'ദി കശ്മീർ ഫയൽസ്' ബ്രില്യന്റ് സിനിമ എന്ന് ഇസ്രായേൽ സംവിധായകൻ പറഞ്ഞോ?

ഹിന്ദുത്വ പ്രൊപഗൻഡ സിനിമയായ 'ദി കശ്മീർ ഫയൽസ്' റിലീസായതുമുതൽ വിവാദങ്ങളും തുടങ്ങിയിരുന്നു. കശ്മീരി പണ്ഡിറ്റ് വിഷയവുമായി ബന്ധപ്പെട്ട് അസത്യമായ കാര്യങ്ങളാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് തുടക്കംമുതൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

നവംബർ 28ന് ഗോവയിൽ നടന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ)യുടെ സമാപന ചടങ്ങിനിടെ, ജൂറി തലവൻ ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡ് 'ദി കശ്മീർ ഫയൽസ്' സിനിമയെക്കുറിച്ച് അശ്ലീല സിനിമയെന്ന് വിശേഷിപ്പിച്ചിരുന്നു.

ലാപിഡിന്റെ പരാമർശങ്ങൾ ഏറെ മാധ്യമശ്രദ്ധ നേടി. അഭിപ്രായം സംബന്ധിച്ച് മാപ്പ് പറയണമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ ലാപിഡിന് തുറന്ന കത്തെഴുതി. പുറത്തിറങ്ങാനിരിക്കുന്ന 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ സംവിധായകനും ജൂറി അംഗവുമായ സുദീപ്തിയോ സെൻ, ലാപിഡിന്റെ അഭിപ്രായങ്ങൾ 'പൂർണ്ണമായും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം' ആണെന്ന് പ്രസ്താവനയിറക്കി. ബി.ജെ.പി അനുകൂല മാധ്യമ പ്രവർത്തകയായ ഷെഫാലി വൈദ്യ ലാപിഡിനെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചു ട്വീറ്റുകൾ പടച്ചു. സിനിമയിലെ ഒരു രംഗമോ സംഭാഷണമോ ശരിയല്ലെന്ന് ഏതെങ്കിലും 'ബുദ്ധിജീവിക്ക്' തെളിയിക്കാൻ കഴിഞ്ഞാൽ താൻ സിനിമ ചെയ്യുന്നത് നിർത്തുമെന്ന് സിനിമയുടെ നിർമാതാവ് വിവേക് രഞ്ജൻ അഗ്നിഹോത്രി പറഞ്ഞു.

വിവാദമായതിനെ തുടർന്ന് ലാപിഡിനെ അഭിമുഖം നടത്താൻ വിവിധ മാധ്യമ സ്ഥാപനങ്ങൾ ഓടിയെത്തി. ഇന്ത്യ ടുഡേ, സി.എൻ.എൻ-ന്യൂസ് 18, ദി വയർ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളോട് അദ്ദേഹം സംസാരിച്ചു. ഈ അഭിമുഖങ്ങളുടെ പശ്ചാത്തലത്തിൽ, സിനിമയെക്കുറിച്ചുള്ള തന്റെ പരാമർശത്തിന് ലാപിഡ് ക്ഷമാപണം നടത്തിയെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. നദവ് ലാപിഡ് തന്റെ അഭിപ്രായങ്ങളിൽ നിന്ന് പിന്മാറുകയും 'ദി കശ്മീർ ഫയൽസ്' ഒരു 'മികച്ച സിനിമ' എന്ന് വിളിക്കുകയും ചെയ്തുവെന്ന് ഒരു റിപ്പോർട്ട് അവകാശപ്പെട്ടു. ഈ പ്രചാരണം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്'. ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു റിപ്പോർട്ട് അടിസ്ഥാനമക്കി, ലാപിഡ് 'ദി കശ്മീർ ഫയൽസ്' മികച്ച സിനിമ എന്നു അഭിപ്രായ​പ്പെട്ടു എന്ന വാദവുമായി ചിത്രത്തിൽ അഭിനയിച്ച അനുപം ഖേർ രംഗപ്രവേശം ചെയ്തു.

ഇത് പിന്നീട് ഹിന്ദുത്വ പ്രവർത്തകർ ഏറ്റെടുത്തു. എൻ.ഡി ടി.വിയുടെ പേരിൽവരെ വാർത്തകൾ പ്രചരിച്ചു. ആൾട്ട് ന്യൂസിന്റെ പരിശോധനയിൽ സിനിമയെ സംബന്ധിച്ച് ലാപിഡ് ബ്രില്യന്റ് എന്ന് പറഞ്ഞിട്ടില്ലെന്ന് തെളിഞ്ഞു. തന്റെ പരാമർശം ദുരിതബാധിതരുടെ ബന്ധുക്കളെ അപമാനിക്കുന്നതാണെങ്കിൽ അതിൽ ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കൃത്യമായ വാക്കുകൾ ഇതായിരുന്നു: "ഞാൻ ആരെയും അപമാനിക്കാൻ ആഗ്രഹിച്ചില്ല. കഷ്ടത അനുഭവിക്കുന്ന ആളുകളെയോ അവരുടെ ബന്ധുക്കളെയോ അപമാനിക്കുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. അങ്ങനെയാണ് വ്യാഖ്യാനിച്ചതെങ്കിൽ ഞാൻ പൂർണമായും ക്ഷമ ചോദിക്കുന്നു''.

ഡിസംബർ ഒന്നിന് പ്രസിദ്ധീകരിച്ച, ലാപിഡ് 'ദി വയറി'ന് നൽകിയ അഭിമുഖത്തിൽ കുറച്ചുകൂടി വിശദമായി കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കരൺ ഥാപ്പറിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ ''സിനിമയെക്കുറിച്ച് പറഞ്ഞ ഒരക്ഷരം ഞാൻ തിരിച്ചെടുക്കുന്നില്ല'' എന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - No, Israeli filmmaker neither took back comments on ‘The Kashmir Files’, nor called it ‘brilliant’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.