ന്യൂഡൽഹി: ഇന്ത്യയിലെ റോഹിങ്ക്യൻ തടവുകാർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് റിപ്പോർട്ട്. അമേരിക്കൻ സന്നദ്ധ സംഘടനകളായ ‘ദി ആസാദി പ്രോജക്ട്’, ‘റഫ്യൂജീസ് ഇന്റർനാഷനൽ’ എന്നിവ തയാറാക്കിയ റിപ്പോർട്ടിലാണ് കടുത്ത ഭരണഘടനാ ലംഘനങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകളുടെ ലംഘനവും റോഹിങ്ക്യകൾ നേരിടേണ്ടിവരുന്നുവെന്ന കുറ്റപ്പെടുത്തൽ.
യു.എൻ അഭയാർഥി ഹൈകമീഷണറിൽ (യു.എൻ.എച്ച്.സി.ആർ) രജിസ്റ്റർ ചെയ്ത 22,500 റോഹിങ്ക്യകളാണ് ഇന്ത്യയിലുള്ളത്. 676 പേർ ഇവരിൽ തടവറകളിലാണ്. ഇവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഇവർക്ക് നിയമസഹായമോ യു.എൻ.എച്ച്.സി.ആർ പോലുള്ള രാജ്യാന്തര സംഘടനകളുമായി ബന്ധപ്പെടാൻ അവസരമോ തീരെ പരിമിതമാണ്. ഇവരിൽ പലരും ക്രിമിനൽ കുറ്റങ്ങളൊന്നും ചുമത്താതെ ഒരു പതിറ്റാണ്ടിലേറെയായി തടവിൽ കഴിയുന്നു.
ഈ തടവറകളിലെ കുട്ടികൾക്ക് സ്കൂളുകൾ നിഷേധിക്കപ്പെടുന്നു. നടക്കാൻ പോലും പ്രയാസപ്പെടുന്ന വയോധികരാകട്ടെ, ഭക്ഷണത്തിനും മറ്റും സഹതടവുകാരുടെ കാരുണ്യത്തിനായി കാത്തുനിൽക്കേണ്ട അവസ്ഥയുമാണ്. കുഞ്ഞുനാളിൽ ജയിലിലടക്കപ്പെട്ട് ഒരിക്കലും പുറംലോകം കാണാനാകാത്ത കുട്ടികൾ പോലുമുണ്ട്. ആണും പെണ്ണും വേർതിരിക്കപ്പെട്ടും പ്രായമെത്തിയ കുട്ടികൾ മാതാപിതാക്കളിൽനിന്ന് മാറ്റിനിർത്തിയുമാണ് തടവിൽ തുടരുന്നത്. ഇത് കടുത്ത നിയമലംഘനമാണ്. റോഹിങ്ക്യകൾക്ക് മാന്യമായ അഭയം അനുവദിക്കണമെന്നും പ്രായം ചെന്നവരെ മോചിപ്പിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.