കോഴിക്കോട്: മുടികൊഴിച്ചിലിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. മുടികൊഴിച്ചിലിന് ചികിത്സിച്ച കോഴിക്കോട് നഗരത്തിലുള്ള ഡോക്ടറാണ് തന്റെ മരണത്തിന് ഉത്തരവാദിയാന്ന് കത്തെഴുതിവെച്ചാണ് യുവാവ് ജീവനൊടുക്കിയത്.
കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്താണ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ പ്രശാന്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുക്കുകയായിരുന്നു. ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിവെച്ച ആത്മഹത്യ കുറിപ്പാണ് കണ്ടെത്തിയത്. മുടികൊഴിച്ചിലിനായി ചികിത്സ തേടിയതിനു പിന്നാലെയാണ് തന്റെ മുടി കൊഴിഞ്ഞതെന്നും മരണത്തിന് കാരണം ഡോക്ടറാണെന്നും കുറിപ്പിൽ പറയുന്നു.
'മുടികൊഴിച്ചിലുമായി ഡോക്ടറുടെ അടുത്ത് പോയപ്പോൾ സാധാരണ മുടികൊഴിച്ചിൽ എന്ന് പറഞ്ഞ് ഒഴിവാക്കുന്നതിനു പകരം ആറു മാസത്തേക്ക് ഡോക്ടർ മരുന്ന് തന്നു. എന്നാൽ ഉപയോഗിച്ചതിനു പിന്നാലെ തലയിലുള്ള എല്ലാ മുടിയും മീശയും പുരികവുമുൾപ്പെടെ കൊഴിയാൻ തുടങ്ങി. ഇതിനു പുറമെ തലവേദനയും കണ്ണ് ചൊറിച്ചിലും ഉണ്ടായി. എന്നാൽ, ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടറുടെ അടുത്ത് വീണ്ടും പോയപ്പോൾ അതെല്ലാം നിരസിക്കുകയും പല കാരണങ്ങൾ പറയുകയും ചെയ്തെന്ന് കുറിപ്പില്‍ പറയുന്നു. മരുന്ന് ഉപയോഗിച്ചതിനു ശേഷം ഒരു ദിവസം നിരവധി മുടിയിഴകൾ വേരോടെ കൊഴിയാൻ തുടങ്ങി. ഇതിൽ വലിയ മാനസിക പ്രയാസമാണ് അനുഭവിക്കുന്നത്. തന്റെ വിദ്യാഭ്യാസത്തെ വരെ ഡോക്ടർ ചോദ്യം ചെയ്തു എന്നും തന്റെ മരണത്തിന് കാരണം ആ ഡോക്ടറാണെന്നും യുവാവ് കുറിപ്പിൽ പറയുന്നു.
മ്രുന്നിനെ കുറിച്ച് താൻ ഡോക്ടറോട് പരാതിപ്പെട്ടപ്പോൾ ഡോക്ടർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവാവ് എഴുത്തിൽ പറയുന്നു. നടക്കാവ് പ്രവർത്തിക്കുന്ന ക്ലിനിക്കിലാണ് പ്രശാന്ത് ചികിത്സക്ക് എത്തിയിരുന്നത്. തന്റേത് സാധാരണ മുടികൊഴിച്ചിൽ ആയിട്ടും ഡോക്ടർ അത് പറഞ്ഞില്ലെന്നും വീര്യംകൂടിയ മരുന്ന് നൽകുകയായിരുന്നു എന്നും കുറിപ്പിൽ പറയുന്നു. ജീവിതത്തിൽ ഇന്നുവരെ മദ്യപിച്ചിട്ടില്ലാത്ത താൻ ഒരു ധൈര്യത്തിന് വേണ്ടി മദ്യത്തിന്റെ സഹായത്തോടെ മരിക്കുകയാണെന്നും പ്രശാന്ത് മരണക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.