ഐ.എൻ.എസ് വിക്രാന്ത് നീറ്റിലിറങ്ങിയിട്ട് ഏതാനും നാളുകളേ ആയിട്ടുള്ളൂ. കൊച്ചി നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഐ.എൻ.എസ് വിക്രാന്ത് കമ്മിഷൻ ചെയ്യുന്നതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ നാവിക ചിഹ്നം അനാഛാദനം ചെയ്യുകയും ചെയ്തിരുന്നു. പുതിയ പതാക മറാത്ത രാജാവായിരുന്ന ശിവജിക്ക് സമർപ്പിക്കുകയാണെന്നും മോദി പ്രസംഗിച്ചു. സെപ്തംബർ രണ്ടിനായിരുന്നു കൊച്ചിയിൽ ചടങ്ങ് നടന്നത്. രാജ്യം അടിമത്ത ചിഹ്നങ്ങളെ പൂർണമായും ഒഴിവാക്കുകയാണ് എന്ന നിലക്കാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ ഇതൊക്കെ പ്രചരിപ്പിച്ചത്. ഒരുപടികൂടി കടന്ന് മറ്റൊരു പ്രചാരണം കൂടി ഹിന്ദുത്വ കേന്ദ്രങ്ങൾ അഴിച്ചുവിട്ടു.
വർഷങ്ങൾക്ക് മുമ്പ് ബി.ജെ.പിയുടെ ഭരണകാലത്ത് വാജ്പേയി പ്രധാനമന്ത്രി ആയിരിക്കെ ഒഴിവാക്കിയ ഇന്ത്യൻ നേവിയുടെ പതാകയിൽ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ചിഹ്നമായിരുന്ന സെന്റ് ജോർജ് ക്രോസ് 2004ൽ മൻമോഹൻ സിങ് സർക്കാർ പുനഃസ്ഥാപിച്ചുവെന്നായിരുന്നു പ്രചാരണം. ഐ.എൻ.എസ് വിക്രാന്ത് കമ്മിഷൻ ചെയ്യുന്നതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ നാവിക ചിഹ്നം അനാഛാദനം ചെയ്തപ്പോഴായിരുന്നു ഈ പ്രചാരണമുണ്ടായത്. വിവിധ ദേശീയ മാധ്യമങ്ങൾ യാതൊരു അന്വേഷണവും കൂടാതെ ഇത് വാർത്തയാക്കുകയും ചെയ്തു. 2004ൽ മൻമോഹൻ സിങ് ക്രോസ് തിരിച്ചു കൊണ്ടുവന്ന വാർത്ത ആദ്യം ബ്രേക്ക് ചെയ്തത് തങ്ങളാണെന്നുവരെ അവകാശപ്പെട്ട് ചാനലുകൾ രംഗത്തെത്തി. വ്യാജവാർത്തക്ക് വൻ പ്രചാരണവും ലഭിച്ചു. ബി.ജെ.പിയുടെ നേതാക്കളും വക്താക്കളും അത് ട്വീറ്റു ചെയ്യുകയും ചർച്ചകളിൽ ആഞ്ഞടിക്കുകയും ചെയ്തു. ഇന്ത്യൻ നേവിയിൽ മോദി 'ബ്രെക്സിറ്റ്' നടപ്പാക്കി എന്നാണ് ഇന്ത്യ ടുഡേ അടക്കമുള്ള ബി.ജെ.പി-മോദി അനുകൂല ചാനലുകൾ പ്രചരിപ്പിച്ചത്.
വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്' ഇതുസംബന്ധിച്ച യഥാർഥ വസ്തുത കണ്ടെത്തി പ്രസിദ്ധീകരിച്ചു. മന്‍മോഹൻ സിങ് സർക്കാരല്ല, വാജ്പേയി സർക്കാർ തന്നെയാണ് കൊളോണിയൽ ക്രോസ് നേവി പതാകയിലേക്കു തിരിച്ചു കൊണ്ടുവന്നത് എന്ന് തെളിയിക്കപ്പെട്ടു.
മാറ്റവുമായി ബന്ധപ്പെട്ട് വാർത്താ ചാനലുകളിൽ വലിയ ചർച്ചകൾ നടന്നു. 2001-ൽ, അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഇന്ത്യൻ നാവികസേനയുടെ പതാകയും മാറ്റുകയും സെന്റ് ജോർജ്ജ് കുരിശിന്റെ കൊളോണിയൽ ചിഹ്നം നീക്കം ചെയ്യുകയും ചെയ്തു. 2004-ൽ പതാക വീണ്ടും മാറ്റുകയും സെന്റ് ജോർജ്ജ് കുരിശ് തിരികെ കൊണ്ടുവരികയും ചെയ്തു. യു.പി.എ സർക്കാരും അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും ഉൾപ്പെടെയുള്ള കോൺഗ്രസാണ് ഈ മാറ്റത്തിന് പിന്നിലെന്ന് വാർത്താ ചാനലുകളും ബി.ജെ.പി നേതാക്കളും ആരോപിച്ചു. 2004ൽ യു.പി.എ സർക്കാർ കേന്ദ്രം ഭരിക്കെ സോണിയ ഗാന്ധി ഇന്ത്യൻ നാവികസേനയുടെ പതാകയിലെ സെന്റ് ജോർജ്ജ് കുരിശ് തിരികെ കൊണ്ടുവന്നത് കൊളോണിയൽ ചിഹ്നത്തോടുള്ള 'ആസക്തി' കാരണമാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
ആഗസ്റ്റ് 30ന്, ഇന്ത്യാ ടുഡേ ന്യൂസ് ചാനലിന്റെ ലൈവ് ഷോയിലെ അവതാരകൻ ശിവ് അരൂർ, 2001ൽ അടൽ ബിഹാരി വാജ്‌പേയി സെന്റ് ജോർജ്ജ് കുരിശ് നാവികസേനയുടെ പതാകയിൽ നിന്ന് നീക്കം ചെയ്തതായി അവകാശപ്പെട്ടു. എന്നാൽ 2004ൽ യു.പി.എ സർക്കാർ അത് തിരികെ കൊണ്ടുവന്നു. ഇതേ ഷോയിൽ, ഇന്ത്യ ടുഡേ ചാനലിന്റെ മാനേജിംഗ് എഡിറ്ററും അവതാരകനുമായ ഗൗരവ് സാവന്തും ഇതേ അവകാശവാദം ഉന്നയിച്ചു. ഷോയുടെ തുടക്കത്തിൽ, ശിവ് അരൂർ ഗൗരവ് സാവന്തിനെ പരിചയപ്പെടുത്തുകയും 2004ൽ മൻമോഹൻ സിംഗിന്റെ സർക്കാരിന്റെ കീഴിൽ സെന്റ് ജോർജ്ജ് ക്രോസ് ഇന്ത്യൻ നാവികസേനയുടെ പതാകയിൽ പുനരവതരിപ്പിച്ചപ്പോൾ സാവന്ത് അത് ആദ്യം റിപ്പോർട്ട് ചെയ്തതായി പ്രസ്താവിക്കുകയും ചെയ്തു. ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ന്യൂസ് വെബ്‌സൈറ്റായ ലൈവ് ഫിസ്റ്റിന്റെ സ്ഥാപകൻ കൂടിയാണ് ശിവ് അരൂർ എന്നതും ശ്രദ്ധിക്കേണ്ടതാണ്.
മൻമോഹൻ സിംഗ് സർക്കാരിന്റെ കീഴിൽ സെന്റ് ജോർജ്ജ് കുരിശുള്ള നാവികസേനയുടെ പതാക തിരികെ കൊണ്ടുവന്നതായി പ്രമുഖ ടി.വി വാർത്താ ചാനലുകളുടെ അവതാരകരും ബി.ജെ.പി നേതാക്കളും അവകാശപ്പെട്ടു. എന്നാൽ, ഇത് ശരിയല്ല. തീർത്തും വസ്തുതാ വിരുദ്ധമാണ്. ആൾട്ട് ന്യൂസിന്റെ അന്വേഷണത്തിൽ നാവികസേനയിൽനിന്നുതന്നെയുള്ള വിശദീകരണങ്ങൾ വെച്ച് ഇത് കളവാണെന്ന് തെളിയിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.