ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിന് സമീപം വലിച്ചെറിഞ്ഞ നിലയിൽ പെട്ടിയിൽ യുവതിയുടെ മൃതദേഹം അടുത്തിടെ കണ്ടെത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ 53 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി കുടുക്കുന്ന ഗൂഢാലോചന സിദ്ധാന്തമായ 'ലവ് ജിഹാദിന്റെ' ഇരയാണ് കൊല്ലപ്പെട്ട യുവതി എന്ന നിലക്കാണ് ഈ വീഡിയോ ഹിന്ദുത്വ തീവ്ര നേതാക്കൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.
@shefalitiwari7 എന്ന ട്വിറ്റർ ഉപയോക്താവ് വൈറൽ ക്ലിപ്പ് പങ്കുവെച്ച് ഇങ്ങനെ എഴുതി: "ഹിന്ദു പെൺകുട്ടികളുടെ ആത്മാക്കൾ മരിച്ചോ?. അവർക്ക് അവരുടെ മതത്തോടും സംസ്കാരത്തോടും യാതൊരു ബന്ധവുമില്ലേ?. ഇങ്ങനെയാണെങ്കിൽ ഇതുപോലുള്ള സ്യൂട്ട്കേസുകളിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത് തുടരും. അബ്ദുൽ എന്നയാളെ വിശ്വസിച്ചിറങ്ങിയ ഒരു ഹിന്ദു പെൺകുട്ടിയെ കൂടി പെട്ടിയിൽ കണ്ടെത്തി. ഗുരുഗ്രാം ഇഫ്‌കോ ചൗക്കിന് സമീപം. തിരച്ചിൽ നടക്കുന്നു" -ഇതായിരുന്നു തീവ്ര വർഗീയവാദിയായ അയാളുടെ പ്രസ്താവന. പ്രസ്തുത പോസ്റ്റ് ഹിന്ദുത്വ തീവ്രവാദ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. കൊല്ലപ്പെട്ട പെൺകുട്ടി 'ലൗ ജിഹാദി'ന്റെ ഇരായാണ് എന്നായിരുന്നു തീവ്ര ഹിന്ദുത്വ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്.
ഗാസിയാബാദിലെ ബി.ജെ.പി ജില്ലാ സോഷ്യൽ മീഡിയ തലവനായ ആനന്ദ് കൽറ ക്ലിപ്പ് ട്വീറ്റ് ചെയ്ത് ഇങ്ങനെ എഴുതി: "20 മുതൽ 25 വയസ് വരെ പ്രായമുള്ള ഒരു സ്ത്രീയുടെ മൃതദേഹം ഇഫ്‌കോ ചൗക്കിന് സമീപം ഒരു സ്യൂട്ട്‌കേസിൽ കണ്ടെത്തി. യുവതിയുടെ കൈകളും കാലുകളും ഒടിഞ്ഞിട്ടുണ്ട്. മൃതദേഹം കണ്ടാൽ മണിക്കൂറുകൾക്ക് മുൻപാണ് കൊലപാതകം നടന്നതെന്ന് തോന്നുന്നു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. ഇത് ലവ് ജിഹാദായിരിക്കാം എന്നാണ് പറയപ്പെടുന്നത്''. അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഭർത്താവിനെ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്തിരുന്നതാണ്. രാഹുൽ എന്നയാളാണ് കുറ്റവാളി.
കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിന്റെ പകർപ്പും പുറത്തുവന്നിരുന്നു. കുറ്റിക്കാട്ടിൽ നിന്ന് സ്യൂട്ട്കേസ് ആദ്യം കണ്ടെത്തിയത് ഓട്ടോ ഡ്രൈവറായ സുനിൽ കുമാർ എന്നയാളാണ്. വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് സംഭവം അന്വേഷിച്ചു. അവർ പൊലീസ് ഓഫിസറായ ഹരേഷ് കുമാറുമായി സംസാരിച്ചു. "എന്റെ അറിവിൽ ലവ് ജിഹാദിന്റെ ഒരു സൂചനയും ഇല്ല. എഫ്.ഐ.ആർ ഫയൽ ചെയ്തത് എന്റെ പൊലീസ് സ്റ്റേഷനിലാണ്. പക്ഷേ കേസ് സി.ഐ.എ ബ്രാഞ്ചിലേക്ക് മാറ്റി'' -അദ്ദേഹം പറഞ്ഞു.
അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരു സി.ഐ.എ ഉദ്യോഗസ്ഥനെയും ആൾട്ട് ന്യൂസ് സമീപിച്ചു. കേസിൽ വർഗീയ വശം ഇല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതി ഒരു ഹിന്ദുവാണ്. കുഷ്വ ജാതിയിൽ നിന്നുള്ളയാളാണ്, ഇരയായ പ്രിയങ്ക യാദവ ജാതിയിൽപ്പെട്ടവളാണ്. രാഹുൽ എന്നാണ് പ്രതിയുടെ പേര്. പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.