ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സെക്രട്ടറിയുമായ ജയ് ഷാ ഒരു യുവാവിനും യുവതിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ഈയാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തിൽ ജയ് ഷായുടെ തൊട്ടടുത്ത് നിൽക്കുന്നത് പാകിസ്താൻ പട്ടാള ജനറൽ ഖമർ ബജ്‌വയുടെ മകനാണെന്ന അവകാശവാദത്തോടെയാണ് ചിത്രം പ്രചരിക്കുന്നത്. ഇതേ വാദത്തോടെ നിരവധി പേർ ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ആഗസ്റ്റ് 28ന് ദുബൈയിൽ നടന്ന ഏഷ്യൻ കപ്പ് ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിപ്പിടിക്കാൻ ഷാ വിസമ്മതിച്ചതായി തോന്നിക്കുന്ന ഒരു വിവാദ വീഡിയോക്ക് തൊട്ടുപിന്നാലെയാണ് പോസ്റ്റുകൾ വൈറലായത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ എന്ന നിലയിൽ മത്സരത്തിൽ പങ്കെടുത്തതിനാലും പ്രോട്ടോക്കോൾ പാലിച്ചതിനാലുമാണ് ഷാ ത്രിവർണ പതാക കൈവശം വക്കാത്തതെന്ന് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) വാദിച്ചതായി വക്താവ് സാകേത് ഗോഖലെ പറഞ്ഞു. 2021 ജനുവരി 30ന് എ.സി.സിയുടെ പ്രസിഡന്റായി ഷാ തെരഞ്ഞെടുക്കപ്പെട്ടു. 2024വരെ അധികാരത്തിൽ തുടരും.
വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്' ചിത്രം സംബന്ധിച്ച അന്വേഷണ വിവരം പുറത്തുവിട്ടു. റിവേഴ്‌സ് ഇമേജ് സെർച്ചിങ്ങിൽ, ജയ് ഷാക്കൊപ്പം നിൽക്കുന്ന വ്യക്തികൾ നടി ഉർവശി റൗട്ടേലയും യഷ്‌രാജ് റൗട്ടേലയും ആണെന്ന് സൂചിപ്പിക്കുന്ന നിരവധി ലേഖനങ്ങൾ ആൾട്ട് ന്യൂസ് കണ്ടെത്തി. കൂടുതൽ അന്വേഷിച്ചപ്പോൾ, യഷ്‌രാജ് റൗട്ടേല ഉർവശി റൗട്ടേലയുടെ സഹോദരനാണെന്നും അവർ കണ്ടെത്തി. ഉർവശി റൗട്ടേലയുടെ ഇൻസ്റ്റഗ്രാം ഫാൻ പേജുകളിൽ നിരവധി തവണ ഈ ചിത്രം ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുസ്താൻ ടൈംസ് ആഗസ്റ്റ് 29ന് പ്രസ്തുത ചിത്രം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ജനറൽ ഖമർ ബജ്‌വയുടെ മകൻ സാദ് ബജ്‌വയുടെ ഇരട്ടക്കുട്ടികളുടെ ജനനത്തെക്കുറിച്ച് പാകിസ്താൻ പത്രമായ ദ ന്യൂസ് ഇന്റർനാഷനലിന്റെ വെബ്‌സൈറ്റിൽ ആഗസ്റ്റ് 17-ന് ആൾട്ട് ന്യൂസ് ഒരു ലേഖനം കണ്ടെത്തി. അവർ ഉപയോഗിച്ച ചിത്രവും വൈറലായ ചിത്രവും ഞങ്ങൾ താഴെ താരതമ്യം ചെയ്തിട്ടുണ്ട്. വ്യക്തമാകുന്നതുപോലെ, ഫോട്ടോകൾ വ്യത്യസ്ത വ്യക്തികളുടെതാണ്. അതിനാൽ ബി.സി.സി.ഐ സെക്രട്ടറിക്കൊപ്പമുള്ള ചിത്രത്തിൽ കാണുന്നത് പാകിസ്താൻ ജനറൽ ഖമർ ബജ്‌വയുടെ മകൻ സാദ് ബജ്‌വയല്ലെന്ന് വ്യക്തമാണ്. യഥാർഥത്തിൽ, ജയ് ഷാക്കൊപ്പം ഫോട്ടോയിലെ വ്യക്തികൾ നടി ഉർവശി റൗട്ടേലയും അവരുടെ സഹോദരൻ യഷ്‌രാജ് റൗട്ടേലയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.