അടുത്തിടെയായി ഹിന്ദുത്വ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. സൗദി അറേബ്യയിലെ മക്കയിലെ മുസ്‍ലിം ആരാധനാ കേന്ദ്രമായ കഅ്ബക്കു മേൽ ഒരു യുവാവ് വെളുത്ത ദ്രാവകം ഒഴിക്കുന്നതും ഇയാളെ ഒരുകൂട്ടം ആളുകൾ ചേർന്ന് പിടികൂടി കൊണ്ടുപോകുന്നതുമായ വീഡിയോ ആണ് ഹിന്ദുത്വ കേന്ദ്രങ്ങൾ വ്യാജമായി പ്രചരിപ്പിക്കുന്നത്. 'ബി.ജെ.പി ഫോർ പഞ്ചാബ് ന്യൂസ് അപ്ഡേറ്റ്' എന്ന സമൂഹ മാധ്യമ പേജിലും വ്യാജ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ഇറാനിൽ നിന്നുള്ള ഒരു യുവാവ് മക്കയിലെ കഅ്ബയിൽ പാൽ ഒഴിക്കുന്നതായി കാണുന്നു. ഇത് ഒരു ശിവലിംഗമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. തന്റെ പൂർവികർ ഹിന്ദുക്കളാണെന്നാണ് ഇയാൾ പറയുന്നത്. എന്നീ വിവരങ്ങളാണ് വീഡിയോക്കൊപ്പം ഹിന്ദുത്വ ഗ്രൂപ്പുകൾ പങ്കുവെക്കുന്നത്. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. 'ഇന്ത്യ ടുഡേ' ടി.വിയുടെ വസ്തുതാന്വേഷണ സംഘമായ 'ആന്റി ഫേക് ന്യൂസ് വാർ റൂം' നടത്തിയ അന്വേഷണമാണ് ഇപ്പോൾ വസ്തുത അന്വേഷിച്ച് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സ്വയം തീ കൊളുത്താൻ ശ്രമിക്കുന്ന ഒരു യുവാവിന്റെ ദൃശ്യമാണ് വീഡിയോയിൽ ഉള്ളതെന്ന് എ.എഫ്.ഡബ്ല്യു.എ കണ്ടെത്തി. യുവാവ് ഇറാനിൽനിന്നും ഉള്ള വ്യക്തിയും അല്ല.
2017 ഫെബ്രുവരിയിൽ 'സിയാസത്ത് ഡെയ്‌ലി'യുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത അതേ സംഭവം കാണിക്കുന്ന മറ്റൊരു വീഡിയോ എ.എഫ്.ഡബ്ല്യു.എ കണ്ടെത്തി. വിവരണമനുസരിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെയാണ് വീഡിയോ കാണിക്കുന്നത്. തുടർന്ന് ഓൺലൈനിൽ തിരഞ്ഞപ്പോൾ സംഭവത്തെക്കുറിച്ച് 2017 മുതൽ നിരവധി മാധ്യമ റിപ്പോർട്ടുകൾ കണ്ടെത്തി. ഒരു ഗൾഫ് ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ആൾ സ്വയം തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. കുപ്പിയിലെ ദ്രാവകം പെട്രോൾ ആയിരുന്നു. ഇയാൾ 40 വയസ്സുള്ള സൗദി പൗരനാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇയാൾ മാനസികരോഗിയാണെന്ന് സ്‌പെഷ്യൽ ഫോഴ്‌സിന്റെ മാധ്യമ വക്താവ് മേജർ റായ്ദ് സമ അൽ സുലാമിയെ ഉദ്ധരിച്ച് 'അറബ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. 2017ൽ നിരവധി ഇന്ത്യൻ മാധ്യമങ്ങളും ഈ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വീഡിയോയിലുള്ളയാൾ കഅ്ബയിൽ പാൽ ഒഴിക്കുകയോ ശിവലിംഗമാണെന്ന് അവകാശപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്. 2017ൽ നടന്ന തീർത്തും ഭിന്നമായ ഒരു സംഭവമാണ് ഇപ്പോൾ ഹിന്ദുത്വ ഗ്രൂപ്പുകൾ വ്യാപകമായി വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.