ഇന്ത്യയിലെ കറന്‍സി നോട്ടുകളില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങള്‍ അച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കറൻസി നോട്ടുകളിൽനിന്ന് ഗാന്ധി ചിത്രം മാറ്റണമെന്നത് ഹിന്ദുത്വവാദികൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. അതേ ആവശ്യമാണ് ആം ആദ്മി അധ്യക്ഷൻ കൂടിയായ കെജ്രിവാൾ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ലക്ഷ്മി ദേവിയും ഗണപതിയും ഇന്ത്യന്‍ പുരാണങ്ങളിലെ സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങളാണെന്ന് കെജ്രിവാള്‍ പറഞ്ഞു. നോട്ടുകളില്‍ ദേവന്റെ ചിത്രമുണ്ടെങ്കില്‍ അത് മംഗളകരമാകുമെന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ അവ സഹായിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ഇതേ സമ്പത്തിൽ ഇന്ത്യൻ കറൻസികൾ സംബന്ധിച്ച് നിരവധി വിവരങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
റിസര്‍വ് ബാങ്ക് അടിച്ചിറക്കുന്ന നോട്ടുകളെക്കുറിച്ച് ഏതാനും വിവരങ്ങളാണ് ഇവിടെ പറയുന്നത്. നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം കണ്ടിട്ടുള്ളവരാണ് നാം എല്ലാവരും. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതായിരുന്നില്ല സാഹചര്യം. ഗാന്ധി ചിത്രം ആദ്യമായി ഇന്ത്യയുടെ നോട്ടുകളില്‍ പ്രത്യക്ഷപ്പെട്ടത് 1969ലാണ്. മഹാത്മാഗാന്ധിയുടെ നൂറാം ജന്മവാര്‍ഷിക ദിനത്തിലാണ് റിസര്‍വ് ബാങ്ക് നോട്ടുകളില്‍ ഗാന്ധി ചിത്രം കൂടി ആലേഖനം ചെയ്യാന്‍ തുടങ്ങിയത്. 1969നു മുമ്പ്, ക്ഷേത്രങ്ങള്‍, ഉപഗ്രഹങ്ങള്‍, അണക്കെട്ടുകള്‍, പ്രസിദ്ധമായ പൂന്തോട്ടങ്ങൾ എന്നിവയൊക്കെയായിരുന്നു ഇന്ത്യന്‍ നോട്ടുകളില്‍ അച്ചടിച്ചിരുന്നത്.
1935ലാണ് ആർ.ബി.ഐ രൂപീകരിച്ചത്. 1938ലാണ് ആദ്യമായി ഒരു രൂപ നോട്ട് രാജ്യത്ത് അച്ചടിക്കുന്നത്. കിംഗ് ജോര്‍ജ്ജ് ആറാമന്‍ ഈ നോട്ടില്‍ പ്രത്യക്ഷപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം ആർ.ബി.ഐ അതിന്റെ ആദ്യ നോട്ട് 1949ല്‍ സ്വാതന്ത്ര്യദിനത്തിന് മൂന്ന് ദിവസം മുമ്പ് അച്ചടിച്ചു. ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭമായിരുന്നു ഈ നോട്ടില്‍ ഉണ്ടായിരുന്നത്. 1969ലാണ് മഹാത്മാഗാന്ധി ഇന്ത്യന്‍ നോട്ടുകളില്‍ പ്രതൃക്ഷപ്പെട്ടു തുടങ്ങുന്നത്.
1950കളിലെ 1,000, 5,000, 10,000 രൂപ നോട്ടുകളില്‍ യഥാക്രമം തഞ്ചാവൂര്‍ ക്ഷേത്രം, ഗേറ്റ്വേ ഓഫ് ഇന്ത്യ, ലയണ്‍ ക്യാപിറ്റല്‍, അശോക ചിഹ്നം എന്നിവ ഉണ്ടായിരുന്നു. പാര്‍ലമെന്റിന്റെയും ബ്രഹ്‌മേശ്വര ക്ഷേത്രത്തിന്റെയും ചിത്രങ്ങളും നോട്ടുകളില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ രണ്ട് രൂപ നോട്ടില്‍ ആര്യഭടന്റെ ചിത്രങ്ങളും കാണപ്പെട്ടിരുന്നു. കൂടാതെ രണ്ടു രൂപ നോട്ടില്‍ ഇന്ത്യയുടെ ആദ്യ ഉപഗ്രഹം, അഞ്ച് രൂപ നോട്ടില്‍ കാര്‍ഷിക ഉപകരണങ്ങള്‍, 10 രൂപ നോട്ടില്‍ മയില്‍, 20 രൂപ നോട്ടില്‍ രഥചക്രം എന്നിവ പിന്നീട് അച്ചടിച്ചു. കറൻസിയിൽ നിന്ന് ഗാന്ധിയെ ഒഴിവാക്കി ബ്രിട്ടീഷ് ഭരണകൂടത്തോട് മാപ്പിരന്ന ഹിന്ദുത്വ നേതാവ് സവർക്കറുടെ ചിത്രം ഉൾപ്പെടുത്തണം എന്നുവരെ അടുത്തിടെ ചില തീവ്ര ഹിന്ദുത്വ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.