ന്യൂഡൽഹി: ഇന്ത്യയിലെ ബി.ബി.സിയുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് തുടരുമ്പോൾ ഏതാണ്ട് 10 മുതിർന്ന ജീവനക്കാർക്ക് രണ്ട് രാത്രികളിൽ ഓഫിസിൽ തന്നെ കഴിയേണ്ടി വന്നു. 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുള്ള ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ബി.ബി.സിക്കു നേരെ കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടി. റെയ്ഡ് മൂന്നാം ദിവസവും തുടരുകയാണ്.
ഇന്ത്യയിൽ നിന്നുള്ള ലാഭവിഹിതത്തിന് നികുതി അടയ്ക്കുന്നതിൽ നടത്തിയ തിരിമറി കണ്ടെത്താൻ അക്കൗണ്ട് ബുക്കുകൾ, കമ്പ്യൂട്ടറുകൾ, ജീവനക്കാരുടെ മൊബൈലുകൾ എന്നിവയിലെ വിവരങ്ങൾ പകർത്തുന്ന ജോലിയാണ് പുരോഗമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ മാധ്യമപ്രവർത്തകരെയും മറ്റ് ജീവനക്കാരെയും പോകാൻ അനുവദിച്ചെങ്കിലും സാമ്പത്തിക, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരെ വിട്ടില്ല. വാർത്ത വിഭാഗം ജീവനക്കാർ മാത്രമാണ് ഇപ്പോൾ ഓഫിസിൽ എത്തുന്നത്.
ജീവനക്കാർ വീടുകളിൽ നിന്ന് ജോലി തുടരുന്നതിനാൽ ബി.ബി.സിയുടെ പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് ബി.ബി.സിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിൽ റെയ്ഡ് തുടങ്ങിയത്. നടപടിയെ എതിർത്ത് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ രംഗത്തുവന്നിരുന്നു. അതിനിടെ റെയ്ഡുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ബി.ബി.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.