ലോകത്തിലെ നാലാമത്തെ സമ്പന്ന വനിത സോണിയ ഗാന്ധി; സത്യം എന്താണ്?

കോൺഗ്രസ് നേതാക്കളെ കുറിച്ച്, പ്രത്യേകിച്ച് നെഹ്റു കുടുംബത്തെ കുറിച്ച് വ്യാജവാർത്തകൾ പടച്ചുവിടുക എന്നത് സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്ന് പതിവുള്ള കാര്യമാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് നിരന്തരം അതിന് ഇരകളാകുന്നത്. കോൺഗ്രസ് ഭാരത് ജോഡോ യാത്ര ആരംഭിച്ചതുമുതൽ രാഹുലിനെതിരെയും വ്യാപകമായി ഹിന്ദുത്വ തീവ്രവാദികൾ വ്യാജവാർത്തകൾ പടച്ചുവിടുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് ഒപ്പം അണിചേർന്ന മുസ്‍ലിം പെൺകുട്ടികളുടെ ചിത്രം വരെ സംഘ്പരിവാർ കേന്ദ്രങ്ങൾ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചു. ഇപ്പോൾ ഹിന്ദുത്വ വാദികൾ പുതിയ ഒരു വ്യാജപ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സമ്പന്നരായ വനിതകളിൽ ലോകത്തെ നാലാമതുള്ളയാളാണെന്നാണ് പ്രചാരണം. ഈ വ്യാജ പ്രചാരണത്തിന് വ്യാപക പിന്തുണയും ലഭിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിക്കുകയാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ ഗോവ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ചയായിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസ് ഭരണകാലത്തെ നേട്ടങ്ങളും കോട്ടങ്ങളും വിശദീകരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലും സജീവമായ പ്രചാരണങ്ങളുണ്ട്. അത്തരത്തിലൊന്നാണ് കോണ്‍ഗ്രസ് ഭരണകാലത്ത് സോണിയ ഗാന്ധിയുടെ സമ്പത്ത് വര്‍ധിച്ചുവെന്ന് അവകാശപ്പെട്ടുള്ള പ്രചാരണം.

'കോണ്‍ഗ്രസ് ഭരണത്തില്‍ ലോകത്തിലെ നാലാമത്തെ സമ്പന്ന വനിതയായി സോണിയ ഗാന്ധി. മോദിയുടെ ഭരണത്തില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ ശക്തമായ രാജ്യമായി. വ്യത്യാസം വ്യക്തമാണ്' എന്നുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വ്യപകമായി പ്രചരിക്കപ്പെടുന്നത്. എന്നാൽ, അത്യന്തം അസത്യമായ ഒരു പ്രസ്താവനയാണിത്. ഇന്ത്യാ ടുഡേയുടെ 'ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം' ഇത് സംബന്ധിച്ച വസ്തുത കണ്ടെത്തി അന്വേഷിച്ച് റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. ലോകത്തിലെ സമ്പന്ന വനിതകളുടെ ലിസ്റ്റില്‍ സോണിയ ഗാന്ധി ഇടംപിടിച്ചിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ.

പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നതുപോലെ ലോകത്തിലെ നാലാമത്തെ സമ്പന്ന വനിതയാണോ സോണിയ ഗാന്ധി എന്നകാര്യം ചാനൽ പരിശോധിച്ചു. ഇതിനായി സോണിയ ഗാന്ധിയുടെ ആസ്തി നോക്കി. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ 2019ല്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലം അനുസരിച്ച് സോണിയ ഗാന്ധിയുടെ ആകെ സമ്പാദ്യം 11.82 കോടി രൂപയാണ്. ഇതില്‍ ജംഗമ സ്വത്ത് 4.29 കോടി രൂപയും ബാങ്കില്‍ 16.5 ലക്ഷം രൂപയുടെ നിക്ഷേപവും 1267.33 ഗ്രാം സ്വര്‍ണവും 88 കിലോ വെള്ളിയുമാണ് ഉള്‍പ്പെടുന്നത്. 2014ലെ സത്യവാങ്മൂലത്തില്‍ 9.28 കോടി രൂപയായിരുന്നു സോണിയയുടെ ആകെ സ്വത്ത്. 2019ല്‍ ഇതുസംബന്ധിച്ച് ഇന്ത്യാ ടുഡേയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് ഭരണകാലയളവില്‍ സോണിയ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിരുന്നോ എന്നും പരിശോധിച്ചു. ഫോര്‍ബ്‌സ് പുറത്തുവിടുന്ന പട്ടികയിലാണ് ലോകത്തെ സമ്പന്നരുടെ വിവരം ഉള്‍പ്പെടുന്നത്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ അവസാന കാലഘട്ടമായ 2014ലെ കണക്ക് പരിശോധിച്ചപ്പോള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 27 വനിതകളില്‍ സോണിയ ഗാന്ധി ഇല്ലെന്ന് മനസിലാക്കാനായി. മറ്റു വര്‍ഷങ്ങളിലെ കണക്കുകളും പരിശോധിച്ചെങ്കിലും സോണിയ ഗാന്ധിയെക്കുറിച്ച് പ്രതിപാദിക്കുന്നതായി കണ്ടെത്താനായില്ല.

അതേസമയം,ഫോര്‍ബ്‌സിന്റെ മോസ്റ്റ് പവര്‍ഫുള്‍ വിമന്‍ ഇന്‍ ദി വേള്‍ഡ് എന്ന കാറ്റഗറിയില്‍ (2007 മുതല്‍ 2013 വരെ വിവിധ വര്‍ഷങ്ങളില്‍) ആദ്യ പത്തില്‍ സോണിയ ഗാന്ധി ഇടംപിച്ചിട്ടുണ്ട്. ഇതില്‍ സമ്പത്തല്ല അടിസ്ഥാനം,ശക്തയായ സി.ബി.സി ന്യൂസ് പുറത്തുവിടുന്ന പട്ടികയിലും സോണിയ ഗാന്ധി ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്താനായില്ല.

പോസ്റ്റിലെ മറ്റൊരു വിവരം ഇന്ത്യ ലോകത്തെ നാലാം നമ്പര്‍ ശക്തിയായി മാറി എന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു ലിസ്റ്റ് കണ്ടെത്താനായില്ല. അതേസമയം, 2019 മാര്‍ച്ചില്‍ ടൈംസ് നൗ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആന്റി സാറ്റലൈറ്റ്(അസാറ്റ്) മിസൈലായ 'മിഷന്‍ശക്തി ' പരീക്ഷണ വിജയം നേടിയ ശേഷം ബഹിരാകാശ മേഖലയില്‍ ഇന്ത്യ നാലാം ശക്തിയായി എന്ന് പ്രതിപാദിക്കുന്നുണ്ട്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം കൈവരിച്ച നാലാമത്ത രാജ്യമാണ് ഇന്ത്യ. അതിനാലാണ് ബഹിരാകാശ മേഖലയില്‍ ഇന്ത്യയെ നാലാം ശക്തിയായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

ഇതിനു പുറമെ ബിസിനസ് ഇന്‍സൈഡറിന്റെ മോസ്റ്റ് പവര്‍ഫുള്‍ നേഷന്‍സ് എന്ന കാറ്റഗറിയില്‍ ഇന്ത്യ 15-ാം സ്ഥാനത്തുള്ളതായും കണ്ടെത്താനായി. മറ്റൊരു റിപ്പോര്‍ട്ടുകളിലും ഇന്ത്യ ലോകത്തിലെ നാലാം നമ്പര്‍ ശക്തിയായി എന്ന് പറയുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സമ്പത്തിനെക്കുറിച്ച് സംഘ്പരിവാർ പ്രചാരത്തിലുള്ള ആരോപണം വസ്തുതാ വിരുദ്ധമാണ്. ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ സോണിയ ഇടംനേടിയിട്ടില്ല.

Tags:    
News Summary - is sonia gandhi The Top Richest Women In The World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.