ഗുരുഗ്രാം: ഡൽഹിയിലെ ഗുരുഗ്രാമിൽ മദ്യപിച്ച് കാർ സ്റ്റൻഡ് നടത്തിയയാൾ ഒരാളെ ഇടിച്ചു കൊന്നു. ഉദ്യോഗ് വിഹാറിലെ ഒരു മദ്യശാലക്ക് സമീപമാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
സി.സി.ടി.വി ദൃശ്യങ്ങളിൽ 10-12 പേർ മൂന്ന് കാറുകളിലായി പ്രകടനം നടത്തുന്നത് കാണാം. മാരുതി എർട്ടിഗ, ഹ്യുണ്ടായ് വെന്യു, ഹ്യുണ്ടായ് ക്രെറ്റ എന്നീ കാറുകളാണ് സ്റ്റൻഡിന് ഉപയോഗിച്ചത്. മദ്യശാലക്ക് സമീപം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
പരാതി നൽകിയ പരിക്കേറ്റ അന്നു കുമാർ എന്നയാൾ മദ്യശാലയിലെ ജീവനക്കാരനാണ്. റോഡരികിൽ ഉണ്ടായിരുന്നയാളെ ഇടിച്ചിട്ട എർട്ടിഗ കാർ തന്റെയും സുശീലിന്റെയും ദേഹത്തേക്ക് ഓടിക്കയറിയെന്നായിരുന്നു അന്നു കുമാറിന്റെ പരാതി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് തോന്നിക്കുന്ന ഇയാൾ പഴയ സാധനങ്ങൾ ശേഖരിക്കുന്നയാളാണെന്നാണ് കരുതുന്നത്.
സംഭവത്തിൽ ഉദ്യോഗ് വിഹാർ പൊലീസ് എട്ടുപേരെ പൊലസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ കൈവശമുണ്ടായിരുന്ന രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സൗരഭ് ശർമ എന്ന സൈബി, രാഹുൽ, രവി സിങ് എന്ന രവീന്ദർ, വികാസ് എന്ന വിക്കി, മോഹിത്, മുകുൾ സോനി, ലുവ് എന്നിവരെ തിങ്കളാഴ്ച രാവിലെയും അശോക് എന്നയാളെ രാത്രിയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അശോക് ഒഴികെയുള്ളവരെ സിറ്റി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൗരഭ് ശർമയും മുകുൾ സോനിയും ലുവും ട്രാവൽ ഏജൻസിയിൽ പ്രവർത്തിക്കുകയാണ്. രാഹുൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. മോഹിത് അഡീഷണൽ ഡെപ്യൂട്ടി കമീഷണർ ഓഫീസിലെ കമ്പ്യൂട്ടർ ഓപ്പറേറ്റാണ്. രവിയും വികാസും സഹോദരൻമാരാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.