വര: വിനീത് എസ്.പിള്ള

'കരഞ്ഞ കുഞ്ഞിനെ ഞാൻ ബക്കറ്റിലെ വെള്ളത്തിലിട്ടു, കുഞ്ഞ് കൈയും കാലും ഇട്ടടിക്കുന്നത് കണ്ടു'; ഒരമ്മ പറയുന്നു

'മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നു; അമ്മ അറസ്റ്റില്‍

മാനസികാസ്ഥ്യമുള്ള അമ്മ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. കൊല്ലം കുണ്ടറയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മ ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. വീട്ടിലാരുമില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. കുഞ്ഞിന്റെ മുത്തച്ഛന്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ അമ്മ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ തുറന്നപ്പോള്‍ സംശയം തോന്നി ഇദ്ദേഹം കുഞ്ഞിനെ എടുത്തു നോക്കുകയായിരുന്നു. കുഞ്ഞിന് അനക്കമുണ്ടായില്ല. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 


പ്രസവത്തിനു പിന്നാലെ ദിവ്യക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കുഞ്ഞിന്റെ നൂലുകെട്ടിന് ദിവ്യ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് കുഞ്ഞിന്റെ സംരക്ഷണത്തിനായി ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. തന്റെ അസുഖം മാറിയെന്നും ഇനി സഹായി വേണ്ടെന്നും പറഞ്ഞതിനെ തുടര്‍ന്ന് ഈ സഹായിയെ പറഞ്ഞുവിടുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി'.

'കുഞ്ഞ് കരഞ്ഞപ്പോൾ ദേഷ്യം വന്ന് ബക്കറ്റിൽ മുക്കികൊന്നു; അമ്മയുടെ മൊഴി പുറത്ത്

കുണ്ടറ: മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞ് കരഞ്ഞപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാവ് ദിവ്യ പൊലീസിനോട് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യയെ (24)കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ദിവ്യയുടെ ഭർത്താവ് ചിറ്റുമലയിൽ ആയുർവേദ ക്ലിനിക് നടത്തുകയാണ്. അദ്ദേഹം ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് ക്ലിനിക്കിലേക്ക് പോയതിന് പിന്നാലെയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. ദിവ്യക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും, ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും ബന്ധുക്കൾ പറഞ്ഞു'.

2021 മാർച്ചിൽ രണ്ടു ദിവസങ്ങളിലായി വന്ന രണ്ട് പത്രവാർത്തകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. നാഡി ഞരമ്പുകൾ പിളരുന്ന വേദന അനുഭവിച്ച് പ്രസവിച്ച് പാലൂട്ടിയ കുഞ്ഞിനെ സ്വന്തം അമ്മ തന്നെ കൊന്നിരിക്കുന്നു. സമൂഹത്തിനുമുന്നിൽ അവൾ അന്നുമുതൽ അതിക്രൂരമായ കൊലപാതകം നടത്തിയ വെറുക്കപ്പെട്ട സ്ത്രീയായി മാറിയിരിക്കുന്നു. വീട്ടുകാരാലും നാട്ടുകാരാലും ഒക്കെ ഉപേക്ഷിക്കപ്പെട്ട അവസ്ഥ. ദിവ്യയെപ്പോലെ നിരവധി അമ്മമാർ നമുക്കുചുറ്റുമുണ്ട്. എന്താകും അവർക്ക് പ്രസവശേഷം സംഭവിച്ചിട്ടുണ്ടാകുക. ദിവ്യ തന്നെ അതിനുള്ള ഉത്തരങ്ങൾ പറഞ്ഞുതരും.

''തല നറച്ചും മുടിയും നുണക്കുഴിയും ഒക്കെയുള്ള നല്ല ഒരു സുന്ദരി വാവയായിരുന്നു എന്റേത്. ഈ കൈ നോക്കിയിട്ട് ഇതുവെച്ചാണോ ഞാൻ എന്റെ കുഞ്ഞിനെ കൊന്നത് എന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്''. തന്റെ വിറയാർന്ന രണ്ട് കൈകളിലേക്കും നോക്കി കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിനി വിദ്യ ജോണി പറഞ്ഞുതുടങ്ങി.

പോസ്റ്റുപാർട്ടം ഡിസീസ് എന്ന മനോനിലക്ക് അടിപ്പെട്ട് ആർക്കും തിരിച്ചറിയാനോ സഹായിക്കാനോ ആകാത്ത ഘട്ടത്തിൽ സ്വന്തം കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മയാണ് വിദ്യ. പിന്നീട് സാധാരണ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് ഒരു നിമിഷം പോലും അവൾ ഖേദിക്കാതിരിക്കുന്നില്ല.

 

ദിവ്യ ജോണി

ഓരോ നിമിഷവും അവൾ 'ശിക്ഷ' അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട കുട്ടിയാണ് ദിവ്യ. പഠനത്തിലും ഒക്കെ വളരെ മിടുക്കിയായ പെൺകുട്ടി. വിവാഹ ജീവിതത്തിലേക്ക് ഏറെ പ്രതീക്ഷകളോടെയാണ് അവൾ കാലെടുത്തുവെച്ചത്. അധികം വൈകാതെ ഒരു പെൺകുഞ്ഞിനും അവൾ ജൻമം നൽകി. വിവാഹ മോചിതനായ ഒരു ആയൂർവേദ ഡോക്ടറെയാണ് ദിവ്യ വിവാഹം കഴിച്ചത്. അർബുദ രോബാധിതയായ അമ്മയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടറെ ദിവ്യ പരിചയപ്പെട്ടത്. പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. എം.എസ്.സിക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് ദിവ്യയും ഡോക്ടറുമായുള്ള വിവാഹം നടക്കുന്നത്. പ്രണയവിവാഹമായിരുന്നു. നിയമപ്രകാരവും ഹിന്ദു ആചാരപ്രകാരവും വിവാഹം നടത്തി.

പക്ഷേ, ഭർതൃവീട്ടിൽ ദിവ്യ തീർത്തും ഒറ്റപ്പെട്ടു. അമ്മായിയച്ഛൻ ആദ്യം മുതൽ തന്നെ പ്രശ്നമായിരുന്നെന്ന് ദിവ്യ തന്നെ പറയുന്നു. അതിനിടെയാണ് ഗർഭിണിയാകുന്നത്. നിങ്ങൾ രണ്ടുപേർക്കും സാമ്പത്തിക സ്ഥിരത ഇല്ലാത്തതിനാൽ ഈ കുഞ്ഞിനെ വേണ്ടെന്നും ഇതിനെ അബോർഷൻ ചെയ്യണമെന്നും ഭർതൃപിതാവ് നിർബന്ധം പിടിച്ചുതുടങ്ങി.

കുഞ്ഞ് ദൈവം തന്നതാണെന്നും അതിനെ അങ്ങനെ നശിപ്പിച്ച് കളയാൻ പറ്റത്തില്ല എന്നും ദിവ്യ ഭർതൃ വീട്ടുകാരോട് തീർത്തുപറഞ്ഞു. എല്ലാവരും അവളെ ഒറ്റപ്പെടുത്തി തുടങ്ങി. ദിവ്യക്ക് അവളുടെ മനോനില തെറ്റുന്നതുപോലെ തോന്നി. എന്നിട്ടും തന്റെ കുഞ്ഞിനായി അവൾ കാത്തിരുന്നു.

ഒടുവിൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ ലഭിച്ചു. ഒരു പെൺകുഞ്ഞ്. അതിനെ വേണ്ട രീതിയിൽ സ്വീകരിക്കാൻ പോലും ഭർത്താവിന്റെ വീട്ടുകാർ തയ്യാറായില്ല. ഭർത്താവ് ആ കുഞ്ഞിനെ ഒന്ന് തൊടുകയോ എടുക്കുകയോ പോലും ചെയ്തില്ല. ''ഞാൻ പ്രസവിച്ച് നാലിന്റെ അന്ന് ആ കുഞ്ഞിനെയും കൊണ്ട് ഭർത്താവിന്റെ വീട്ടിൽ ചെല്ലുമ്പോഴാണ് അവർ ആ കുഞ്ഞിനെ കാണുന്നത്. കല്യാണദിവസം എത്രമാത്രം അവഗണിക്കപ്പെട്ടിട്ടാണോ ​അവിടെ ചെന്നുകയറിയത്. അതേ അവഗണനയാണ് അന്നും ഉണ്ടായത്. കുഞ്ഞിനെ വീട്ടുകാർ എടുത്തു ലാളിച്ചു. എന്നെ പൂർണമായും അവഗണിച്ചു''. ദിവ്യ പറയുന്നു.

തന്നോടുള്ള അവഗണന ദിവ്യയെ അപ്പോഴേക്കും മറ്റൊരാളാക്കി മാറ്റിയിരുന്നു. അവൾ അസ്വസ്ഥയായി മാറി. ദിവ്യയുടെ മാറ്റങ്ങൾ ആദ്യം ആരും തിരിച്ചറിഞ്ഞില്ല. മനസിന് ബാധിച്ച വിഭ്രാന്തി ആ പെൺകുട്ടി താൻ നൊന്തു പ്രസവിച്ച കുഞ്ഞിനോടും കാട്ടിത്തുടങ്ങി. ഇതോടെ വീട്ടുകാർ അവ​ളെ മാനസിക ചികിത്സക്ക് വിധേയയാക്കി. ഇടക്കിടെ അവൾ ആത്മഹത്യ പ്രവണതയും കാട്ടിത്തുടങ്ങി. ശരീരം പൂർണമായും തളർത്തിക്കളയുന്ന മരുന്നുകളായിരുന്നു ചികിത്സാർത്ഥം അവൾക്ക് കഴിക്കേണ്ടിവന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അവൾ കുണ്ടറയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. അവിടെയും അവൾക്ക് ശാന്തത ലഭിച്ചില്ല.

'' ഞാൻ കുണ്ടറയിലെ വീട്ടിൽ നാളത്തേക്കുള്ള തോരന് വേണ്ടി അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് തൊട്ടിലിൽനിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. അടുക്കളയിലെ ജോലി മതിയാക്കി ഞാൻ റൂമിൽവന്നു. കുഞ്ഞിനെ എടുത്തു. പാല് കൊടുത്തു. ഇവിടെയെല്ലാം കൊണ്ടുനടന്നു.

അതുവരെയുള്ള കാര്യങ്ങൾ എനിക്ക് നല്ല ഓർമയുണ്ട്. പിന്നെ എനിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഞാൻ കുഞ്ഞിനെ പെട്ടെന്ന് കൊണ്ടുചെന്ന് ബക്കറ്റിലെ വെള്ളത്തിലിട്ടു. കുഞ്ഞ് കൈയും കാലും ഇട്ട് അടിക്കുന്നത് കണ്ടപ്പോഴേക്കും ഓടിപ്പോയി എടുത്തു. മുറിയിൽ കൊണ്ടുവന്ന് തോർത്തി. മുറിയിൽ പായ വിരിച്ചാണ് ഞാനും കുഞ്ഞും കിടന്നിരുന്നത്. കുഞ്ഞിനെ കെട്ടിപ്പിടിച്ച് കുറേനേരം കിടന്നു. പിന്നെ എപ്പോഴാണ് മനംമാറിയതെന്ന് എനിക്കറിയില്ല.

 


കുഞ്ഞിന്റെ ഒരു തലയണ ഉണ്ടായിരുന്നു. അതെടുത്ത് മുഖത്തമർത്തി ശ്വാസം മുട്ടിച്ചു. പിന്നെ ബോധം വന്നപ്പോൾ ഞാൻ കുഞ്ഞിനെ തട്ടിയുണർത്താൻ നോക്കി. ചലനമില്ലായിരുന്നു. ഞാൻ ആകെ വെപ്രാളപ്പെട്ടു. പെട്ടെന്നു തന്നെ 100ൽ വിളിച്ചു ഞാൻ കുഞ്ഞിനെ ഉപദ്രവിച്ചതായി പറഞ്ഞു. അവർ ആംബുലൻസ് വിട്ടു. അപ്പോഴേക്കും അച്ഛനും അയൽവക്കത്തെ ചേച്ചിയും വീട്ടിലേക്ക് വന്നു. ചേച്ചിയുമായി ഞാൻ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് ​പോയി.

അവി​ടെവെച്ചാണ് ഞാൻ അവസാനമായി എന്റെ കുഞ്ഞിനെ കണ്ടത്. ആരും എന്നോട് ഒന്നും ചോദിച്ചില്ല. കുറച്ചുകഴിഞ്ഞപ്പോൾ ഒരു പൊലീസുകാരി എന്റെ അടുത്തുവന്നിട്ടുചോദിച്ചു. താൻ എന്തിനാണ് കൊച്ചിനെ അങ്ങനെ ചെയ്തത്. ഞാൻ പറഞ്ഞു ​കൊല്ലാൻ വേണ്ടിയാണെന്ന്. അപ്പോൾ അവർ പറഞ്ഞു, എന്നാൽ കൊച്ച് മരിച്ചുപോയി എന്ന്. എന്നെ പിന്നെ കുഞ്ഞിനെ കാണാൻ ഒന്നും സമ്മതിച്ചില്ല. അവൾ ഒരുങ്ങിക്കെട്ടി നടക്കുന്നത് കണ്ടാ, നല്ല ഒരു കുഞ്ഞിനെ കൊന്ന് കളഞ്ഞിട്ട് അവൾക്ക് ഇങ്ങനെ നടക്കാൻ ഒരു നാണവുമില്ലല്ലോ എന്ന് ചിലർ പറയും. ചിലർ മുഖം തരാതെ മാറി നടക്കും. ചിലർ കാണുമ്പോൾ സംസാരിച്ചിട്ട് നമ്മൾ അങ്ങോട്ടോ ഇങ്ങോട്ടോ തിരിയുമ്പോൾ കുറ്റം പറയും.

അനുഭ എന്നാണ് ഞാൻ മകൾക്ക് പേരിട്ടത്. മിന്നൽ എന്നാണ് ആ വാക്കിന്റെ അർത്ഥം. എന്റെ മകൾ പേര് അന്വർത്ഥമാക്കി. അവൾ മിന്നൽപോലെ വന്ന് മിന്നൽപോലെ പോയി. ആ കുഞ്ഞ് എന്റെ അമ്മയുടെ അടുത്ത് ഉണ്ടായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. ഇനി എന്റെ ജീവിതത്തിൽ ഒരു കുഞ്ഞില്ല. അത് ഓർക്കാൻ പോലും കഴിയുന്നില്ല. ഇനി ഒരു ആൺകുഞ്ഞോ പെൺകുഞ്ഞോ ഉണ്ടായാൽ അതിനെയും ഞാൻ ഇങ്ങനെ ചെയ്യില്ല എന്ന് ഉറപ്പില്ല. ഇപ്പോഴും പേടിയാണ്. ഇനിയുള്ള ജീവിതം ഒറ്റക്ക് ജീവിച്ചു തീർക്കണം'' -ദിവ്യ പറയുന്നു.

എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം:

2020ൽ മാത്രം 20ലധികം കുരുന്നുകൾ മാതാവിന്റെ കയ്യാൽ കൊലചെയ്യ​പ്പെട്ടിട്ടുണ്ട് നമ്മുടെ കൊച്ചുകേരളത്തിൽ. ക്രൈം റെക്കോഡ്സ് ബ്യൂറോ ലഭ്യമാക്കുന്നത് ഇതിനേക്കാൾ ഉയർന്ന കണക്കാണ്. പക്ഷേ, ഈ കൊലപാതകങ്ങൾ ഒക്കെയും അമ്മമാരുടെ മാനസിക അസ്വാസ്യതയെ തുടർന്ന് ഉണ്ടായതാണെന്ന് അവകാശപ്പെടാനാവില്ല. എന്നിരുന്നാലും ഇതിലെ വലിയൊരളവ് കൊലകളും അങ്ങനെതന്നെ സംഭവിച്ചതാണ് എന്ന് പറയാൻ കഴിയും. ഇവിടെയാണ് എന്താണ് പോസ്റ്റ്പാർട്ടം ഡിസീസ് എന്ന ചോദ്യം ഉയരുന്നത്.

പ്രസവാനന്തര വിഷാദ രോഗത്തെ മൂന്നായി തരംതിരിക്കാം. പോസ്റ്റ് പാര്‍ട്ടം ബ്ലൂസ്, പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷൻ. ലോകത്ത് നടക്കുന്ന ആയിരം പ്രസവം എടുത്താൽ 300 മുതൽ 750 വരെ ജനനങ്ങളിലും അമ്മമാര്‍ നേരിടുന്ന പോസ്റ്റ് പാര്‍ട്ടം ബ്ലൂസ് പ്രസവത്തിന് ശേഷം കുറച്ച് ദിവസങ്ങള്‍ കൊണ്ടോ ആഴ്ച്ചകള്‍ കൊണ്ടോ ഭേദമായേക്കാം.

പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് ഗുരുതരമായ അവസ്ഥയാണ്. പ്രസവം കഴിഞ്ഞ് നാലു ആഴ്ച്ചകള്‍ക്കുള്ളിൽ തുടങ്ങുന്ന ഈ വിഷാദരോഗത്തെ ഗൗരവമായി ചികിത്സിക്കേണ്ടതുണ്ട്. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ പ്രവസത്തിന് തൊട്ടുപിന്നാലെയോ അല്ലെങ്കിൽ ഗര്‍ഭധാരണത്തിലിരിക്കുന്ന സമയത്തുണ്ടായിരുന്ന രോഗത്തിന്‍റെ തുടര്‍ച്ചയായോ സംഭവിക്കാം എന്ന് ഡബ്ല്യൂ. എച്ച്. ഒ പറയുന്നു.

 


പ്രസവത്തിന് പിന്നാലെ ഹോര്‍മോണുകളിൽ സംഭവിക്കുന്ന മാറ്റവും വൈകാരികമായ പ്രശ്നങ്ങളും ഈ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. കുഞ്ഞിനെ സംബന്ധിച്ച ആവലാതികളും മറ്റും കൂടുതൽ സങ്കീണതകളിലേക്ക് അമ്മയെ നയിക്കുന്നു. ചുറ്റുമുള്ളവർ ഇത് തീരെ തിരിച്ചറിയുന്നില്ല എന്നാണ് വസ്തുത.

കുഞ്ഞിനെ പ്രസവിക്കാനും വളർത്താനും ഒക്കെ പെൺകുട്ടികൾ പരിപൂർണമായും പാകപ്പെട്ടു, അതായത് മാനസികമായും ശാരീരികമായും തയ്യാറെടുപ്പുകൾ ഇതിന് ആവശ്യമാണ്. എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമായിരിക്കണം ഇതിലേക്ക് കടക്കാൻ. ഒരിക്കലും അത് മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരിക്കരുത്.

അപ്രതീക്ഷിതമായി ഗര്‍ഭധാരണം സംഭവിച്ചാൽ സമ്മര്‍ദ്ദത്താൽ അത് തുടരേണ്ടി വരികയുമരുത്. പ്രിയപ്പെട്ടവരുടെ പിന്തുണയാണ് ഇക്കാര്യത്തിൽ പ്രധാനം. സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവരുടെ അടുത്തുള്ളവര്‍ മനസ്സിലാക്കി അവരെ കൂടെ നിര്‍ത്തൽ അത്യാവശ്യമാണ്. ഇത്തരം വിഷാദ രോഗങ്ങള്‍ക്ക് ഇരയാകുന്നവരോടൊപ്പം എല്ലാ അര്‍ത്ഥത്തിലും നിലകൊള്ളുക. ഭർത്താവും അടുത്ത ബന്ധുക്കളുമാണ് ഇതിൽ കൂടുതൽ കരുതൽ കാട്ടണ്ടത്. പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന മാനസിക ​അസ്വസ്ഥകൾ നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിലുള്ള പലരും തിരിച്ചറിയുന്നില്ല എന്നതും സങ്കടകരമാണ്. 

Tags:    
News Summary - 'I put the crying baby in the bucket of water and saw the baby kicking its arms and legs'; A mother says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.