ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ രാഷ്ട്രീയ പാർട്ടികൾ കൊണ്ടുപിടിച്ച പ്രചാരണമാണ് സംസ്ഥാനത്ത് നടത്തുന്നത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് ഏറ്റവും ഭീഷണി ഉയർത്തി രംഗത്തുള്ളത് ആം ആദ്മി പാർട്ടിയാണ്. എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ആപ് ശക്തമായ പ്രചാരണ പരിപാടികളാണ് ഗുജറാത്തിൽ നടത്തുന്നത്.
ബി.ജെ.പിയെ വെല്ലുന്ന ഹിന്ദുത്വ പ്രസ്താവനകളും ആപ് അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ നടത്തുന്നു. ഇന്ത്യൻ കറൻസികളിൽ ഹിന്ദു ദേവിമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണം എന്ന പ്രസ്താവന ഏറെ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. അതിന് മറുപടിയെന്നോണം ഇപ്പോൾ തീവ്ര ഹിന്ദുത്വ പ്രവർത്തകർ കെജ്രിവാളിന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദിൽ സന്ദർശനത്തിനെത്തിയ കെജ്രിവാൾ മസ്ജിദിൽ പ്രസംഗിക്കുന്നത് കണ്ടോ എന്ന പേരിലാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ ചിത്രം പ്രദർശിപ്പിക്കുന്നത്.
ഹൈദരാബാദിൽ എത്തിയപ്പോൾ കെജ്രിവാൾ നിറംമാറി എന്ന നിലക്കാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. മുസ്‍ലിംകൾ ധരിക്കുന്ന തൊപ്പിയും ഷാളും അണിഞ്ഞ് പ്രാർഥനയിൽ മുഴുകിയിരിക്കുന്ന ചിത്രമാണ് ഹൈദരാബാദിലേത് എന്ന തരത്തിൽ ഹിന്ദുത്വ പ്രവർത്തകർ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഇതിന്റെ വാസ്തവം ഇങ്ങനെയല്ല. 2016ൽ പഞ്ചാബിലെ ഒരു മസ്ജിദിൽ ഇഫ്താർ പരിപാടിയിൽ സംബന്ധിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ബി.ജെ.പിയടക്കം തെറ്റിദ്ധാരണ പരത്തുംവിധം പ്രചരിപ്പിക്കുന്നത്. പഞ്ചാബിലെ പട്യാലയിലുള്ള സംഗ്രൂര്‍, മലേര്‍കൊട്‌ലയിലെ പള്ളിയില്‍ വിശ്വാസികളോടൊപ്പം നോമ്പുതുറ ചടങ്ങില്‍ പങ്കെടുക്കുന്ന കെജ്രിവാള്‍' എന്നാണ് പ്രസ്തുത ചിത്രത്തിന്റെ യഥാർഥ കാപ്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.