മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ ജേതാക്കളായി ഹൈദരാബാദ് എഫ്.സി. മൂന്നാം ഫൈനലിൽ ഭാഗ്യം തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് തറപറ്റിച്ചാണ് ഹൈദരാബാദ് ആദ്യമായി ഐ.എസ്.എൽ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 1-1 ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഷോട്ടുകൾ തടുത്ത് ഹൈദരാബാദ് ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമാണി താരമായി. ലെസ്കോവിച്, നിഷു കുമാർ, ജീക്സൺ സിങ് എന്നീ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഷോട്ടുകൾ പാഴായി.
മലയാളി താരം കെ.പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം സ്കോർ ചെയ്തത്. ജീക്സൺ സിങ്ങിന്റെ അസിസ്റ്റിൽ 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ കിടിലൻ ഗോൾ. എന്നാൽ 88ാം മിനിറ്റിൽ സാഹിൽ ടവേരയുടെ ലോങ് റേഞ്ച് ഗോളിലൂടെ ഹൈദരാബാദ് ഗോൾ മടക്കി. അധികമായി അനുവദിച്ച 30 മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
എ.ടി.കെ മോഹ്വൻ ബഗാൻ, ചെന്നൈയിൻ എഫ്.സി, ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നീ ടീമുകൾക്ക് ശേഷം ഐ.എസ്.എൽ ജേതാക്കളാകുന്ന അഞ്ചാമത്തെ ടീമാണ് ഹൈദരാബാദ്.
മലയാളി താരം കെ.പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോൾ. ജീക്സൺ സിങ്ങാണ് പാസ് നൽകിയത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ജയമുറപ്പിച്ചിരുന്ന വേളയിൽ 88ാം മിനിറ്റിൽ സാഹിൽ ടവേരയുടെ ലോങ് റേഞ്ച് ഗോളിലൂടെയാണ് ഹൈദരാബാദ് ഗോൾ മടക്കിയത്.
ബ്ലാസ്റ്റേഴ്സ് ബോക്സിൽ മൂലയിൽ നിന്ന് ഒഗ്ബെച്ചെ അടിച്ച ഷോട്ട് ഗിൽ ആത്മവിശ്വാസത്തോടെ കൈപ്പിടിയിലൊതുക്കി
ജിക്സൺ നൽകിയ പന്തുമായി ബോക്സിലൂടെ ഓടിക്കയറിയ ഒഗ്ബച്ചെ പന്ത് ഗോൾവല ലക്ഷ്യമാക്കി നിറയൊഴിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ വെളിയിലേക്ക്.
വീണ്ടും കിടിലൻ സേവുമായി ഗിൽ. ജോ വിക്ടറിന്റെ ഷോട്ട് തടഞ്ഞു.
ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് സിവെറിയോയുടെ ഹെഡ്ഡർ ഗിൽ തടുത്തിട്ടു. ഹൈദരാബാദിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു സിവെറിയോയുടെ ഗോൾശ്രമം. മാർക്ക് ചെയ്യപ്പെടാതെ നിന്ന സിവെറിയോ പന്ത് വലയിലേക്ക് ഹെഡ് ചെയ്തിട്ടെങ്കിലും കൃത്യമായി പൊസിഷനിൽ നിന്ന ഗിൽ ബ്ലാസ്റ്റേഴ്സിന് രക്ഷയേകി.
വാസ്കസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങി. റീബൗണ്ടായി വന്ന പന്ത് വലയിലാക്കാൻ കെ.പി. രാഹുലിന് സാധിച്ചില്ല
ഗോൾ പോസ്റ്റിൽ നിന്ന് അൽപം ദൂരെ നിന്ന് ലൂണ ഗോളിനായി ശ്രമം നടത്തി. എന്നാൽ ഹൈദരാബാദ് ഗോളി കട്ടിമാണിയെ പരാജയപ്പെടുത്താൻ പോന്ന പവർ ഷോട്ടിനുണ്ടായില്ല.
ആൽവരോ വാസ്കസിൽ നിന്ന് സ്വീകരിച്ച പന്ത് ഗോൾപോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തു വിട്ട ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പി രാഹുലിന് തെറ്റി. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്.
ബോക്സിന് പുറത്ത് നിന്ന് സൗവിക് ചക്രവർത്തി തൊടുത്തുവിട്ട ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭുസുഖൻ ഖിൽ കൈപ്പിടിയിലൊതുക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.