കൊൽക്കത്ത: ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് പത്തുവയസ്സുകാരനെതിരെ ബി.ജെ.പ്രി പ്രവർത്തകന്‍റെ ക്രൂര മർദനം. ബംഗാളിലെ നദിയ ജില്ലയിലെ ഫുലിയയിലാണ് സംഭവം നടന്നതെന്ന് 'ദി ടെലിഗ്രാഫ്' റിപ്പോർട്ട് ചെയ്തു.
നാലാംക്ലാസുകാരനായ മഹാദേവ് ശർമക്കാണ് മർദനമേറ്റത്. അടുത്തിടെ മാതാവ് മരിച്ച ഈ ബാലനെ രണഘട്ട് സബ്ഡിവിഷണൽ ആശുപത്രിയിൽ പരിക്കുകളോടെ പ്രവേശിപ്പിച്ചു. പ്രദേശത്ത് ചായക്കട നടത്തുന്ന മഹാദേബ് പ്രാമാണിക് എന്ന ബി.ജെ.പി പ്രവർത്തകനാണ് മർദിച്ചത്. ബി.ജെ.പി വനിത വിഭാഗം നേതാവായ മിതുപ്രമാണികിന്‍റെ ഭർത്താവ് കൂടിയാണിയാൾ. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു.
സംഭവത്തിൽ പൊലീസ് വിശദീകരണം ഇങ്ങനെ: ''ആക്രമണത്തിനിരയായ ബാലൻ പ്രദേശത്തെ തൃണമൂൽ കോൺഗ്രസ് അനുഭാവിയായ ആശാരിയുടെ മകനാണ്. ചായക്കടക്ക് മുന്നിലൂടെ പോകവേ പ്രാമാണിക് ബാലന്‍റെ അച്ഛനെക്കുറിച്ചും തൃണമൂലിനെക്കുറിച്ചും അസഭ്യം പറഞ്ഞു. തുടർന്ന് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബാലൻ നിരസിച്ചു. ഇതോടെ കുപിതായ പ്രാമാണിക് ബാലനെ മർദിക്കുകയായിരുന്നു''.
നാട്ടുകാർ ഇടപെട്ടാണ് ഒടുവിൽ ബാലനെ രക്ഷപ്പെടുത്തിയത്. ബാലന്‍റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. പോളിങ് ദിവസമായ ഏപ്രിൽ 17ന് പ്രാമാണികും ബാലന്‍റെ അച്ഛനും തമ്മിൽ ചെറുതായി വാഗ്വദമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.