സാനെ പുതിയ ദൂരങ്ങളിലേക്ക് പറത്താൻ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന ആലോചനകൾക്കും പദ്ധതികൾക്കുമിടയിലാണ് കാർലോസ് അഴികൾക്കകത്താകുന്നത്.... നിസ്സാൻ എന്ന ലോകോത്തര കമ്പനിയുടെ ഭാവി തന്നെ ഇരുളിലാക്കിക്കളഞ്ഞു കാർലോസിൻെറ അറസ്റ്റ്.
മൂന്ന് രാജ്യത്തെ പൗരത്വമുണ്ട് കാർലോസിന്. മൂന്ന് രാജ്യത്തിൻെറ പാസ്പോർട്ടും ജാപ്പനീസ് അധികൃതുരുടെ കസ്റ്റഡിയിലായിരുന്നു. ജാമ്യം കിട്ടിയപ്പോൾ ജപ്പാനിൽ സഞ്ചരിച്ചത് ഫ്രാൻസ് നൽകിയ താൽക്കാലിക പാസ്പോർട്ട് ഉപയോഗിച്ചാണ്. അതുപയോഗിച്ചാണോ കാർലോസ് ജപ്പാനിൽ നിന്ന് കടന്നുകളഞ്ഞത് എന്ന അന്വേഷണവും നടക്കുന്നുണ്ട്. ലെബനാനുമായി ജപ്പാന് കുറ്റവാളി കൈമാറ്റ കരാർ നിലവിലില്ല. അത് മുതലെടുത്താണ് കാർലോസ് സംഘർഷഭൂമിയായ ലെബനാൻ തന്നെ ഒളിച്ചുകടക്കാനായി തെരഞ്ഞെടുത്തത് എന്നാണ് കരുതുന്നത്... മാത്രവുമല്ല, അത് കാർലോസിനെ സംബന്ധിച്ചിടത്തോളം വേരുകളിലേക്കുള്ള മടക്കവുമാണ്...
എന്തായാലും ഒന്നുറപ്പാണ്. വൈകാതെ കാർലോസിൻെറ ജീവിതം ചലച്ചിത്രമാക്കാനായി ഏതെങ്കിലും സിനിമക്കാരൻ ഇറങ്ങിത്തിരിക്കാതിരിക്കില്ല. കാരണം, അത്രയേറെ സംഭവബുഹുലമാണ് 65 വയസ്സുള്ള ആ വ്യവസായ തന്ത്രശാലിയുടെ ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.