സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും സംഘ്പരിവാർ കേന്ദ്രങ്ങൾ പടച്ചുവിടുന്ന വ്യാജവാർത്തകൾ ചില്ലറയല്ല. സത്യവുമായി പുലബന്ധം പോലുമില്ലാത്ത വാർത്തകളാണ് പലതും. പക്ഷേ, സത്യാവസ്ഥ പുറത്തുവരുമ്പോഴേക്കും വ്യാജവാർത്തകൾ ബഹുദൂരം പിന്നിട്ടിരിക്കും. ഈ ഗണത്തിൽ ഏറ്റവും അവസാനത്തേതാണ് ബുർഖ ധരിച്ച യുവതി ബസിൽ സഞ്ചരിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായ വീഡിയോ. സംഘ്പരിവാർ കേന്ദ്രങ്ങൾ പടച്ചുവിട്ട വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്' ഇതിന്റെ സത്യാവസ്ഥ കണ്ടെത്തി ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
സെപ്തംബർ 19ന്, ആൾട്ട് ന്യൂസിന് അവരുടെ വാട്ട്‌സ്ആപ്പ് ടിപ്പ് ലൈനിൽ ഒരു കൂട്ടം വീഡിയോകൾ ലഭിച്ചു. ഡൽഹിയിൽ നടന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകൽ സംഭവവുമായി ബന്ധമുള്ളതായിരുന്നു വീഡിയോകൾ എന്നായിരുന്നു അറിയിപ്പ്.
ആദ്യത്തെ ക്ലിപ്പിൽ, ബുർഖ ധരിച്ച ഒരു സ്ത്രീ ഭിക്ഷ യാചിക്കുന്ന ഒരു കുട്ടിയുടെ അടുത്ത് വരുന്നത് കാണാം. കുട്ടിക്ക് യുവതി മയക്കുമരുന്ന് നൽകി മയക്കുന്നു. തുടർന്ന് കുട്ടിക്ക് ബോധം നഷ്ടപ്പെടുന്നു. ഇതിന് തൊട്ടുപിന്നാലെ ഒരാൾ ഓട്ടോറിക്ഷയിൽ സംഭവസ്ഥലത്ത് എത്തുകയും അവർ കുട്ടിയെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്യുന്നു. ഈ ക്ലിപ്പ് 2022 ജൂലൈ മുതൽ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത് ഒന്നിലധികം അവസരങ്ങളിൽ ആൾട്ട് ന്യൂസ് പൊളിച്ചെഴുതിയിട്ടുമുണ്ട്. സോഷ്യൽ മീഡിയ കാഴ്‌ചകളിലൂടെ പണം സമ്പാദിക്കാൻ ഒരു കൂട്ടം ആളുകൾ സൃഷ്ടിച്ച ഈജിപ്തിൽ നിന്നുള്ള സ്റ്റേജ് വീഡിയോയാണിത്. ഈജിപ്തിൽനിന്നുള്ള വീഡിയോയാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.