1947 ഡിസംബർ 12. സ്വാതന്ത്ര്യം ലഭിച്ച് മാസങ്ങളേ ആയുള്ളൂ. മദ്രാസ് അസംബ്ലിയിൽ ചൂടേറിയ ചർച്ച. മലബാറിൽനിന്നുള്ള സാമാജികൻ പി.കെ. മൊയ്തീൻകുട്ടി സാഹിബ് ഒരു ചോദ്യമുന്നയിച്ചു. മലപ്പുറം വള്ളുവമ്പ്രത്തുണ്ടായിരുന്ന ഹിച്ച്കോക്ക് സ്മാരകം പൊളിച്ചുനീക്കുന്നത് സംബന്ധിച്ചായിരുന്നു ചോദ്യം. ഉത്തരം പറയുന്നത് ആഭ്യന്തരമന്ത്രി ഡോ. പി. സുബ്ബരയ്യ.
ചോദ്യം: 1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട, വള്ളുവമ്പ്രത്തെ ഹിച്ച്കോക്ക് സ്മാരകം പോലെ വേറെ വല്ല സ്മാരകങ്ങളും മലബാർ ജില്ലയിലുണ്ടോ?
ഉത്തരം: ഉണ്ട്. 1. കാളികാവിലെ ഇൗറ്റൺ സ്മാരകം. 2. കലാപത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ഒാർമക്കായി കോഴിക്കോട് ജില്ല പൊലീസ് സൂപ്രണ്ട് ഒാഫിസ് കോമ്പൗണ്ടിൽ സ്ഥാപിച്ച സ്മാരകം.1 ആകെ മൂന്ന് സ്മാരകങ്ങൾ.
ഇതിൽ ഹിച്ച്കോക്ക് സ്മാരകം നിരന്തര സമരപ്രക്ഷോഭങ്ങൾക്കൊടുവിൽ ഭരണകൂടം പൊളിച്ചുനീക്കി. അതേസ്ഥലത്ത്, വാഗൺ കൂട്ടക്കൊലയിലെ വാഗണിെൻറ മാതൃകയിൽ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചു. കാളികാവ് ജങ്ഷനിലുണ്ടായിരുന്ന ഇൗറ്റൺ സ്മാരകം അന്നാട്ടുകാർതന്നെ പൊളിച്ച് തോട്ടിലെറിഞ്ഞു. പകരം പഞ്ചായത്ത് ഒാഫിസ് പണിതു. പക്ഷേ, മൂന്നാമതൊരു സ്മാരകമുണ്ട്. മലബാർ പോരാട്ടങ്ങൾ അതിെൻറ ജ്വലിക്കുന്ന നൂറാം വാർഷികത്തിലെത്തിനിൽക്കുേമ്പാഴും, പിറന്ന മണ്ണിെൻറ മോചനം കിനാകണ്ട് പടക്കിറങ്ങിയ പതിനായിരങ്ങളുടെ സ്മൃതികളെ നോക്കി ഇപ്പോഴും പല്ലിളിച്ചുനിൽക്കുന്ന ഒരു സ്മാരകശില. ഏറനാടിെൻറ വിപ്ലവകവി കമ്പളത്ത് ഗോവിന്ദൻ നായരുടെ ഭാഷയിൽ 'ചാത്തനെ കുടിവെച്ച പോലുള്ള' ഒരു സ്മാരകം. അതും മലബാറിെൻറ നെഞ്ചിൻപുറത്ത്!
മഞ്ചേരി നിന്നഞ്ചാറ് മൈല്
ദൂരവേ മോങ്ങത്തില്
സഞ്ചരിക്കുന്നോർക്ക് കാണാ-
റാകുമാ നിരത്തില്
ചത്ത് പോയ ഹിച്ച്കോക്ക്
സായിവിെൻറ സ്മാരകം
ചാത്തനെ കുടിവെച്ചപോലെ
ആ ബലാലിൻ സ്മാരകം
നമ്മളുടെ നെഞ്ചിലാണാ
കല്ലുനാട്ടിവെച്ചത്
നമ്മളുടെ കൂട്ടരെയാണാ
സുവറ് കൊന്നത്
രാജ്യസ്നേഹം വീറുകൊണ്ട
ധീരരുണ്ടീ നാട്ടില്
രക്ഷവേണമെങ്കിൽ മണ്ടി-
ക്കോട്ടവർ ഇംഗ്ലണ്ടില്.
മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ ചോരയിൽ മുക്കി അടിച്ചൊതുക്കിയ, വാഗൺ കൂട്ടക്കൊ ലയടക്കം പൈശാചികതകൾക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പൊലീസ് സൂപ്രണ്ട് ആർ.എച്ച്. ഹിച്ച്കോക്കിെൻറ ഒാർമക്കായി മലപ്പുറം വള്ളുവമ്പ്രത്ത് സ്ഥാപിച്ച സ്മാരകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1939 ജനുവരിയിൽ പുളിക്കലിൽനിന്ന് വള്ളുവമ്പ്രത്തേക്ക് ഒരു സമരജാഥ നടന്നു. ജാഥക്ക് ആവേശം പകർന്ന് കമ്പളത്ത് ഗോവിന്ദൻ നായർ എന്ന വിപ്ലവ കവി രചിച്ച പടപ്പാട്ടാണിത്. അനീതിക്കും ചൂഷണത്തിനുമെതിരായ പോരാട്ടങ്ങൾക്ക് ഇന്നും ആവേശം പകരുന്ന മൂർച്ചയേറിയ ആവിഷ്കാരം. 1926ലാണ് അസുഖം ബാധിച്ച് ഹിച്ച്കോക്ക് മരിക്കുന്നത്. ആ വർഷംതന്നെ അയാൾക്ക് വേണ്ടി സ്മാരകം നിർമിക്കാൻ ബ്രിട്ടീഷുകാരും അവരുടെ ആശ്രിതരായ തദ്ദേശീയരും തീരുമാനിച്ചു. ഹിച്ച്കോക്കിെൻറ സ്മരണക്കായി മാപ്പിളമാരിൽനിന്ന് പണമൂറ്റി തന്നെയാണ് 1927ൽ ബ്രിട്ടീഷുകാർ സ്മാരകം നിർമിച്ചത്. അന്ന് തുടങ്ങുന്നുണ്ട് ആ സ്മാരകത്തിനെതിരായ മലബാറിലെ സ്വാതന്ത്ര്യദാഹികളുടെ പ്രതിഷേധം.
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പ്രസിഡൻറും ടി. മുഹമ്മദ് യൂസുഫ് സെക്രട്ടറിയുമായി ഹിച്ച്ക്കോക്ക് സ്മാരക വിരുദ്ധ കമ്മിറ്റി രൂപംകൊണ്ടു. 2 കമ്മിറ്റി, മദ്രാസ് സംസ്ഥാനത്തിലെ കോൺഗ്രസുകാരനായ മുഖ്യമന്ത്രി രാജഗോപാലാചാരിക്ക് സ്മാരകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. നിരന്തരസമരങ്ങളും ഇടപെടലുകളും സ്മാരകം പൊളിക്കുക എന്ന ആവശ്യവുമായി നടന്നു. ഒടുവിൽ 1946 ഡിസംബർ 27ന് അത് പൊളിച്ച് മലപ്പുറം എം.എസ്.പി ആസ്ഥാനത്തേക്ക് മാറ്റാൻ മദ്രാസ് സർക്കാർ ഉത്തരവിറക്കി. 3 എന്നാൽ, പിന്നെയും കുറേനാൾ ഉത്തരവ് കടലാസിലൊതുങ്ങി. മലബാറിൽനിന്നുള്ള സാമാജികരുടെ നിരന്തര ഇടപെടലുകൾ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മദ്രാസ് നിയമസഭയിലുണ്ടായി.
വള്ളുവമ്പ്രം ജങ്ഷനിൽ മലബാർ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഒാർമകളെ നോക്കി പരിഹസിച്ചുനിന്ന ഹിച്ച്കോക്ക് സ്മാരകം ഇന്നില്ല. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സർക്കാർ മുൻകൈയിൽതന്നെ അത് പൊളിച്ചുനീക്കി. പിന്നീട് അതേ സ്ഥാനത്ത് ബസ് കാത്തിരിപ്പുകേന്ദ്രം (1969 ജൂൺ 15ന്) ഉദ്ഘാടനം ചെയ്യപ്പെട്ടു.
കാളികാവുകാരുടെ തേൻറടം
1921 ആഗസ്റ്റിൽ ബ്രിട്ടീഷുകാർ തിരൂരങ്ങാടിയിൽ തുടങ്ങിവെച്ച പ്രകോപനത്തിന് പോരാളികൾ വീറോടെ തിരിച്ചടി കൊടുത്തുതുടങ്ങിയ സമയം. സർക്കാർ ഒാഫിസുകളും വാർത്താവിനിമയ സംവിധാനങ്ങളും തൂത്തെറിയപ്പെടുകയും ഭരണം സ്തംഭിക്കപ്പെടുകയും ചെയ്ത ദിനങ്ങൾ. കൂട്ടത്തിൽ പോരാളികൾ ഉന്നംവെച്ച മറ്റൊരു കേന്ദ്രമുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ മുഖ്യവരുമാന സ്രോതസ്സുകളായിരുന്ന തോട്ടങ്ങൾ. ആഗസ്റ്റ് 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ വിപ്ലവകാരികൾ പൂനൂർ, കാലിക്കറ്റ്, പുല്ലേങ്കാട്, കേരള എസ്റ്റേറ്റുകൾ ആക്രമിച്ചു. പുല്ലേങ്കാട് എസ്റ്റേറ്റിലെ പ്ലാൻററായ ബ്രിട്ടീഷുകാരൻ സ്റ്റാൻലി പാട്രിക് ഈറ്റണെ കൊലപ്പെടുത്തി ബംഗ്ലാവിന് തീയിട്ടു. വിപ്ലവകാരികളുടെ വെടിയേറ്റുവീണ ഇൗറ്റണിെൻറ മരണം ഉറപ്പുവരുത്തിയത് സ്വന്തം തോട്ടത്തിലെ തൊഴിലാളികൾ തന്നെ. മലബാർ മേഖലയിൽനിന്ന് മുഴുവൻ ബ്രിട്ടീഷ് അധികാര രൂപങ്ങളെയും തുരത്തുക എന്നതായിരുന്നു മലബാർ പോരാളികളുടെ അജണ്ട.
പുല്ലേങ്കാട് എസ്റ്റേറ്റിെൻറ കൈകാര്യകർതൃത്വം കൊച്ചിയിലെ ആസ്പിൻവാളിനും കാലിക്കറ്റിലേത് ഹാരിസൺ, ക്രോസ്ഫീൽഡ് എന്നിവക്കുമായിരുന്നു.4 ടാറ്റയും ഹാരിസണും ഇന്നും സമാന്തര അധികാര കേന്ദ്രങ്ങളായി കേരളക്കരയിലുള്ളപ്പോൾ, എസ്റ്റേറ്റ് മുതലാളിത്തത്തെ സമരത്തിെൻറ ആരംഭത്തിൽതന്നെ പോരാളികൾ ലക്ഷ്യംവെച്ചതിെൻറ കാരണം തേടി മലയാളിക്ക് അധികദൂരം പോകേണ്ടിവരില്ല. കൊല്ലപ്പെട്ട ഇൗറ്റണിെൻറ സ്മരണക്കായി ബ്രിട്ടീഷുകാരുടെ മുൻകൈയിൽ 1922 ഏപ്രിലിൽ കാളികാവ് ജങ്ഷനിൽ സ്മാരകം സ്ഥാപിച്ചു. ഏതാണ്ട് രണ്ട് മീറ്റർ വീതിയും അഞ്ച് മീറ്റർ ഉയരവുമുണ്ടായിരുന്നു ഇൗ കൽസ്തൂപത്തിനെന്ന് കാളികാവിലെ പഴമക്കാർ പറയുന്നു. ''1964ൽ കാളികാവ് പഞ്ചായത്ത് നിലവിൽ വന്നു. സഖാവ് കുഞ്ഞാലി പ്രഥമ പഞ്ചായത്ത് പ്രസിഡൻറായി. പഞ്ചായത്ത് ഒാഫിസിന് കെട്ടിടം പണിയാൻ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാളികാവ് ജങ്ഷനിലെ പുറേമ്പാക്ക് ഭൂമി ശ്രദ്ധയിൽപെടുന്നത്. അവിടെയായിരുന്നു ഇൗറ്റൺ സ്മാരകം. 1965-66 കാലയളവിൽ ഇൗറ്റൺ പ്രതിമ പൊളിച്ചുകളഞ്ഞ് ആ ഭാഗത്ത് പഞ്ചായത്ത് ഒാഫിസ് കെട്ടിടം പണിതു. സ്മാരകത്തിെൻറ അവശിഷ്ടങ്ങൾ നാട്ടുകാർ തോട്ടിലും പുഴയിലും എറിഞ്ഞുകളഞ്ഞു. അന്നും എസ്റ്റേറ്റ് ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിൽതന്നെയായിരുന്നു. സ്മാരകം തകർത്തതിനെതിരെ എസ്റ്റേറ്റ് മുതലാളിമാർ നിലകൊണ്ടെങ്കിലും ആരും അത് കാര്യത്തിലെടുത്തില്ല. 1994-95 കാലയളവിൽ പഞ്ചായത്ത് ഒാഫിസ് കാളികാവ് ടൗണിലേക്ക് മാറ്റുകയുണ്ടായി'' -പഴയ പഞ്ചായത്ത് അംഗം ടി. സി. കോയക്കുട്ടി തങ്ങൾ ഒാർത്തെടുത്തു. വെള്ളക്കാരെൻറ ഒാർമയടയാളങ്ങൾ തങ്ങളുടെ മണ്ണിൽ വേണ്ടെന്ന് കാളികാവുകാർ പതിറ്റാണ്ടുകൾക്കു മുമ്പ് തീരുമാനമെടുത്തുവെന്ന് ചുരുക്കം. അതിന് ആരുടെയും അനുമതിക്കായി അവർ കാത്തുനിന്നില്ല. കിട്ടിയ ഒന്നാമത്തെ അവസരത്തിൽ അവരാ കൽസ്തൂപം ആ മണ്ണിൽനിന്ന് പിഴുതെറിഞ്ഞു.
ജനത്തിരക്കുള്ള കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ. കോഴിക്കോട് ജില്ല പൊലീസ് സൂപ്രണ്ടിെൻറ ഒാഫിസ് അവിടെയാണ്. കവാടം കടന്നുചെന്നാൽ ഇടതുഭാഗത്തായി ഒരു കൽസ്തൂപം കാണാം. വിനോദസഞ്ചാര കേന്ദ്രത്തിലെന്ന പോലെ ചങ്ങലകൊണ്ട് വേലി തീർത്ത് ആരെയും ആകർഷിക്കുന്ന പോലെയാണ് സജ്ജീകരണങ്ങൾ. ചുറ്റിലും അലങ്കാര കല്ലുകളൊക്കെ പതിച്ചിട്ടുണ്ട്. രാത്രി ഇൗ വഴിക്ക് വരുന്നവർക്കും കാഴ്ച നഷ്ടമാകേെണ്ടന്ന് കരുതിയാകണം, സ്തൂപത്തിലേക്ക് തിരിച്ചുവെച്ച വൈദ്യുതി ദീപങ്ങളുമുണ്ട്. െപാതുഖജനാവിൽനിന്ന് പണം ചെലവഴിച്ച്, ഇങ്ങയൊക്കെ സംരക്ഷിച്ചുപോരുന്ന ഇൗ സ്മാരകം ആരുടെ ഒാർമക്കായുള്ളതാണ് എന്നറിയുേമ്പാൾ ഇൗ മണ്ണിൽ പിറന്ന ഏതൊരാളുടെയും ഉള്ളൊന്നു പിടയും. 1921ലെ മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ അടിച്ചൊതുക്കുന്നതിനിടെ വിപ്ലവകാരികളാൽ കൊലചെയ്യപ്പെട്ട ബ്രിട്ടീഷ് പൊലീസിലെ 21 ഉദ്യോഗസ്ഥരുടെ സ്മാരകമാണത്. മൂന്ന് ബ്രിട്ടീഷുകാരും അതിലുണ്ട്. എല്ലാവരുടെയും പേര് മലയാളത്തിൽ എഴുതിവെച്ചിട്ടുണ്ട്.
കോഴിക്കോട് എസ്.പി ഒാഫിസ് കോമ്പൗണ്ടിലെ സ്മാരകത്തിൽ െകാത്തിവെക്കപ്പെട്ട ഒാരോ പേരുകൾക്കും പിന്നിൽ ഒരു ചരിത്രമുണ്ട്. 1921ലെ സ്വാതന്ത്ര്യപ്പോരാളികളെ കൂട്ടക്കുരുതി നടത്താൻ മുന്നിട്ടിറങ്ങിയ ബ്രിട്ടീഷ് പട്ടാളത്തിലെയും പൊലീസിലെയും ഉദ്യോഗസ്ഥരായിരുന്നു അവർ ഒാരോരുത്തരും. മൂന്നു ബ്രിട്ടീഷുകാരിൽ രണ്ടു പേർ ഉന്നത റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരും. ആദ്യ പേരുകാരൻ, വില്യം തോൺ ഡങ്കൺ റൗളി 1921ലെ മുഖ്യ ഭരണകൂട അടിച്ചമർത്തൽ സേനയായ ലൈൻസറ്റർ റജിമൻറിലെ എ.എസ്.പി ആയിരുന്നു. 1921 ആഗസ്റ്റ് 20ന് ആലി മുസ്ലിയാർ ഉൾപ്പെടെയുള്ള ഖിലാഫത്ത് നേതാക്കളെ അറസ്റ്റ് ചെയ്യാനും 'ആയുധങ്ങൾ തിരയാനും' എന്ന പേരിൽ തിരൂരങ്ങാടിയിലേക്ക് മാർച്ച് ചെയ്ത സേനയിലെ അംഗമായിരുന്നു അയാൾ.
വീടുകളിൽ ഇരച്ചുകയറി കുട്ടികളെയും സ്ത്രീകളെയും വിരട്ടിയും കിഴക്കേപള്ളിയിൽ അതിക്രമിച്ചുകയറി പള്ളിയിലെ ഗ്രന്ഥങ്ങളും വസ്തുക്കളും വലിച്ചിട്ടും അഴിഞ്ഞാടുകയായിരുന്നു അന്ന് സേന. ഇതറിഞ്ഞ് താനൂരിൽനിന്ന് വലിയൊരു സംഘം പരപ്പനാങ്ങാടി വഴി തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു. സ്പെഷൽ പൊലീസ് ഇവരെ നേരിടാനെത്തി. വടികളുമായെത്തിയ ജനക്കൂട്ടത്തെ ഭരണകൂട സേന എതിരിട്ടു. ബ്രിട്ടീഷ് പക്ഷത്തുനിന്ന് നാലുപേർ കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പിൽ പോരാളികളിൽപെട്ട 30നും 40നും ഇടയിലുള്ളവർ രക്തസാക്ഷിത്വം വരിച്ചു. എ.എസ്.പി വില്യം തോൺ ഡങ്കൺ റൗളി, ഡബ്ല്യൂ.ആർ.എം. ജോൺസൺ എന്നീ ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥരും ആലിക്കൽ മൊയ്തീൻ, പെങ്കാടത്ത് ഗോവിന്ദൻ നായർ, മണപ്പാട്ട് വേലായുധൻ നായർ എന്നീ സ്വദേശികളായ ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ പെടും.5 ഇൗ സംഭവങ്ങളെ തുടർന്ന് മലപ്പുറത്തുനിന്ന് ഭരണകൂടം കൂടുതൽ സേനയെ അയച്ചു. പൊലീസ് വാനുകൾക്ക് മുന്നിൽ സ്പെഷൽ ഫോഴ്സിലെ ഇൻസ്പെക്ടർ റീഡ്മാെൻറ കാറാണ് ഉണ്ടായിരുന്നത്. തിരൂരങ്ങാടി കടവിൽ ഒത്തുചേർന്നിരുന്ന പോരാളികൾ കാർ പിടിച്ചെടുത്തു. റീഡ്മാനെയും ഡ്രൈവറെയും വധിച്ചു. കാറ് പുഴയിലേക്ക് തള്ളിയിട്ടു.6 തിരൂരങ്ങാടിയിൽ ബ്രിട്ടീഷ് അതിക്രമത്തിനിടെ കൊല്ലപ്പെട്ട ഡബ്ല്യൂ.ആർ.എം. ജോൺസൺ ഒഴികെയുള്ള മുകളിൽ പറഞ്ഞവരുടെയെല്ലാം പേര് കോഴിക്കോെട്ട സ്മാരകത്തിലുണ്ട്.
മറ്റൊരാൾ മലപ്പുറം സ്പെഷൽ ഫോഴ്സിലെ അസിസ്റ്റൻറ് സൂപ്രണ്ട് കത്ബർട്ട് ബക്സ്ട്ടൺ ലങ്കാസ്റ്റർ ആയിരുന്നു. തിരൂരങ്ങാടിയിലേക്ക് മാർച്ച് ചെയ്ത മലപ്പുറത്തുനിന്നുള്ള സേനയുടെ തലവൻ ഇയാളായിരുന്നു. ശേഷം ആഗസ്റ്റ് 26െൻറ പൂക്കോട്ടൂർ യുദ്ധത്തിലും അധിനിവേശ സേനയെ നയിച്ചു. 400ഒാളം പോരാളികളെ കൊന്നൊടുക്കി യുദ്ധവിജയത്തിെൻറ അർമാദത്തിൽ മലപ്പുറത്തേക്ക് പുറപ്പെട്ട ബ്രിട്ടീഷ് വാഹനവ്യൂഹത്തിന് നേരെ വാറേങ്കാട് വെച്ച്, മങ്കരത്തൊടി കുഞ്ഞഹമ്മദ് എന്ന മാപ്പിള ഗറില്ല ഒളിയാക്രമണം നടത്തി. ഇവിടെയുള്ള ഒരു മരത്തിന് മുകളിൽ നിലയുറപ്പിച്ച കുഞ്ഞഹമ്മദ് ഗത്ബർട്ട് ബക്സ്റ്റൺ ലങ്കാസ്റ്റർക്ക് േനരെ കൈബോംബെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പൊലീസ് ഒാഫിസർ അന്നേദിവസം രാത്രി 11.30ന് മലപ്പുറത്ത് മരിച്ചു. ഇയാളുടെ കല്ലറ മലപ്പുറത്തെ ക്രിസ്തീയ ദേവാലയത്തിൽ ഇന്നും കാണാം. ബ്രിട്ടീഷ് പൊലീസിെൻറ പ്രത്യാക്രമണത്തിലാണ് മങ്കരത്തൊടി കുഞ്ഞഹമ്മദ് രക്തസാക്ഷിയാകുന്നത്. യുദ്ധത്തിൽ വിജയിച്ചെങ്കിലും അവരുടെ ഏറ്റവും പ്രധാന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് ബ്രിട്ടീഷുകാർക്ക് വലിയ ആഘാതമായി. 7 പൂക്കോട്ടൂർ യുദ്ധത്തിൽ കൊല്ലപ്പെട്ട ജെമേദാർ കളത്തിൽ പേരഴി കുഞ്ഞിരാമ മേനോെൻറ പേരും സ്മാരകത്തിൽ കാണാം.
അടുത്തയാൾ കക്കാടൻ ൈഹദ്രോസ് എന്ന മാപ്പിള ഹെഡ്കോൺസറ്റബ്ൾ ആണ്. പന്തല്ലൂർ മുടിക്കോട് ഒൗട്ട്പോസ്റ്റിലായിരുന്നു അയാൾക്ക് ഡ്യൂട്ടി. പൂക്കോട്ടൂർ യുദ്ധത്തിന് ശേഷം വിപ്ലവനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി കരുവാരകുണ്ടിൽനിന്ന് കൂടുതൽ ആയുധങ്ങൾ ശേഖരിച്ചു. 100 അനുയായികൾക്കൊപ്പം നെന്മിനി വഴി മഞ്ചേരിയിലേക്ക് മാർച്ച് നടത്തി. ആഗസ്റ്റ് 30ന് പുലർച്ചെ പന്തലൂരിലെത്തി. മുടിക്കോട് വന്ന് പൊലീസ് ഒൗട്ട്പോസ്റ്റ് ആക്രമിച്ചു. ഹെഡ്കോൺസ്റ്റബിൾ കക്കാടൻ ൈഹദ്രോസിനെ വാരിയംകുന്നനും സംഘവും കൊലപ്പെടുത്തി.8വിപ്ലവകാരികളുടെ നീക്കങ്ങൾ മണത്തറിഞ്ഞ് യഥാസമയം ബ്രിട്ടീഷ് അധികാരികളെ അറിയിക്കലുമായിരുന്നു ൈഹദ്രോസിെൻറ ജോലി. ഒൗട്ട്പോസ്റ്റിനോട് ചേർന്ന് ഒരു താൽക്കാലിക ലോക്കപ്പും ഉണ്ടായിരുന്നു. ഇതിെൻറ അവശിഷ്ടങ്ങൾ ഇന്നും മുടിക്കോട് കാണാം. ൈഹദ്രോസിെൻറ കൊലക്ക് ശേഷം പോരാളിസംഘം നേരെ പോകുന്നത് ആനക്കയം പുള്ളിയിലങ്ങാടിയിലെ റിട്ട. ഇൻസ്പെക്ടർ കൂരിമണ്ണിൽ വലിയ മണ്ണിൽ ചേക്കുട്ടിയുടെ വീട്ടിലേക്കാണ്. ബ്രിട്ടീഷ് പാദസേവകനും ഒറ്റുകാരനുമായ ചേക്കുട്ടിയെ സംഘം അവസാനിപ്പിച്ചുകളഞ്ഞു.
തയ്യിൽ വേലുനായർ എന്ന കോൺസറ്റബ്ൾ കൊല്ലപ്പെടുന്നത് 1921 സെപ്റ്റംമ്പർ 30ന് പൊന്നാനിയിൽ പോരാളികളുമായുണ്ടായ ഏറ്റുമുട്ടലിലാണ്.9 1921 സെപ്റ്റംബർ ഏഴോടെയാണ് വാരിയംകുന്നെൻറ നിലമ്പൂർ പ്രവേശം. നിലമ്പൂർ ആസ്ഥാനമായായിരുന്നു അദ്ദേഹത്തിെൻറ പിന്നീടുള്ള പ്രവർത്തനങ്ങൾ. ഇതിനിടെ സെപ്റ്റംബർ 11നാണ് പോരാളി സംഘം നീലഗിരി പൊലീസിലെ സബ് ഇൻസ്പെകടർ ശൈഖ് മൊയ്തീനെയും കോൺസറ്റബ്ൾമാരായ പാലക്കൽ വളയങ്ങാട്ട് കുട്ടി കൃഷ്ണൻ നായർ, വാക്കയിൽ ഇൗച്ചരൻ നായർ എന്നിവരെയും പിടികൂടുന്നതും വധശിക്ഷക്ക് വിധേയരാക്കുന്നതും. 10
ജോർജ് േഫ്ലായ്ഡിെൻറ കൊലപാതകത്തിന് ശേഷം ലോകമെമ്പാടും ഉയർന്നുവന്ന 'ബ്ലാക്ക് ലിവ്സ് മാറ്റർ' കാമ്പയിനിെൻറ അനുബന്ധമായിരുന്നു 'കൊളോണിയൽ സ്മാരകങ്ങൾ തകർക്കപ്പെടണം' എന്ന മുദ്രാവാക്യം. അമേരിക്കയിലെ ബോസ്റ്റണിൽ സ്ഥാപിക്കപ്പെട്ട ക്രിസ്റ്റഫർ കൊളമ്പസിെൻറ പ്രതിമ പ്രതിഷേധക്കാർ തകർത്തുകളഞ്ഞു. ബ്രിട്ടനിൽ അടിമക്കച്ചവടക്കാരൻ എഡ്വാഡ് കോൽസ്റ്റണിെൻറ പ്രതിമയും തൂത്തെറിയപ്പെട്ടു. ബ്രിട്ടനിൽ മാത്രം ഇത്തരം 60 സ്മാരകങ്ങൾ ബ്ലാക്ക് ലിവ്സ് മാറ്റർ പോരാളികൾ നോട്ടമിട്ടുവെച്ചു. ബ്രിട്ടെൻറ കോളനികളായിരുന്ന മിക്കവാറും രാഷ്ട്രങ്ങളിൽ ഇത്തരം െകാളോണിയൽ സ്മാരകങ്ങൾക്കെതിരായ സമരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
പക്ഷേ, ഉന്നത ജനാധിപത്യബോധവും രാഷ്ട്രീയ പ്രബുദ്ധതയും അവകാശപ്പെടുന്ന മലയാളികളെ കൊളോണിയൽ ബാധ ഇനിയും വിെട്ടാഴിഞ്ഞിട്ടില്ല. അടുത്തിടെ കോഴിക്കോട് കാപ്പാട് ബീച്ച് വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിച്ചപ്പോൾ, അതിന് ഇന്ത്യയിലെ യൂറോപ്യൻ അധിനിവേശത്തിന് തുടക്കം കുറിച്ച കടൽകൊള്ളക്കാരൻ വാസ്കോഡഗാമയുടെ പേരിട്ട ഭരണകൂടമാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാർ ഇന്ത്യ അടക്കിഭരിച്ച കാലത്തെ രാജ്ഞി വിക്ടോറിയയുടെ പേരിൽ സർക്കാർ കോളജും 1800കളിലെ മലബാറിലെ കർഷക പോരാട്ടങ്ങളെ ചോരയിൽ മുക്കിയ കലക്ടർ കനോലിയുടെ പേരിൽ ഒരു കനാലുമുള്ള നാടാണിത്!
മലബാറിലെ സ്വാതന്ത്ര്യപോരാളികളെ അടിച്ചമർത്താൻ നേതൃത്വം നൽകുകയും തിരൂരങ്ങാടിയിലും പൂക്കോട്ടൂരിലും അടക്കം ചോരപ്പുഴ ഒഴുക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരായിരുന്നു മേൽപറഞ്ഞവർ എല്ലാമെന്ന് വ്യക്തം. അധിനിവേശ ശക്തിയുടെ പല്ലും നഖവുമായിരുന്ന ഇവരുടെ ഒാർമയിൽ സ്വതന്ത്ര ഇന്ത്യയിൽ, ഉപചാരപൂർവം ഒരു സ്മാരകം തലയുയർത്തി നിൽക്കണോ എന്നത് ജനാധിപത്യ ഭരണകൂടവും പൗരാവകാശ പ്രവർത്തകരും ആലോചിക്കണം.
പ്രസ്തുത സ്മാരകത്തിലുള്ള 21 പൊലീസ് ഒാഫിസർമാരിൽ ആറ് പേരും മാപ്പിളമാരാണ് എന്നത് പ്രധാനമാണ്. ബ്രിട്ടീഷ് പക്ഷത്ത് ആരെല്ലാം നിലയുറപ്പിച്ചുവോ അവർക്കെല്ലാം എതിരായിരുന്നു മലബാർ പോരാളികൾ എന്നതിെൻറ, ശത്രുവിെൻറ മതമല്ല; ചൂഷണവും അതിക്രമവുമായിരുന്നു പോരാട്ടത്തിെൻറ കാരണമെന്നതിെൻറ മികച്ച തെളിവുകൂടിയാണ് ഇത്.
ഇതടക്കം ചരിത്രപരമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്മാരകങ്ങൾ തകർക്കപ്പെടരുത് എന്ന വാദം ഉയർന്നേക്കാം. മലബാർ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മ്യൂസിയം ഉണ്ടാക്കുക, അതിലേക്ക് ഇത്തരം ചരിത്രശേഷിപ്പുകൾ മാറ്റുക എന്നത് മാത്രമാണ് പരിഹാരം. മലപ്പുറം എം.എസ്.പി അതിെൻറ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ഒരു മ്യൂസിയം സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത്തരം മ്യൂസിയങ്ങളിൽ ചില്ലിട്ട് വെക്കാനുള്ള പ്രാധാന്യം മാത്രമേ ഇതുപോലുള്ള കൊളോണിയൽ അടയാളങ്ങൾക്കുള്ളൂ. പൊതുജനമധ്യത്തിൽ ഉപചാരപൂർവം തലയുയർത്തി നിൽക്കാൻ ഇൗ കല്ലിന് ഒട്ടും അർഹതയില്ലെന്ന് തീർച്ച.
'1921-22ലെ മാപ്പിള ലഹളയിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്മാർ'
•വില്യം േതാൺ ഡങ്കൺ റൗളി
-അസിസ്റ്റൻറ് സൂപ്രണ്ട്
•കത്ബർട്ട് ബക്സ്ട്ടൺ ലങ്കാസ്റ്റർ
- അസിസ്റ്റൻറ് സൂപ്രണ്ട്
•െത. റീഡ്മെൻ
-ഇൻസ്പെക്ടർ
•കക്കാടൻ ൈഹദ്രോസ്-
ഹെഡ്കോൺസ്റ്റബ്ൾ നമ്പർ 921
•ആലിക്കൽ മൊയ്തീൻ
-ഹെഡ്കോൺസ്റ്റബ്ൾ നമ്പർ 133
•പെങ്കാടത്ത് ഗോവിന്ദൻ നായർ
- ഹെഡ്കോൺസ്റ്റബ്ൾ നമ്പർ 728
•മന്മെഞ്ഞുലൻ കുഞ്ഞാലി
- കോൺസ്റ്റബ്ൾ നമ്പർ 790
•മണപ്പാട്ട് വോലായുധൻ നായർ
-കോൺസ്റ്റബ്ൾ നമ്പർ 1222
•കക്കാട്ട്പറമ്പിൽ സൈതാലി
- കോൺസ്റ്റബ്ൾ നമ്പർ 634
•വെള്ളൂർ വളപ്പിൽ മായൻ
-കോൺസ്റ്റബ്ൾ നമ്പർ 624
•തയ്യിൽ വേലുനായർ
-കോൺസ്റ്റബ്ൾ നമ്പർ 774
•കളത്തിൽ പേരഴി
കുഞ്ഞിരാമൻ മേനോൻ
- ജമെദാർ നമ്പർ 1956
•പുതിയ വളപ്പിൽ കുഞ്ഞമ്പു
- നായക്ക് നമ്പർ 1445
•മൊളിയിലപ്പാട്ടിൽ ശങ്കുണ്ണി നായർ
-കോൺസ്റ്റബ്ൾ നമ്പർ- 1644
•ചിറക്കൽ അച്യുത പണിക്കർ
-കോൺസ്റ്റബ്ൾ നമ്പർ 1554
•കാകൻകൊലിൽ വടക്കിരകത്ത്
നാരായണ വാരിയർ
-കോൺസ്റ്റബ്ൾ നമ്പർ 1570
•അമ്പട്ടപള്ളിയാലിൽ
കുട്ടികൃഷ്ണൻ നായർ
-കോൺസ്റ്റബ്ൾ നമ്പർ 1833
നീലഗിരി ജില്ല
•സി. നാരായണ റാവു ശേഷഗിരി
റാവു ബി.എ ഇൻസ്പെക്ടർ
•ഷെയ്ക് മൊയ്തീൻ സാഹിബ്
- സബ് ഇൻസ്പെക്ടർ
•പാലക്കൽ വളയങ്ങാട്ട്
കുട്ടി കൃഷ്ണൻ നായർ
-കോൺസ്റ്റബ്ൾ നമ്പർ 10
•വാക്കയിൽ ഇൗച്ചരൻ നായർ
-കോൺസ്റ്റബ്ൾ നമ്പർ 70
•ചിന്നസ്സാമി
-കോൺസ്റ്റബ്ൾ നമ്പർ- 576
(ഇൗ സ്മാരകസ്തംഭം ഇവരുടെ
പൊലീസ് ഉദ്യോഗസ്ഥ
സഹോദരന്മാരാൽ
സ്ഥാപിക്കപ്പെട്ടതാകുന്നു)
1., 3. (Madras legislative assembly debates, 12.19.1947, Source: South asia open Archives.)
2. മുഹമ്മദ് അബ്ദുസ്സത്താർ കെ.കെ. (2021) െകാണ്ടോട്ടി ചരിത്രം സംസ്കാരം, പേജ്: 176, ചരിത്ര പ്രസിദ്ധീകരണ സമിതി, കൊണ്ടോട്ടി
4. ബിജുരാജ് ആർ.കെ. (2020) മലബാർ കലാപം ചരിത്ര-രേഖകൾ, ഒലിവ് ബുക്സ് കോഴിക്കോട്
5,6,8,9,10. Hitchcock R.H (1923) A history of the malabar reblellion, 1921, Page: 37,101,72, 66. printed by the superintendent, government press, Madras
7. Tottenham. Grf (1922) The Mappila Rebellion 1921^1922, Page: 64, The superintendent, Government Press Madras
കടപ്പാട്: ഡോ. മഹ്മൂദ് കൂരിയ, പി.പി. സൈതാലി, അത്തീഫ് കാളികാവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.