ഭൂതക്കഥ കേട്ടു പേടിച്ച കുട്ടിയെപ്പോലെ മിണ്ടാതെ ഒഴുകിവരുന്ന പെരിയാർ, അണക്കെട്ടിെൻറ വായിലൂടെ പുറത്തുചാടി അലറിപ്പാഞ്ഞൊരു പോക്കുണ്ട്. അത് കാണണമെങ്കിൽ ഭൂതത്താൻകെട്ട് തുറക്കുന്ന സമയത്ത് എത്തണം. വേനൽ കഴിഞ്ഞ് കിഴക്കൻ മലകളിൽ മഴ എത്തിനോക്കുേമ്പാൾതന്നെ ഭൂതത്താൻകെട്ട് നിറയും. പച്ച ഗ്രാനൈറ്റിട്ട വിമാനത്താവളംപോലെ വെള്ളം അനങ്ങാതെ കിടക്കും. വീണ്ടും മഴ തിമിർത്താൽ അരികിലുള്ള കനാൽ വഴി നാടുതെണ്ടാനിറങ്ങും. കനാലിനരികിലെ വീടുകളുടെ മുറ്റത്തും അടുക്കളയിലും കയറി വിലസും. വാഴയും മറ്റും കൂടെ കൊണ്ടുപോകും. ഇതൊഴിവാക്കാൻ ജലസേചന വകുപ്പ് ജൂണിെൻറ തുടക്കത്തിൽ ഷട്ടർ പൊക്കും. അസുലഭമായി കിട്ടുന്ന അവസരമല്ലേ, പെരിയാർ അത് മുതലാക്കും. എടുത്തുചാടി ഒരോട്ടമാണ് അറബിക്കടലിലേക്ക്.
അകലെനിന്ന് കാണുേമ്പാൾ ഭൂതത്തിെൻറ വായിലെ പല്ലിനിടയിൽനിന്ന് ചാടിപ്പോകുംപോലെ തോന്നും.
ഭൂതങ്ങൾക്ക് പറ്റിയ അബദ്ധം
ഭക്തർക്ക് തീവ്ര വിശ്വാസമുള്ള പ്രതിഷ്ഠയാണ് തൃക്കാരിയൂർ മഹാദേവേൻറത്. ഭൂതത്താൻകെട്ടിൽനിന്ന് ഏതാണ്ട് പത്തു കിലോമീറ്റർ ദൂരം വരും. ജനങ്ങൾക്കുള്ള ഭക്തി കണ്ട് അസൂയമൂത്ത ഭൂതങ്ങൾ ഒരു പദ്ധതിയിട്ടു. ഇൗ പ്രദേശം മുഴുവൻ വെള്ളത്തിൽ മുക്കിക്കളയുക. അപ്പോൾ അമ്പലവും മുങ്ങിപ്പോകും. ഒറ്റ രാത്രികൊണ്ട് പെരിയാറിനു കുറുകെ ചിറകെട്ടി വെള്ളപ്പൊക്കമുണ്ടാക്കാമെന്ന് ഒരു ഭൂതം പറഞ്ഞു. ഇതുകേട്ട മറ്റു ഭൂതങ്ങൾ വലിയ കല്ലുകൾ ചുമന്നുകൊണ്ടുവന്ന് പണിയാരംഭിച്ചു. സംഗതി കുഴപ്പമാകുമെന്നു കണ്ട പരമശിവൻ പൂവൻകോഴിയുടെ രൂപമെടുത്ത് കൂവാൻ തുടങ്ങി. ഇതുകേട്ട് നേരം വെളുത്തുവെന്നോർത്ത് ഭൂതങ്ങൾ പണി പാതിവഴി നിർത്തി തിരിച്ചുപോയി. പണി പൂർത്തിയാവാതെകിടന്ന ഭാഗം കെടുവാതിൽ എന്നറിയപ്പെടുന്നു. ഒപ്പം ഭൂതത്താൻകെെട്ടന്ന പേരും വീണു. ഡാമിനോടു ചേർന്ന പൂന്തോട്ടത്തിൽ കയറിനോക്കിയാൽ മതി അവിടെ കല്ലുചുമക്കുന്ന ഭൂതങ്ങളുടെ പ്രതിമകൾ കാണാം. പരമശിവൻ കൂവിയ സ്ഥലമായിട്ടും ഭൂതങ്ങളുടെ പേര് സ്ഥലത്തിനിട്ടതിെൻറ മനഃശാസ്ത്രം അന്വേഷിച്ചപ്പോൾ വേറൊരു കഥ കിട്ടി.
കോതമംഗലം പണ്ട് ചേരരാജാക്കന്മാരുടെ പ്രമുഖ കേന്ദ്രമായിരുന്നു. അവർ നിരവധി ബുദ്ധമത കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. രാജാവ് ഒരു ചിറ നിർമിച്ചപ്പോൾ അതിന് ബുദ്ധെൻറ പേരിട്ടു. ബുദ്ധനെ നാട്ടുകാർ വിളിച്ചിരുന്നത് പൂതൻ എന്നായിരുന്നു. പൂതത്താൻകെട്ട് പിന്നെ ഭൂതത്താൻകെട്ടായി. ഇരുഭാഗവും കൂടുതൽ തെളിവ് നിരത്താത്തതുകൊണ്ട് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
ലോകം മുഴുവൻ കറങ്ങി മടുത്തുവെങ്കിൽ കുറച്ചുസമയം വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ് ഭൂതത്താൻകെട്ടും ഇടമലയാറും. പോകുംവഴിയെല്ലാം കണ്ണും കാതും മൂക്കും തുറന്നുവെക്കണം. ഇടക്ക് വേറെ പണിക്ക് പോകരുത്. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ സ്വിഫ്റ്റ് ഡിസയറിെൻറ ഒാേട്ടാമാറ്റിക്കിനെയാണ് കൂടെ കൂട്ടിയത്. സ്റ്റാർട്ട്ചെയ്ത് ഡ്രൈവ് മോഡിലിടുക, പിന്നെ ആക്സിലേറ്ററിൽ കാലമർത്തുക. ബാക്കിയൊക്കെ കാർ ചെയ്തോളും. നിർത്തേണ്ടിടത്ത് ബ്രേക്കിട്ടാൽ മതി, നിന്നോളും. ഗിയറില്ല, ക്ലച്ചില്ല, പൂർണ സ്വാതന്ത്ര്യം.
കോതമംഗലത്തുനിന്ന് കീരമ്പാറയിൽ വന്ന് ഇടത്തോട്ടു തിരിഞ്ഞ് നേരെ പോയാൽ ഭൂതത്താൻകെട്ടാവും. ഡാമിന് തൊട്ടുമുമ്പ് റിസോർട്ടുകൾ കാത്തിരിക്കുന്നുണ്ട്. ഒപ്പം മൂന്നു നിലയിൽ ഒരു ഹൈടെക് ഷാപ്പും. ഷാപ്പെന്നു കേട്ട് നെറ്റിചുളിക്കേണ്ട. എ.സി മുറിയും മറ്റുമൊക്കെയായി ഒരു അടിപൊളി സെറ്റപ്. കള്ള് വേറെ കറി വേറെ. ഭക്ഷണം മാത്രം കഴിച്ച് മാന്യമായി പോകുന്നവർക്ക് വേണ്ട സൗകര്യവുമുണ്ട്. ഭക്ഷണമാണ് ഇവിടത്തെ താരം.
പെരിയാർ നദീതട ജലസേചന പദ്ധതി എന്നപേരിൽ 1957ൽ പണിതുടങ്ങിയ ഡാം 1964ൽ കമീഷൻ ചെയ്തു. ഇപ്പോൾ ഏതാണ്ട് കാലാവധി കഴിയാറായി. അനിഷ്ടസംഭവങ്ങൾ ഉണ്ടാകും മുമ്പ് മൊത്തത്തിൽ പുതുക്കാനുള്ള തത്രപ്പാടിലാണ് ജലവിഭവ വകുപ്പ്. ഇപ്പോൾ ഡാമിനു മുകളിൽകൂടിയാണ് ഇടമലയാറിനും വടാട്ടുപാറക്കുമുള്ള വാഹനങ്ങൾ പോകുന്നത്. അത് അധികകാലം തുടരാനാവില്ല. പോളിയോ പിടിച്ചപോലെ നിൽക്കുന്ന ഡാമിെൻറ കാലുകളിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ പാലം തൊട്ടടുത്തു കുഞ്ഞിക്കാലുകൾ മാത്രം വെള്ളത്തിനു പുറത്തിട്ട് നിൽക്കുന്നുണ്ട്.
15 ഷട്ടറുകളിൽ അഞ്ചാമത്തേത് ഏതാണ്ട് തകർന്നുകഴിഞ്ഞു. അത് മുറിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നു. അതിനായി ഇക്കുറി ഡാമിലെ വെള്ളം പതിവില്ലാത്ത വിധം തുറന്നുവിട്ടിരിക്കുകയാണ്. കൗണ്ടർവെയിറ്റിെൻറ മേൽക്കൂരയിലെ ഷീറ്റ് മാറ്റലും ഒപ്പം നടക്കുന്നുണ്ട്. ഇതെല്ലാം കണ്ട് ദൂരെ മാറിനിൽക്കുകയാണ് ഡാമിെൻറ വാച്ചർ റെജി. ആശുപത്രിയിൽ കിടക്കുന്ന കുട്ടിയെ നോക്കുേമ്പാലെ ഇടക്കിടെ ഡാമിനെ നോക്കുന്നു. ‘‘മിക്കവാറും അവസാനത്തെ അലറിപ്പാച്ചിലായിരിക്കും ഇത്’’ ^റെജിയുടെ കണ്ണിൽ കാരുണ്യം.മറുകരയിൽ മിനി പവർഹൗസിെൻറ പണി നടക്കുന്നുണ്ട്. അടുത്ത വർഷം അതിലേക്ക് പൈപ്പിലൂടെ വെള്ളം കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. പിന്നെ ഡാം തുറക്കേണ്ടിവരില്ല. അറ്റകുറ്റപ്പണികൾക്കായി ഡാമിനു പിന്നിൽ മണ്ണിട്ട് തടയണ പണിതതാണ്. പക്ഷേ, ഒറ്റരാത്രി പെയ്ത മഴയിൽ സംഘടിച്ചെത്തിയ മലവെള്ളം അണയെ അറബിക്കടലിൽ എത്തിച്ചു.
എല്ലാ വർഷവും ഡാം തുറക്കുന്ന ദിവസം ചുറ്റുവട്ടത്ത് 25 കിലോമീറ്റർ പരിധിയിലെ ചെറുപ്പക്കാരിൽ മിക്കവരും ഇവിടുണ്ടാവും. മലയാറ്റൂർ മലഞ്ചെരിവിലെ പൊന്മാനെ മനസ്സിൽ ധ്യാനിച്ച് പെരിയാറ്റിൽ മീൻപിടിത്തം തുടങ്ങും. ട്രോളിങ്ങിന് ഉപയോഗിക്കുന്നതൊഴികെ മിക്കവാറും ഇനം വലകളും ഇവരുടെ കൈയിൽ കാണും. പരിസരത്തെ കടകളിൽ മുളകും മസാലയും വിൽക്കാൻ പ്രത്യേക കൗണ്ടർ തുറക്കേണ്ടിവരുമെന്ന് തോന്നും. ഇടക്ക് വല വിൽക്കുന്ന കടകൾ വരെ കണ്ടു. ഷട്ടറിനടിയിലൂടെ കുതിച്ചൊഴുകുന്ന വെള്ളത്തിൽനിന്നും കനാലുകളിലേക്ക് കയറിക്കിടക്കുന്ന വെള്ളത്തിൽ നിന്നുമൊക്കെയായി എല്ലാവർക്കുംകൂടി നൂറുകണക്കിന് കിലോ മീൻ കിട്ടും. എന്നുകരുതി ആവേശം മൂത്ത് ‘മല്യയുടെ പൊന്മാനു’മായി വെള്ളത്തിലിറങ്ങരുത്, പണിയാകും. പെരിയാർ മുകളിൽ ശാന്തമാണെങ്കിലും അടിയൊഴുക്ക് കൂടുതലാണ്. പലയിടത്തായി പത്തുനൂറു പേർ മീൻപിടിക്കുന്നുണ്ട്. പക്ഷേ, അധികമൊന്നും കിട്ടുന്നതു കണ്ടില്ല. ഡാം തുറന്നതിൽ പ്രതിഷേധിച്ച് വെള്ളത്തിനടിയിൽ ഹർത്താലായിരിക്കുമോ?
വലിയ ബുദ്ധിമുട്ടില്ലാതെ കയറാൻപറ്റുന്ന രീതിയിലാണ് വാച്ച്ടവർ നിർമിച്ചിരിക്കുന്നത്. മുകളിൽനിന്ന് നോക്കിയപ്പോൾ ദൂരെ വലിയൊരു ഹൗസ്ബോട്ട് ആകാശത്തുനിന്ന് വീണപോലെ കിടക്കുന്നു. സൂക്ഷിച്ചു നോക്കി, പണ്ട് വെള്ളമുണ്ടായിരുന്ന ഇടമാണ്. ഡാം തുറന്നപ്പോൾ വെള്ളം വള്ളത്തെ ഉപേക്ഷിച്ചുപോയി. മഴയായതുകൊണ്ടായിരിക്കും അധികം സന്ദർശകരില്ല. ചില പ്രണയജോടികൾ ചുറ്റിക്കറങ്ങുന്നുണ്ട്. ഇനി പോകേണ്ടത് ഇടമലയാറിനാണ്. ഡാം കടന്നെത്തുന്നത് വനത്തിലേക്കാണ്. ഭൂതത്താൻകെട്ടിൽനിന്ന് ഒമ്പതു കിലോമീറ്ററോളമുണ്ട് ഇടമലയാറിന്. കുറച്ചുദൂരം ചെല്ലുമ്പോൾ വഴി രണ്ടായി തിരിയും. ഒന്ന് വടാട്ടുപാറയിലേക്ക് പോകും. ഇടമലയാർ പദ്ധതിയുടെ കാലത്ത് കുടിയൊഴിപ്പിച്ചവർ താമസിക്കുന്നത് ഇവിടെയാണ്. ബസ് സർവിസുകൾ നിരവധി. അടുത്ത വഴിയാണ് ഇടമലയാറിലേക്കുള്ളത്. ഫോറസ്റ്റ് സ്റ്റേഷനല്ലാതെ ഒന്നുമില്ല. വല്ലപ്പോഴും കെ.എസ്.ഇ.ബിയുടെ ബസും ബൈക്കിലും കാറിലുമായി ചെറുപ്പക്കാരുടെ സംഘങ്ങളും പോകുന്നുണ്ട്.
മുന്നിൽ മിനുങ്ങിക്കിടക്കുന്ന റോഡ്. വെട്ടിനിർത്തിയ താടിപോലെ വൃത്തിയുള്ള വനം. സംഗതി തേക്കിൻ കൂപ്പാണ്. വീണ്ടും മുന്നോട്ടു പോകുമ്പോൾ വനം ഫ്രീക്കന്മാരുടെ മുടിപോലാകും. മുളങ്കൂട്ടവും വള്ളിപ്പടർപ്പുമൊക്കെയായി ആകെ ബഹളം. കാർ റോഡരികിലിട്ട് കുറെ പടങ്ങളെടുത്തു. ചരിഞ്ഞുനിൽക്ക്, താടി താഴ്ത്ത് എന്നൊക്കെ പറഞ്ഞാൽ കാറ് കേൾക്കില്ലല്ലോ. ഫോേട്ടാഗ്രാഫർ ടെൻസിങ് റോഡിൽ കിടന്നും ഉരുണ്ടും പടംപിടിക്കുന്നു. പുതിയ കാറും കാറിെൻറ പടം പിടിത്തവും കാണാൻ ആളുകൂടി. ചിലർക്ക് കാറിെൻറ ഗുണഗണങ്ങൾ അറിയണം.
മുന്നിൽ വീതി കുറഞ്ഞ റോഡാണ്. വളവും തിരിവും ധാരാളം. പക്ഷേ, അടിമുടി മാറിയെത്തിയ ഡിസയറിന് ഇതൊക്കെ പുല്ലാണ്. വിഡിയോ ഗെയിം കളിക്കുംപോലെ വണ്ടിയോടിക്കാൻ തോന്നും. അങ്ങനെ ഒരു ഇറക്കമിറങ്ങി വളവ് തിരിഞ്ഞപ്പോൾ പെട്ടെന്നൊരു മണം, ആനയുടേതാണ്. ഗുരുവായൂരെത്തിയ അനുഭൂതി. റോഡിൽ ടിപ്പർ ലോറിയിൽനിന്ന് മണ്ണു വീണ് കിടക്കുംപോലെ ആനപ്പിണ്ടം. ഇടക്ക് ബോണ്ടപോലെ വേറെന്തോ കിടക്കുന്നു. കുഞ്ഞ് ആനയുടെ വകയാണ്. ഉണ്ണിപ്പിണ്ടം. റോഡരികിലെ ഈറ്റകൾ വലിച്ചൊടിച്ച് ഇട്ടിട്ടുണ്ട്. ആനവരുന്നോ എന്ന് എങ്ങനെ അറിയും. ചങ്ങല കിലുക്കം കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ പോരേ എന്നൊരു അഭിപ്രായം വണ്ടിക്കുള്ളിൽ ഉയർന്നു. പേടിക്കുമ്പോൾ ഇങ്ങനെയൊക്കെയുള്ള അഭിപ്രായങ്ങളായിരിക്കും മിക്കവാറും ഉണ്ടാവുക.
ഒരുവിധം ഇടമലയാർ ഡാമിെൻറ ഗേറ്റിലെത്തി. അവിടെ മനോഹരമായി ചിരിച്ചുകൊണ്ട് കാവൽക്കാരൻ ചാൾസ് നിൽക്കുന്നു. ഇടുക്കിക്കാരനാണ്. സി.ആർ.പി.എഫിൽനിന്ന് വിരമിച്ചശേഷം മൂന്നു വർഷമായി ഇവിടെയുണ്ട്. തനിച്ചേയുള്ളോ, ലോഹ്യം കൂടാൻ ആദ്യ ചോദ്യം വിട്ടു. അല്ല വേറെ ആളുണ്ട് ^ചാൾസ് വനത്തിനുള്ളിലെ റോഡിലേക്ക് കൈചൂണ്ടി. ഒരു മൂന്നര കിലോമീറ്റർ പോണം. പകൽ തനിച്ചാണ് കാവൽനിൽപ്. രാത്രി ഒരാളുകൂടി വരും. മൃഗങ്ങളെയൊക്കെ കാണാറുണ്ടോ? ചോദ്യം ഫോട്ടോഗ്രാഫറുടെ വകയാണ്. അരമണിക്കൂർ മുമ്പു വന്നാൽ കിട്ടിയേനെ. ഒരു രാജവെമ്പാല ഇപ്പോൾ പോയതേയുള്ളൂ. അത് പോകുമ്പോൾ എപ്പോഴും തല പൊക്കിപ്പിടിക്കും. ഇവിടെങ്ങാൻ കാണും. ചാൾസ് കാട്ടിലൊക്കെ നോക്കാൻ തുടങ്ങി. ആളെ കൊല്ലുന്ന ഒരു ഒറ്റയാൻ ഉണ്ടായിരുന്നതാ. പക്ഷേ, അടുത്തിടെ പിടിച്ച് ഉൾക്കാട്ടിൽ വിട്ടു. ചാൾസ് മനസ്സമാധാനം തരുന്നില്ല.
ഇടുക്കിക്കുടി, എറണാകുളംകുടി എന്നീ ആദിവാസി കോളനികൾ അതിനുള്ളിലുണ്ട്. ഒരു സ്കൂളും. സ്കൂൾ ഇടക്കിടെ ആന വന്ന് തകർക്കും. പുറത്തുനിന്ന് വരുന്ന രണ്ടു ടീച്ചർമാരും പ്യൂണും ഒറ്റശ്വാസത്തിൽ ജോലിചെയ്ത് മടങ്ങും. നേരത്തേ ഇടമലയാർ ഡാമിൽ സന്ദർശകരെ അനുവദിച്ചിരുന്നു. പക്ഷേ, നാലു വർഷം മുമ്പ് നിർത്തി. മാവോവാദി ഭീഷണി ഉണ്ടെന്ന കേന്ദ്ര മുന്നറിയിപ്പായിരുന്നു കാരണം. പൊലീസിനെ നിയോഗിക്കണമെങ്കിൽ കെ.എസ്.ഇ.ബി ഒരു കോടി രൂപ വീതം നൽകണം. ആ കളി വേണ്ടെന്ന് കെ.എസ്.ഇ.ബിയും പറഞ്ഞു.
കേട്ട കഥകളുടെ രസത്തിൽ മുങ്ങി വണ്ടി വട്ടംതിരിച്ചു.
സ്വിഫ്റ്റിെൻറ നിഴലല്ല ഡിസയർ
എല്ലാ അർഥത്തിലും ഇന്ത്യൻ നിരത്ത് കീഴടക്കിയ കാറാണ് സ്വിഫ്റ്റും സ്വിഫ്റ്റ് ഡിസയറും. പെട്രോളിലും ഡീസലിലുമായി ഇറങ്ങുന്ന ആറ് വേരിയൻറുകളിൽ ഇന്ത്യയിലെ മധ്യനിര കുടുംബങ്ങൾ തൃപ്തരാണ്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ പിന്തുണയുള്ള ഡിസയർ അടിമുടി മാറിയാണ് ഇക്കുറി നിരത്തിലെത്തിയിരിക്കുന്നത്. സ്വിഫ്റ്റുമായി ഒരു സാമ്യവുമില്ല എന്നതാണ് ആദ്യം ശ്രദ്ധയിൽപെടുക. അതുെകാണ്ടുതന്നെ പേരിൽനിന്ന് സ്വിഫ്റ്റ് അപ്രത്യക്ഷമായി. ഡിസയർ എന്ന ഒറ്റവാക്കിൽ ഒതുക്കി ഇൗ കലാസൃഷ്ടിയെ.
ബോണറ്റിലേക്ക് നോക്കിയാൽ മിനികൂപ്പർ, ഗ്രില്ലിൽ ആസ്റ്റൺമാർട്ടിെൻറ നിഴൽ, പിൻഭാഗത്ത് സിയാസിെൻറ കൈയൊപ്പ് ^ഇതൊക്കെ ചേരുന്നതാണ് ഡിസയർ.
ഉയരം കുറഞ്ഞ്, വീതികൂടി, നിലത്തോട് അൽപംകൂടി പതിഞ്ഞ നിലയിലാണ് നിൽപ്. അതിവേഗത്തിൽ നിയന്ത്രണം വിടാതെ നോക്കാൻ ഇൗ രൂപമാറ്റം സഹായിക്കുന്നുണ്ട്. ആകപ്പാടെ മെലിഞ്ഞ് സുന്ദരമായ രൂപം.
പുതിയ ഹാർെട്ടക് (HEARTECT) പ്ലാറ്റ്േഫാമിലാണ് നിർമാണം. അപകടത്തിൽ കൂടുതൽ ആഘാതം താങ്ങാൻ ശേഷിയുണ്ട്. വശങ്ങളിലെ മടക്കുകളും മുന്നിലെ ഗ്രില്ലും കാറിന് കരുത്തുള്ള രൂപം നൽകുന്നുണ്ട്. വലുപ്പം കൂടിയ ടയറുകളും വീൽ ആർച്ചുകളും ഇതിനോടൊപ്പം ചേർന്നുനിൽക്കുന്നുണ്ട്. ഉള്ളിൽ ഡ്രൈവർ സീറ്റ് അൽപം ഉയർന്നു. ഇപ്പോൾ മികച്ച കാഴ്ച കിട്ടുന്നുണ്ട്. പഴയ ഡീസൽ ഡിസയറിനെക്കാൾ 6.8 ശതമാനം ഇന്ധനക്ഷമത പുതിയ ഡിസയറിനുണ്ട്. ഇപ്പോൾ ഒരു ലിറ്റർ ഡീസൽ ഉപയോഗിച്ച് 28.4 കിലോമീറ്റർ ഒാടാനാവുമെന്ന് കമ്പനി പറയുന്നു.പെട്രോളിന് 5.5 ശതമാനമാണ് വർധന. 22 കിലോമീറ്റർ ദൂരം ഒരു ലിറ്റർ പെട്രോൾകൊണ്ട് ഒാടിക്കാം. പഴയതിനെക്കാൾ 40 മില്ലിമീറ്ററാണ് വീതി കൂടിയിരിക്കുന്നത്. ഇതോെട മുന്നിലെ ഷോൾഡർ റൂം 20 മില്ലിമീറ്ററും പിന്നിലേത് 30 മില്ലിമീറ്ററും കൂടി. പിന്നിലെ ലെഗ്റൂം 55 മില്ലിമീറ്റർ വർധിച്ചു. ഡിക്കിയിലെ സ്ഥലം 62 ലിറ്റർ വർധിച്ച് 378 ലിറ്ററായി.
പെട്രോൾ എൻജിൻ 4200 ആർ.പി.എമ്മിൽ 113 എൻ.എം ടോർക്കും 6000 ആർ.പി.എമ്മിൽ 61 കിലോവാട്ട് പവറും നൽകും. ഡീസൽ 2000 ആർ.പി.എമ്മിൽ 190 എൻ.എം ടോർക്കും 4000 ആർ.പി.എമ്മിൽ 55 കിലോവാട്ട് പവറും നൽകും. 2450 മില്ലിമീറ്റർ വീൽബേസും 163 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഉണ്ട്. ഒാേട്ടാമാറ്റിക്കും മാനുവലും കിട്ടും. ഒാേട്ടാ ഗിയർഷിഫ്റ്റ് എന്ന് സുസുക്കി പേരിട്ടിരിക്കുന്ന ഒാേട്ടാമാറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഡിസയറാണ് നിലവിൽ താരമായിരിക്കുന്നത്. സ്മൂത്തായ ഗിയർഷിഫ്റ്റിങ്ങാണ് പ്രത്യേകത. സെലേറിയോയിലെ ഗിയർബോക്സ് തന്നെയാണെങ്കിലും ഡിസയറിലെത്തിയപ്പോൾ അടിമുടി മാന്യമായി. സെലേറിയോയിൽ ഗിയറുകൾ മാറി വീഴുന്നത് പാതി ഉറക്കത്തിലും അറിയാമെങ്കിൽ ഡിസയറിൽ ശ്രദ്ധിച്ചിരുന്നാലും മനസ്സിലാകണമെന്നില്ല. നാളെയുടെ സാേങ്കതിക വിദ്യയാണ് ഒാേട്ടാമാറ്റിക്കിലുള്ളത്. ഒാേട്ടാമാറ്റിക്കാണോ മാനുവലാണോ മികച്ചതെന്ന് ചോദിച്ചാൽ ഓടിക്കുന്നവെൻറ സംതൃപ്തി പോലിരിക്കും എന്നേ മറുപടി നൽകാൻ പറ്റൂ. അതായത്, ടച്ച് ഫോണും ഞെക്ക് ഫോണും പോലുള്ള വ്യത്യാസമാണ് മാനുവൽ ഗിയർബോക്സുള്ള കാറും ഓട്ടോമാറ്റിക് ഗിയർബോക്സുള്ള കാറും തമ്മിലുള്ളത്. പെട്രോൾ വേരിയന്റിന് 5.45 ലക്ഷം മുതൽ 8.41 വരെയും ഡീസൽ വേരിയന്റിന് 6.45 ലക്ഷം മുതൽ 9.41 വരെയാണ് ന്യൂ ഡൽഹി എക്സ് ഷോറും വില.
ചിത്രങ്ങൾ:ടെൻസിങ് പോൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.