സ്ത്രീയെ ക്രൂരമായി മർദിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുസ്ലീം യുവാവുമായി ഭ്രാന്തമായി പ്രണയത്തിലായ ഒരു ഹിന്ദു യുവതിയുടെ അവസ്ഥയാണ് ഇതെന്ന അവകാശവാദത്തോടെയാണ് ഹിന്ദുത്വ കേന്ദ്രങ്ങൾ വീഡിയോ പ്രചരിപ്പിക്കുന്നത്. യുവതി ആക്രമിക്കപ്പെടുന്ന വീഡിയോ മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയുമായി ബന്ധപ്പെട്ട യഥാർഥ വസ്തുത അന്വേഷിച്ച് കണ്ടെത്തി പുറത്തെത്തിച്ചിരിക്കുകയാണ് വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്'.
ആൾദൈവമായ കാളീചരൺ മഹാരാജുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ട്വിറ്റർ അക്കൗണ്ട് പ്ലാറ്റ്‌ഫോമിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെടുന്നതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വീഡിയോയുടെ തലവാചകമായി കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്: "ഒരു മുസ്ലീം പുരുഷനെ ഭ്രാന്തമായി പ്രണയിക്കുന്ന ഒരു ഹിന്ദു സ്ത്രീയുടെ ദുരവസ്ഥ. ഇന്ത്യയിലല്ല, യു.കെയിലും സ്ഥിതി സമാനമാണ്. ഹിന്ദു സ്ത്രീകൾ അവരുടെ നിഷ്കളങ്കത കാരണം കഷ്ടപ്പെടുന്നു''.
മറ്റൊരു ട്വിറ്റർ ഉപയോക്താവായ സന്ദീപ് ദിയോ ട്വീറ്റ് ഉദ്ധരിച്ച് ഹിന്ദിയിൽ എഴുതി, "ഹിന്ദുക്കളേ, ഇത് നിങ്ങളുടെ പെൺമക്കളെ കാണിച്ച് വിശദീകരിക്കുക! പിന്നീട് കരഞ്ഞിട്ട് കാര്യമില്ല! അവർ അസുരന്മാരാണ്. അസുരന്മാരുമായി ദേവന്മാരുടെ സഖ്യം ഉണ്ടാകില്ല!''. സമാനമായ അടിക്കുറിപ്പുകളോടെ 2022 മെയ് മാസത്തിലും ഈ വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ അതിവേഗം ഹിന്ദുത്വ കേന്ദ്രങ്ങളിൽ പ്രചരിച്ചു. ലൗ ജിഹാദിന് ഇരയാക്കപ്പെടുന്ന ഹിന്ദു പെൺകുട്ടികളുടെ ദുരവസ്ഥ എന്ന നിലക്കാണ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്.
ആൾട്ട് ന്യൂസിന്റെ അന്വേഷണത്തിലാണ് വീഡിയോ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായത്. റഷ്യൻ സോഷ്യൽ മീഡിയ വെബ്‌സൈറ്റ് വികെയിൽ 2021 ജൂലൈ മുതൽ ഈ ദൃശ്യം കാണാം. യുവതി കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ചെന്നും പിടികൂടിയെന്നും ദൃശ്യത്തിന് അടിക്കുറിപ്പ് എഴുതിയിട്ടുണ്ട്. യുവതിയെ അവരുടെ കുടുംബാംഗങ്ങൾ തന്നെയാണ് മർദിക്കുന്നതെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. യുക്രെയ്നിൽ നിന്നുള്ള ഒരു യുവാവുമായി യുവതി ഇന്റർനെറ്റിൽ കണ്ടുമുട്ടിയെന്നും പ്രണയത്തിലായെന്നും പോസ്റ്റ് പറയുന്നു. യുവതി കാമുകന്റെ അടുത്തേക്ക് ഓടിപ്പോകാൻ ആഗ്രഹിച്ചു. പക്ഷേ അവർക്ക് കഴിഞ്ഞില്ല. ബന്ധുക്കൾ അവളെ ചവിട്ടുകയും അടിക്കുകയും ചെയ്തു. ഇരയുടെ സുഹൃത്താണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതെന്നും പോസ്റ്റിൽ പരാമർശിക്കുന്നു.
മെയ് മാസത്തിൽ സമാനമായ അവകാശവാദവുമായി വീഡിയോ വൈറലായപ്പോൾ, ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ഇരയുടെ സുഹൃത്തുമായി സംസാരിച്ചു. യുവതിയും അവളുടെ കാമുകനും ഒരു മതവിഭാഗത്തിൽനിന്നുതന്നെയുള്ളയാണെന്ന് അതിലൂടെ സ്ഥിരീകരിക്കാനായി. യുവതിയെ അടിക്കുന്നയാൾ അവളുടെ രണ്ടാനച്ഛനാണ്. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പോലെ മറ്റ് പ്രശ്നങ്ങളും ഉൾപ്പെട്ടിരുന്നു.
ചുരുക്കത്തിൽ, കാമുകനോടൊപ്പം ഒളിച്ചോടാൻ ശ്രമിച്ചതിന് റഷ്യയിലെ ഒരു യുവതിയെ അവളുടെ കുടുംബാംഗങ്ങൾ ശാരീരികമായി ഉപദ്രവിക്കുന്ന വീഡിയോ, വീഡിയോ മുസ്ലീങ്ങൾ പീഡിപ്പിക്കുന്ന ഒരു ഹിന്ദു സ്ത്രീയാണെന്ന അവകാശവാദത്തോടെ തെറ്റായി ഷെയർ ചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.